കുലുക്കമില്ലാതെ യാത്ര ചെയ്യാം, എസ്‌യുവിയിൽ കിട്ടാത്ത യാത്ര സുഖവുമായി മാരുതിയുടെ പുത്തൻ കാർ വരുന്നു
എസ്‌യുവികളുടെ വരവോടെ ആകെ പെട്ടുപോയ മോഡലുകളാണ് സെഡാനുകൾ (Sedan). പണ്ട് കാർ വാങ്ങുന്നേൽ അത് സെഡാനായിരിക്കണമെന്നായിരുന്നു ഇന്ത്യക്കാർ ഉൾപ്പടെയുള്ളവരുടെ ചിന്താഗതി തന്നെ. ഗംഭീര യാത്ര സുഖവും ലഗേജ് കയറ്റാൻ ഇഷ്‌ടം പോലെ സ്ഥലവുമെല്ലാം ഇവയെ പകരക്കാരില്ലാത്തവരാക്കി. ഇന്നും ഈ കാര്യങ്ങളെല്ലാം അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും ആളുകളെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെയാണ്. എങ്കിലും കോംപാക്‌ട് സെഡാനുകൾക്ക് ഇന്നും ആവശ്യക്കാരുണ്ടെന്നത് കമ്പനികൾക്കെല്ലാം ആശ്വാസം നൽകുന്ന കാര്യമാണ്. മാരുതി ഡിസയറും (Maruti Dzire) ഹോണ്ട അമേസുമെല്ലാം (Honda Amaze) മോശമാക്കതെ തന്നെ പണംവാരുന്നവരാണ്.
പുതുതലമുറ സ്വിഫ്റ്റിന് പിന്നാലെ ഇന്ത്യ കീഴടക്കാൻ മാരുതി സുസുക്കിയുടെ പുത്തൻ ഡിസയറും എത്തുന്നത് കാത്തിരിക്കുന്നവരും ഏറെയാണ്. നിലവിൽ അവസാനവട്ട പരീക്ഷണയോട്ടത്തിലുള്ള വാഹനം ഉത്സവ സീസണിനോട് അനുബന്ധിച്ച് വിപണിയിലേക്ക് എത്തുമെന്നാണ് അഭ്യൂഹങ്ങൾ. ഇതിന്റെ ഭാഗമായിതാ ഡിസയറിന്റെ ആദ്യ ടീസർ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി.

"ദി ബെസ്റ്റ് ഈസ് ജസ്റ്റ് ദി ബിഗിനിംഗ്" എന്ന അടിക്കുറിപ്പോടെയാണ് കാറിന്റെ ആദ്യ ടീസർ മാരുതി പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ പുതുതലമുറയിലേക്ക് ചേക്കേറുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. വരാനിരിക്കുന്ന പുത്തൻ ഡിസയറിന് പുതുമയാർന്ന ലൈറ്റിംഗ് ഘടകങ്ങളും തിരശ്ചീന സ്ലാട്ടുകളുള്ള പുതിയ ഗ്രില്ലും പുതുക്കിയ ബോണറ്റും വരെ ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
പുതിയ ഡിസയറിന് (New-Gen Maruti Dzire) കൂടുതൽ കരുത്തുറ്റ എസ്‌യുവി സ്റ്റൈലിംഗും ഉണ്ടായിരിക്കുമെന്നാണ് വിവരം. ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും പകരം എസ്‌യുവികൾ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്ന സമയത്ത് ഈ സമീപനം പ്രയോജനകരമായേക്കുമെന്നാണ് കരുതുന്നത്. മാരുതിക്ക് വിപണിയുടെ പൾസറിയാമെന്നതിനാൽ ഇക്കാര്യത്തിൽ ഉപദേശങ്ങളൊന്നും വേണ്ട.

ആയതിനാൽ പുത്തൻ ഡിസയറിന് ആധുനിക കാലത്തിനൊത്ത മാറ്റങ്ങളെല്ലാം കമ്പനി കൊടുത്തേക്കും. സ്‌പോർട്ടിയായ പുതിയ അലോയ് വീലുകളും ഷാർപ്പ് ബോഡി പാനലുകളും ഉപയോഗിച്ച് ഡിസയറിന്റെ വശക്കാഴ്ച്ചയും കിടിലമാക്കാനാണ് പദ്ധതി. ക്രോം വിൻഡോ ഗാർണിഷ്, ബോഡി കളർ ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്-ഔട്ട് ബി പില്ലർ എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകൾ. പിന്നിൽ കണക്റ്റഡ് ടെയിൽ ലാമ്പുകളും കോംപാക്‌ട് സെഡാന് സമ്മാനിക്കും.
ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സൺറൂഫായിരിക്കും മാരുതി ഡിസയറിൽ വിസ്‌മയിക്കുന്നൊരു ഫീച്ചർ. ആളുകൾ എല്ലാ കാറിലും പ്രതീക്ഷിക്കുന്ന സൺറൂഫിന്റെ വരവോടെ ഡിസയറിന് ഫാൻസ് കൂടുമെന്നതിലും സംശയമൊന്നും വേണ്ട. ഈ നീക്കം സെഡാൻ്റെ വിൽപ്പന സാധ്യതകൾ മെച്ചപ്പെടുത്തുകയും കാറിന്റെ പ്രീമിയം ആകർഷണം വർധിക്കുകയും ചെയ്യും. ഇതിൽ അകത്തളത്തെ ഒതുക്കില്ല. മറ്റ് കിടിലൻ സവിശേഷതകളുടെ ആറാട്ടും വണ്ടിയിലുണ്ടാവും.

ഡാഷ്‌ബോർഡ് ലേഔട്ട് പുതിയ തലമുറ സ്വിഫ്റ്റിൽ നിന്ന് കടമെടുക്കും. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, ലെതർ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, എഞ്ചിൻ പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, സ്‌മാർട്ട് കീ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, റിയർ എസി, ടൈപ്പ് എ, ടൈപ്പ് സി യുഎസ്ബി പോർട്ടുകൾ എന്നിവയെല്ലാം ഡിസയറിന്റെ ഇന്റീരിയറിനെ കിടിലമാക്കും.
ഇതുകൂടാതെ പുതിയ മാരുതി ഡിസയറിന് 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ സജ്ജീകരണവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറായിരിക്കും. പുതിയ സ്വിഫ്റ്റ് പോലെ സെഡാന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, വൈഡ് ആംഗിൾ റിയർ പാർക്കിംഗ് ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ടാവും.
സ്വിഫ്റ്റിലുള്ള അതേ 1.2 ലിറ്റർ 3-സിലിണ്ടർ Z-സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും പുതുതലമുറ മാരുതി ഡിസയറിനും തുടിപ്പേകുക. നിലവിലെ കെ-സീരീസ് 4-സിലിണ്ടർ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പെർഫോമൻസ് കുറവായിരിക്കുമെങ്കിലും പുതിയ എഞ്ചിന് 24.5 കി.മീ/ലി വരെ ഇന്ധനക്ഷമതയുണ്ടെന്നാണ് കമ്പനി പറയുന്നത്. 82 bhp പവറിൽ പരമാവധി 108 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പുതിയ ഹൃദയം.
ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിൽ ഹ്യുണ്ടായി ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ എന്നിവയോട് തന്നെയായിരിക്കും പുതിയ മാരുതി സുസുക്കി ഡിസയർ മത്സരിക്കുക. ഒപ്പം ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള എസ്‌യുവികളോടും ഡിസയറിന് മല്ലടിക്കേണ്ടി വരും. മാരുതിയുടെ പുത്തൻ കാറിന് ഏകദേശം 7.50 ലക്ഷം മുതലായിരിക്കും എക്സ്ഷോറൂം വില വരിക.


Click it and Unblock the Notifications








