ടൊയോട്ടയ്ക്ക് പൂട്ടിടും, അൽപം കാത്തിരുന്നാൽ പുതിയ 7-സീറ്റർ എസ്‌യുവി തരാമെന്ന് സ്കോഡ
പുത്തൻ കാറുകളിലൂടെ ഇന്ത്യയിലെ പ്രതിഛായ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് സ്കോഡ (Skoda). പണ്ട് ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ കാര്യം പറഞ്ഞ് പലരും മുഖംതിരിച്ചു നിന്നവരെല്ലാം ഇന്ന് സ്കോഡ ഫാൻസാണ്. കുഷാഖിലൂടെയും (Kushaq) സ്ലാവിയയിലൂടെയും (Slavia) ചീത്തപ്പേരുകളെല്ലാം കഴുകിക്കളഞ്ഞ് ഇപ്പോൾ ജനപ്രിയനായി തിളങ്ങി നിൽക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ്. എല്ലാത്തിനും സഹായിച്ചതാവട്ടെ മാതൃകമ്പനിയായ ഫോക്‌സ്‌വാഗണുമായി (Volkswagen) സഹകരിച്ച് തയാറായാക്കിയ ഇന്ത്യ 2.0 പദ്ധതിയാണ്. ഇന്ന് കൃത്യമായ ഐഡികളുമായി മുമ്പോട്ടുപോവുന്ന ബ്രാൻഡ് പുതിയ വാഹനങ്ങളുടെ വലിയൊരു നിര തന്നെയാണ് അവതരിപ്പിക്കാൻ പോവുന്നതും.
ഇതിൽ ഒരു 7-സീറ്റർ എസ്‌യുവിയും ഉണ്ടാവുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അതൊരു പുത്തൻ മോഡൽ അല്ല കേട്ടോ. കൊഡിയാക്കിന്റെ പുതുതലമുറ ആവർത്തനമായിരിക്കും ഇതെന്ന് മാത്രം. ഈ വർഷം എത്തിയേക്കുമെന്ന് കരുതിയിരുന്ന ടൊയോട്ട ഫോർച്യൂണറിന്റെ എതിരാളിയുടെ വരവ് അൽപം വൈകിയേക്കും. അടുത്ത വർഷം മധ്യത്തോടെ ആയിരിക്കും സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ രണ്ടാം തലമുറയെ ഇന്ത്യയിൽ അവതരിപ്പിക്കുക.

ഇത്രയും കാലതാമസം വരാൻ കാരണമാവുന്നത് കംപ്ലീറ്റ്ലി നോക്ക്ഡ് ഡൌൺ (CKD) യൂണിറ്റായി അവതരിപ്പിക്കുന്നതിനാലാണ്. പൂർണമായും ഇറക്കുമതി ചെയ്‌താൽ വില ഇനിയും ഉയരുകയും ചെയ്യും. അതിനാലാണ് പാർട്‌സുകൾ അസംബിൾ ചെയ്‌ത് പുതിയ കൊഡിയാക്കിനെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. CBU വാഹനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് എളുപ്പമാണെന്നും എന്നാൽ പാർട്‌സുകളും ഘടകങ്ങളും ആവശ്യമുള്ളതിനാൽ അത് പ്രായോഗികമല്ലെന്നാണ് സ്കോഡയുടെ വശം.
ഏഴ് വർഷം മുമ്പ് ഇവിടെ ആദ്യമായി പുറത്തിറക്കിയ ഫസ്റ്റ്-ജെൻ കൊഡിയാക്കിന്റെ സ്റ്റോക്കുകൾ വിറ്റുതീർന്നതിന് ശേഷം മാത്രമായിരിക്കും പുതുതലമുറ മോഡൽ വരിക. ഫസ്റ്റ്-ജെൻ മോഡലിൻ്റെ ഘട്ടം ഘട്ടമായി നിർത്തലാക്കിയതിനു ശേഷം കൊണ്ടുവരുമ്പോൾ സംഗതി ഉഷാറാവുമെന്നാണ് സ്കോഡയുടെ കണക്കുകൂട്ടൽ. 7-സീറ്റർ വാഹനങ്ങൾക്ക് ഡിമാന്റ് ഏറി വരുന്ന സാഹചര്യത്തിൽ കൊഡിയാക്കിനെ പരിഷ്ക്കരിക്കുന്നത് എന്തായാലും ബ്രാൻഡിന് ഗുണകരമാവും.

പരിമിതമായ സംഖ്യകളിൽ മാത്രം വിപണനം ചെയ്യുന്ന സ്കോഡ കൊഡിയാക് ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ പോലുള്ള ഫുൾ-സൈസ് എസ്‌യുവികൾ അരങ്ങുവാഴുന്ന സെഗ്മെന്റിലാണ് മത്സരിക്കുന്നത്. ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്യുന്നതിനാൽ അന്തർദ്ദേശീയ മോഡലിന് സമാനമായ മാറ്റങ്ങൾ തന്നെ ഇന്ത്യയിൽ എത്തുമ്പോഴും പ്രതീക്ഷിക്കാം. വില അൽപം കൂടുതലാണെങ്കിലും പ്രീമിയം കസ്റ്റമേഴ്‌സിനെ തൃപ്തിപ്പെടുക്കാനും കമ്പനിക്കാവും.
ഇനി പുതുതലമുറ മോഡലിന്റെ മാറ്റങ്ങളിലേക്ക് വന്നാൽ ആദ്യ നോട്ടത്തിൽ ഡിസൈനും മറ്റും മുൻഗാമിക്ക് സമാനമായി തോന്നിയേക്കാമെങ്കിലും പുതിയ കൊഡിയാക് പൂർണമായും വേഷംമാറിയിട്ടുണ്ട്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ MQB EVO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നതിനാൽ പുതിയ കൊഡിയാകിന് നിലവിലെ മോഡലിനേക്കാൾ അധികമായി 61 mm നീളമുണ്ട്. പുതിയ 'മോഡേൺ സോളിഡ്' ഡിസൈൻ ഫിലോസഫി വണ്ടിയെ മൊത്തത്തിൽ കളറാക്കുന്നുണ്ട്.

എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകളുള്ള ക്വാഡ്-ഹെഡ്‌ലൈറ്റ്, സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, വിശാലമായ സെൻട്രൽ എയർ ഇൻടേക്കുകൾ, ഫ്രണ്ട് ബമ്പറിൻ്റെ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന C ആകൃതിയിലുള്ള എയർ കർട്ടനുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, പുതിയ ക്വാർട്ടർ ഗ്ലാസ് ഏരിയ, റാപ്പ്റൗണ്ട് ടെയിൽലാമ്പുകൾ തുടങ്ങിയവയെല്ലാമാണ് പുത്തൻ സ്കോഡ കൊഡിയാക് 7-സീറ്റർ എസ്‌യുവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ.
യൂറോപ്പിൽ വിൽക്കുന്ന മോഡലിന് സമാനമായ ഫീച്ചറുകളായിരിക്കും ഇന്ത്യ-സ്പെക്ക് കൊഡിയാക്കിനും ലഭിക്കുകയെന്നാണ് വിവരം. 13 ഇഞ്ച്, ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ, മൂന്ന് പുതിയ ഫിസിക്കൽ 'സ്മാർട്ട് ഡയലുകൾ' ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, രണ്ട് റോട്ടറി നോബുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മസാജ് സീറ്റുകൾ, നാല് USB-C ചാർജിംഗ് പോർട്ടുകൾ, 14-സ്പീക്കർ കാൻ്റൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് പോർട്ട് പോലുള്ള സവിശേഷതകളാൽ സമ്പന്നമായ ഇന്റീരിയറും എസ്‌യുവിയിലുണ്ടാവും.
നിലവിലെ മോഡലിൻ്റെ അതേ എഞ്ചിൻ ഓപ്ഷൻ തന്നെയാവും വരാനിരിക്കുന്ന പുതുതലമുറ മോഡലിലും ഉണ്ടായിരിക്കുകയെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ, ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 188 bhp കരുത്തിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഫോർവീൽ ഡ്രൈവ് സിസ്റ്റവും എസ്‌യുവിയിലുണ്ടാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








