ടൊയോട്ടയുടെ 25 കി.മീ. മൈലേജുള്ള കാറിനെ തീർക്കണം ആളാവണം! സ്കോഡയുടെ യാത്രാ സുഖമുള്ള വണ്ടി ജനുവരിയിൽ
ഒരുകാലത്ത് സെഡാനുകളിലൂടെ രാജ്യം വെട്ടിപ്പിടിച്ചവരാണ് ചെക്ക്റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ് തുടങ്ങിയ തട്ടുപൊളിപ്പൻ മോഡലുകളാണ് ബ്രാൻഡ് നിരയിൽ നിന്നും നിരത്തുകളെ ഭരിക്കാനെത്തിയത്. അക്കാലത്ത് പാവങ്ങളുടെ ബെൻസ് എന്ന രീതിയിലും സ്കോഡ വിശേഷങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി. ഒടുക്കത്തെ യാത്രാ സുഖവും അതിനൊത്ത പെർഫോമൻസുമെല്ലാമാണ് ഒക്‌ടാവിയ പോലുള്ള കാറുകളെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. എന്നാൽ അതിനിടയിൽ മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ കമ്പനി ചില ചീത്തപ്പേരുകൾ കേൾക്കാനും തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. അങ്ങനെ കാശുള്ളവർക്ക് മാത്രമുള്ള ബ്രാൻഡായി ഒരു വിഭാഗം സ്കോഡയെ മുദ്രകുത്തുകയും ചെയ്‌തു.
പക്ഷേ ഇതിലൊന്നും തളരാതിരുന്ന കമ്പനി ഇന്ത്യക്കായി പ്രൊജക്‌ട് 2.0 പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്‌തു. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന കുഷാഖ് എസ്‌യുവിയും സ്ലാവിയ പ്രീമിയം സെഡാനും കളത്തിലിറക്കിയതോടെ നഷ്‌ടപ്പെട്ട ഇമേജ് സ്കോഡ തിരികെ പിടിച്ചു. ഇപ്പോൾ കൈലാക് എന്ന സബ്-4 മീറ്റർ എസ്‌യുവിയെ കൂടി അവതരിപ്പിച്ച് ജനകീയനായി മാറിയിരിക്കുകയാണ് കമ്പനി. വരാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌പോയിൽ സജീവമായിരിക്കും സ്കോഡ.

ഇതിന്റെ ഭാഗമായി പുത്തൻ കൊഡിയാക് എസ്‌യുവി, ഒക്‌ടാവിയ RS തുടങ്ങിയ മോഡലുകളും സ്കോഡ അവതരിപ്പിക്കുമെന്നാണ് വിവരം. ഇതുകൂടാതെ എക്‌സിക്യൂട്ടീവ് സെഡാനായ സൂപ്പർബിന്റെ പുതുമോഡലിനെയും കൊണ്ടുവരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സ്കോഡയിപ്പോൾ. മെർസിഡീസ് ബെൻസിന്റേയും ബിഎംഡബ്ല്യുവിന്റേയും എല്ലാം എൻട്രി ലെവൽ മോഡലുകളുടെ വിൽപ്പന പിടിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ലക്ഷ്യം.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പുതിയ കൊഡിയാക്, ഒക്ടാവിയ RS എന്നിവയ്‌ക്കൊപ്പം ഇന്ത്യയിൽ നാലാംതലമുറ സൂപ്പർബിനേയും ആദ്യമായി പ്രദർശിപ്പിക്കുന്ന വാർത്ത സന്തോഷത്തോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2023 അവസാനത്തോടെയാണ് വാഹനത്തിന്റെ പുതുതലമുറ ആവർത്തനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ സൂപ്പർബ് അതിൻ്റെ മുൻഗാമിയേക്കാൾ കൂടുതൽ സ്റ്റൈലിഷാണെന്നതിൽ സംശയമൊന്നും വേണ്ട.

കൂടാതെ പരമ്പരാഗത സ്കോഡ സിഗ്നേച്ചർ സ്റ്റൈലിംഗ് മിശ്രണവും കാണാനാവും. ബ്രാൻഡിൻ്റെ മോഡേൺ സോളിഡ് ഡിസൈൻ ഭാഷയിൽ എക്സിക്യൂട്ടീവ് സെഡാൻ ആളാകെ മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. സ്‌കോഡയുടെ സിഗ്നേച്ചർ ഗ്രിൽ, 2D ലോഗോ, രണ്ട് വശങ്ങളിലായി ബൈ-എൽഇഡി മൊഡ്യൂളുകളുള്ള പുതിയ എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് കാറിന്റെ മുൻവശത്തിന് അഴകേകുന്നത്.
ഗ്രില്ലിന് ചുറ്റുമായി സവിശേഷമായ ഡാർക്ക് ക്രോം സറൗണ്ട് നൽകിയിരിക്കുന്നതും കിടിലമാണ്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും മികവ് പുലർത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയിൽ പണിതിരിക്കുന്ന അകത്തളം രാജകീയ യാത്രയാണ് സമ്മാനിക്കുക. അതിനായി വേണ്ടുന്ന ഫീച്ചറുകളും സംവിധാനങ്ങളുമെല്ലാം കമ്പനി കോർത്തിണക്കിയിട്ടുണ്ട്.

പുതിയ കൊഡിയാകിൽ കാണുന്നതുപോലെ പുതിയ സൂപ്പർബിന് ഡാഷ്‌ബോർഡിൽ 'സ്‌മാർട്ട് ഡയൽ' കൺട്രോളുകൾ ലഭിക്കുന്നുണ്ട്. ഉപയോക്തൃ മുൻഗണനകൾ അനുസരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ഈ നിയന്ത്രണങ്ങൾ കസ്റ്റമൈസ് ചെയ്യാനും സാധിക്കും. വലിയ 12.9 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം പുലർത്തുന്നത്. ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ മനോഹരമായി ഒരുക്കാനും സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്.
റിയർ എസി വെന്റുകൾ, യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, ആംബിയന്റ് ലൈറ്റിംഗ്, ലെവൽ-2 ADAS, പാർക്ക് അസിസ്റ്റ്, 10 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ പ്രോഗ്രാം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ, അത്യാഹിത സാഹചര്യങ്ങളിൽ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന എമർജൻസി അസിസ്റ്റ് പ്രോഗ്രാം എന്നീ ഫീച്ചറുകളെല്ലാം കോർത്തിണക്കിയാവും സൂപ്പർബ് കടന്നുവരിക.
വിപണിയെ ആശ്രയിച്ച് ഒന്നിലധികം പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സൂപ്പർബ് വരുന്നത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാവും വാഹനത്തിന് തുടിപ്പേകാൻ എത്തുകയെന്നാണ് വിവരം. 201 bhp പവറിൽ 330 Nm torque ഉത്പാദിപ്പിക്കുന്ന യൂണിറ്റ് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി ജോടിയാക്കും.
കഴിഞ്ഞ വർഷം പൂർണ ഇറക്കുമതിയായി അവതരിപ്പിച്ച നിലവിലെ സൂപ്പർബ് പോലെ പുതുതലമുറ ആവർത്തനവും CBU യൂണിറ്റായിട്ടാവും ഇന്ത്യയിലെത്തുക. സൂപ്പർബിൻ്റെ ഉത്പാദന കേന്ദ്രം ചെക്കിയയിലെ ക്വാസിനിയിൽ നിന്ന് സ്ലോവാക്യയിലെ ബ്രാറ്റിസ്ലാവയിലുള്ള വിഡബ്ല്യു ഗ്രൂപ്പിൻ്റെ പ്ലാൻ്റിലേക്ക് മാറ്റിയതാണ് ഇതിന്റെ പ്രധാന കാരണം. വില നോക്കുമ്പോൾ ഹ്യുണ്ടായി ട്യൂസോൺ, BYD അറ്റോ3, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, ടൊയോട്ട കാമ്രി ഹൈബ്രിഡ് തുടങ്ങിയ വമ്പൻമാരോടാവും മത്സരിക്കേണ്ടി വരിക.


Click it and Unblock the Notifications








