ഇന്ത്യക്കാരുടെ പള്‍സറിഞ്ഞ് കളി തുടങ്ങി സ്‌കോഡ! വലിയ ഫാമിലികള്‍ക്കായി പുതിയ 7 സീറ്റര്‍ എസ്‌യുവി വരുന്നു
ഇന്ത്യന്‍ വിപണിയെടുത്താല്‍ സമീപകാലത്തായി 7 സീറ്റര്‍ കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണ്. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായി മാറിയത് മാരുതി എര്‍ട്ടിഗയാണ്. ഇത് ഒരു 7 സീറ്റര്‍ എംപിവിയാണ്. എംപിവി ആയാലും എസ്‌യുവി ആയാലും 7 സീറ്റര്‍ ഓപ്ഷനുള്ള കാറുകള്‍ തേടി ഉപഭോക്താക്കള്‍ എത്തുന്നതയായാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചില ഹിറ്റ് മോഡലുകളുടെ 7 സീറ്റര്‍ പതിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെയും ടൊയോട്ട ഹൈറൈഡറിന്റെയും മൂന്ന് വരി പതിപ്പുകള്‍ വരാന്‍ പോകുന്ന വിവരം നിങ്ങള്‍ നേരത്തെ അറിഞ്ഞുകാണും.
ഇപ്പോള്‍ ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡായ സ്‌കോഡ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ കുഷാഖിന്റെ 7 സീറ്റര്‍ പതിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ചെക്ക് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഈ മിഡ്‌സൈസ് എസ്‌യുവി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴില്‍ വന്ന ഈ കാര്‍ മികച്ച വില്‍പ്പനയാണ് ആസ്വദിക്കുന്നത്.

ഇന്ത്യയില്‍ വേരൂന്നാന്‍ ലക്ഷ്യമിടുന്ന സ്‌കോഡ സാധാരണക്കാരെ കൂടെക്കൂട്ടാനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൈലാക്ക് എന്ന പുത്തന്‍ മോഡല്‍ പുറത്തിറക്കിയത്. 7.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വന്ന ഈ സബ് 4 മീറ്റര്‍ എസ്‌യുവി ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്ന് ഒത്തിരി ഉപഭോക്താക്കളെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ കൂടെ തന്നെ വലിയ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കുഷാഖിന്റെ 7 സീറ്റര്‍ പതിപ്പ് കൊണ്ടുവരാന്‍ പോകുന്നത്.
നിലവില്‍ കൊഡിയാക് എന്ന 7 സീറ്റര്‍ മോഡല്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ടെങ്കിലും അത് വലിപ്പം കൂടിയ പ്രീമിയം മോഡലാണ്. നിലവില്‍ സ്‌കോഡ കുഷാഖിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. അധികം വൈകാതെ തന്നെ 2027-ല്‍ എസ്‌യുവിക്ക് തലമുറ മാറ്റം സംഭവിക്കും. പുതിയ തലമുറ സ്‌കോഡ കുഷാഖിന്റെ കൂടെ 7 സീറ്റര്‍ പതിപ്പും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കൈലാക്കിന്റെ വരവ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്ന ഒരു മോഡല്‍ കൂടെപ്പിറപ്പായ കുഷാഖിന്റെ തന്നെയാകും. അങ്ങനെ വരുമ്പോള്‍ വില്‍പ്പന താഴെ പോകാതിരിക്കാന്‍ മൂന്ന് വരി പതിപ്പിന്റെ വരവ് ഗുണകരമായേക്കും. മൂന്ന് വരി സീറ്റിംഗ് ലേഔട്ട് ഉള്‍ക്കൊള്ളിക്കാനായി പുതിയ കുഷാഖ് MQB AO 37 എന്ന പുതിയ പ്ലാറ്റ്‌മോലായിരിക്കും പണികഴിപ്പിക്കുക.
കുഷാഖ് ഒരു കോംപാക്ട് എസ്‌യുവിയായതിനാല്‍ നിലവിലെ പ്ലാറ്റ്‌ഫോമില്‍ ഒരു വരി സീറ്റ് കൂടി ഉള്‍ക്കൊള്ളിക്കുന്നത് വെല്ലുവിളിയായതിനാലാണ് പുതിയ തലമുറ മോഡലില്‍ ഈ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നിലവില്‍ എംജി മോട്ടോര്‍ ഇന്ത്യ, കിയ, ഹ്യുണ്ടായി, മഹീന്ദ്ര, ജീപ്പ് എന്നീ ബ്രാന്‍ഡുകള്‍ 7 സീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ സജീവമാണ്. ഈ ഒരു വിഭാഗത്തിലേക്ക് സ്‌കോഡ് കൂടി എത്തുന്നതോടെ രംഗം കൊഴുക്കും.

പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ തങ്ങളുടെ ഡസ്റ്റര്‍ എസ്‌യുവി ഉടന്‍ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ പോകുകയാണ്. കേരളത്തിലെ നിരത്തുകളില്‍ ഇതിന്റെ പരീക്ഷണയോട്ടം സജീവമായി നടക്കുന്നുണ്ട്. ഡാസിയ ബിഗ്‌സ്റ്റര്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഡസ്റ്ററിന്റെ 7 സീറ്റര്‍ പതിപ്പും വരുന്നുണ്ട്. ഏതായാലും കുഷാഖിന്റെ 7 സീറ്റര്‍ പതിപ്പ് വരുമ്പോള്‍ പൊടിപാറുന്ന മത്സരമാണ് കാത്തിരിക്കുന്നത്.
ആകര്‍ഷകമായ ഡിസൈന്‍, ഫീച്ചര്‍ റിച്ചായ ക്യാബിന്‍, 5 സ്റ്റാര്‍ സേഫ്റ്റി എന്നിവ കാരണം 5 സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍ ഇതിനോടകം ജനപ്രിയമാണ്. കൈലാക്കിലൂടെ ഇന്ത്യക്കാരുടെ പള്‍സ് അറിഞ്ഞ് കൊണ്ടുള്ള വില നിര്‍ണയം നടത്തിയ സ്‌കോഡ ഭാവി വാഹനങ്ങളിലും ട്രെന്‍ഡ് തുടര്‍ന്നാല്‍ എതിരാളികള്‍ നന്നായി വിയര്‍ക്കും. പുതിയ കുഷാഖിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ ബ്രാന്‍ഡ് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








