ഈ വിലയ്ക്ക് ഇതുപോലൊരു കാർ വാങ്ങാൻ കിട്ടില്ല, i10 നിയോസിന് പുത്തൻ വേരിയന്റുമായി ഹ്യുണ്ടായി
ഇന്ത്യയിൽ ചെറിയ വിലയ്ക്ക് പോലും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ കിട്ടാൻ തുടങ്ങിയതോടെ പരുങ്ങലിലായവരാണ് ഹാച്ച്ബാക്കുകൾ. പക്ഷേ സാധാരണക്കാരുടെ ആദ്യ ചോയ്‌സ് ഹാച്ചുകൾ തന്നെയാണെന്നതാണ് ഇവരെ ഇന്നും വിപണിയിൽ പിടിച്ചു നിർത്തുന്ന ഘടകം. താങ്ങാനാവുന്ന വില, യാത്രാ സുഖം, കുറഞ്ഞ മെയിന്റനെൻസ്, ഉപയോഗിക്കാനുള്ള എളുപ്പം പോലുള്ള കാര്യങ്ങളാണ് ഹാച്ച്ബാക്കുകളെ ജനപ്രിയരാക്കി നിർത്തുന്ന കാര്യം.
ഇന്നും ഈ കാര്യങ്ങളെല്ലാം തുടർന്നും ലഭ്യമാവുമ്പോൾ ഒഴുക്കിനൊപ്പം നീന്താൻ വാഹന നിർമാതാക്കളും ശ്രമിക്കുന്നുണ്ട്. എങ്കിലും ഹാച്ച്ബാക്കുകളുടെ സ്വീകാര്യത കണക്കിലെടുക്കുമ്പോൾ എസ്‌യുവികൾക്കൊപ്പം പിടിച്ചു നിൽക്കാനുള്ള എല്ലാത്തരം ഫീച്ചറുകളും സൌകര്യങ്ങളും ഇവയ്ക്ക് അതത് കമ്പനികൾ നൽകാറുമുണ്ട്. മാരുതി സുസുക്കി (Maruti Suzuki), ഹ്യുണ്ടായി (Hyundai) പോലുള്ളവരാണ് ഇക്കാര്യത്തിൽ മിടുക്കൻമാർ.

സാൻട്രോയിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്ത ഹ്യുണ്ടായി ഇപ്പോൾ രാജ്യത്ത് i10, i10 എന്നീ രണ്ട് ഹാച്ച്ബാക്കുകൾ മാത്രമാണ് വിപണനത്തിന് എത്തിക്കുന്നത്. മൈക്രോ എസ്‌യുവികളുടെ വരവോടെ അൽപം പിന്നാക്കം പോയ ഗ്രാൻഡ് i10 നിയോസിനെ വീണ്ടും ജനപ്രിയനാക്കായുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി ഇപ്പോൾ. അതിന്റെ ഭാഗമായി കാറിലേക്ക് പുത്തൻ വേരിയന്റിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
കോർപ്പറേറ്റ് എന്ന് വിളിക്കുന്ന ഗ്രാൻഡ് i10 നിയോസിന്റെ പുത്തൻ വേരിയന്റിന്റെ മാനുവൽ പതിപ്പിന് 6.93 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം എഎംടി ഗിയർബോക്‌സ് പതിപ്പിന് 7.58 ലക്ഷം രൂപയാണ് വില വരുന്നത്. മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും ഏഴ് വർഷം വരെ എക്സ്റ്റൻഡഡ് വാറണ്ടിയും ഹ്യുണ്ടായി കാറിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ആളുകളെ ആകർഷിക്കുന്ന കാര്യമാണ്.

മുടക്കുന്ന വിലയ്ക്കുള്ള എല്ലാത്തരം മോഡേൺ ഫീച്ചറുകളും ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് വേരിയന്റിൽ ഉണ്ടെന്ന് ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്. യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള നാല് സ്പീക്കറുകൾ, 17.14 സെൻ്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 15 ഇഞ്ച് ഡ്യുവൽ-ടോൺ സ്റ്റൈൽ സ്റ്റീൽ വീലുകൾ, പുതിയ ആമസോൺ ഗ്രേ കളർ ഓപ്ഷൻ എന്നിവയാണ് ഹാച്ചിൽ ലഭിക്കുക.
ORVM-കൾക്കുള്ള ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ്, ഡ്രൈവർ വിൻഡോയ്‌ക്കായി ഓട്ടോ അപ്പ്-ഡൗൺ, റിയർ എസി വെൻ്റുകൾ, ഫാസ്റ്റ് യുഎസ്ബി ടൈപ്പ് സി ചാർജർ, പാസഞ്ചർ വാനിറ്റി മിറർ, റിയർ പവർ ഔട്ട്‌ലെറ്റ് എന്നിവയും കാറിലെ മറ്റ് പ്രധാന ഫീച്ചറുകളാണ്. കാഴ്ച്ചയിൽ പെട്ടന്ന് തിരിച്ചറിയാനായി ടെയിൽഗേറ്റിൽ ഒരു 'കോർപ്പറേറ്റ്' എംബ്ലം കൂടി ഹ്യുണ്ടായി സമ്മാനിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഏറ്റവും പുതിയ ആമസോൺ ഗ്രേ ഓപ്ഷൻ കൂടാതെ അറ്റ്ലസ് വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ടീൽ ബ്ലൂ, ഫിയറി റെഡ്, സ്പാർക്ക് ഗ്രീൻ കളർ ഓപ്ഷനുകളിലും ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് വേരിയന്റ് തെരഞ്ഞെടുക്കാം. സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ TPMS, 6 എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഡേ-നൈറ്റ് IRVM, ഇബിഡിയുള്ള എബിഎസ്, സെൻട്രൽ ലോക്കിംഗ്, ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക് എന്നിവയെല്ലാമാണ് മോഡലിൽ ലഭിക്കുക.
ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷന് കരുത്തേകുന്നത് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഇത് ഏകദേശം 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് പുത്തൻ വേരിയന്റ് തെരഞ്ഞെടുക്കാനാവുന്നത്. പുതിയ കോർപ്പറേറ്റ് വേരിയന്റിനൊപ്പം സിഎൻജി ഓപ്ഷൻ കമ്പനി അവതരിപ്പിച്ചിട്ടില്ലെന്നാണ് വിവരം.

ഇന്ത്യയിലുടനീളമുള്ള 1 363 സെയിൽസ് പോയിൻ്റുകളുടെയും 1 549 സർവീസ് സെന്ററുകളുടേയും ശക്തമായ ശൃംഖലയിലാണ് നിലവിൽ ഹ്യുണ്ടായി പ്രവർത്തിക്കുന്നത്. ഗ്രാൻഡ് i10 നിയോസ്, i20, i20 N ലൈൻ, ഓറ, എക്സ്റ്റർ, വെന്യു, വെന്യു N ലൈൻ, വെർണ, ക്രെറ്റ, ക്രെറ്റ N ലൈൻ, അൽകസാർ, ട്യൂസോൺ, കോന ഇവി, അയോണിക് 5 പോലുള്ള 14 മോഡലുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








