ഹേറ്റേഴ്‌സ് ഇല്ലാത്ത കാർ... കുറഞ്ഞ വിലയിൽ ഈ കിടിലം ഫീച്ചറുകൾ തരാൻ ഹ്യുണ്ടായി i20
ഇപ്പോൾ വാഹന വിപണിയിലെ ട്രെൻഡ് സെറ്റർ എസ്‌യുവികളാണെങ്കിലും ഹാച്ച്ബാക്കുകളോടുള്ള ഇന്ത്യക്കാരുടെ പ്രണയം ഒരുകാലത്തും അവസാനിക്കാത്ത ഒന്നാണ്. അവിടെയാണ് പ്രീമിയം ഹാച്ച്ബാക്കുകളുടെ വിജയവും. മൈക്രോ അല്ലെങ്കിൽ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇതേ വിലയിൽ കിട്ടുമെങ്കിലും പ്രായോഗികതയുടെയും ഫീച്ചറുകളുടേയും കാര്യത്തിൽ ഇവരൽപ്പം മടിയൻമാരാണ്.
ശരിക്കും ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിനെ വെറെ ലെവലിൽ എത്തിച്ച വണ്ടിയാണ് ഹ്യുണ്ടായി i20. ആദ്യതലമുറ മോഡൽ വന്ന് ശ്രദ്ധനേടിയപ്പോൾ രണ്ടാംതലമുറ ആവർത്തനമായ എലൈറ്റ് i20-യാണ് ഏവരേയും ഫാൻസാക്കി മാറ്റിയത്. പിന്നീട് മൂന്നാംതലമുറയിലേക്ക് എത്തിയപ്പോഴും ഹേറ്റേഴ്‌സ് ഇല്ലാതെ ഇന്നും അരങ്ങുവാഴാൻ ഈ കൊറിയൻ കാറിനാവുന്നുണ്ട്.

സ്‌പോർട്ടി ഡിസൈൻ, ഒന്നിലധികം സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ, വിശാലമായ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയാൽ i20 ഇപ്പോഴും ജനപ്രിയനാണ്. ആയതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ മോഡലിലേക്ക് പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ഹ്യുണ്ടായി ശ്രമിക്കാറുണ്ട്. മുടക്കുന്ന പണത്തിന് വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി ഇപ്പോഴിതാ പ്രീമിയം ഹാച്ചിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിക്കാൻ പോവുകയാണ്.
ഹാച്ചിന്റെ നിരയിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്ന സ്പോർട്‌സ് വേരിയന്റിന്റെ ഓപ്ഷണൽ പതിപ്പാണ് ഹ്യുണ്ടായി ഇത്തവണ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. മിഡ്-സ്പെക് ട്രിം ലെവലിൽ പുതിയ ഫീച്ചറുകളുണ്ടാവുമെന്നതാണ് ആശ്ചര്യപ്പെടുത്താൻ പോവുന്ന കാര്യം. നിലവിലെ ഏറ്റവും വാല്യൂ ഫോർ മണി വകഭേഗമായാണ് സ്പോർട്‌സ് അറിയപ്പെടുന്നത്. എന്നാൽ ഇതിൽ കുറച്ചധികം സവിശേഷതകൾ കൂടിവേണമെന്ന് ആഗ്രഹിക്കുന്നവരെയാണ് സ്പോർട്‌സ് (O) ഉന്നംവെക്കുന്നത്.

i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ഫീച്ചറുകളും വിലനിർണയവും തമ്മിൽ ശരിയായ ബാലൻസ് നിലനിർത്താനും ഈ പുതിയ പതിപ്പ് സഹായിക്കും. ഇനി എന്തെല്ലാം അധിക കാര്യങ്ങൾ സ്പോർട്‌സ് (O) വേരിയന്റിലേക്ക് എത്തുമെന്ന് നോക്കിയാൽ സൺറൂഫ്, വയർലെസ് ചാർജർ. സോഫ്റ്റ്-ടച്ച് ആംറെസ്റ്റ് പോലുള്ള കാര്യങ്ങളാണ് ഹ്യുണ്ടായി കാറിന് മോടിയേകാൻ എത്തുന്നത്. സോഫ്റ്റ് ടച്ച് ആംറെസ്റ്റ് ഫ്രണ്ട് ഡോർ പാനലിലാണ് ഇടംപിടിക്കുക.
ലെതറെറ്റ് മെറ്റീരിയൽ കൊണ്ട് പൊതിഞ്ഞ ഇവ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്ന കാര്യമാണ്. യുഎസ്ബി കേബിളുകൾ ഒഴിവാക്കാൻ സഹായിക്കുന്ന വയർലെസ് ചാർജിംഗ് പാഡും പ്രാക്‌ടിക്കലായ ഫീച്ചറാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മാനുവൽ, iVT ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം പുതിയ ഹ്യുണ്ടായി i20 സ്‌പോർട്‌സ് (O) വേരിയന്റ് വാഗ്ദാനം ചെയ്യും.

എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ പുത്തൻ പതിപ്പ് ഒരു 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടെയാവും എത്തുക. ഈ കാപ്പ എഞ്ചിൻ അതിന്റെ റിഫൈൻമെന്റിന് പേരുകേട്ട ഒന്നാണ്. ഇതിന്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 83 bhp പവറിൽ പരമാവധി 114.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് സ്വന്തമാക്കാം.
1.0 ലിറ്റർ ടർബോ പെട്രോൾ ഇപ്പോൾ i20 N ലൈൻ മോഡലിൽ മാത്രമാണ് ഹ്യുണ്ടായി വിൽക്കുന്നത്. ഇത് 120 bhp കരുത്തിൽ ഏകദേശം 172 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 7-സ്പീഡ് ഡിടിടി അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനിൽ (iMT) വാങ്ങാം. പോയ വർഷം രാജ്യത്ത് റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ i20 ഡീസൽ വകഭേദങ്ങൾ പൂർണമായും പിൻവലിച്ചു.

ഇനി പുതിയ സ്പോർട് (O) വേരിയന്റിലെ ഫീച്ചറുകളും പോരെന്ന് തോന്നുന്നവർക്ക് ആസ്റ്റ (O) ടോപ്പ് എൻഡും വാങ്ങാം. ഇതിൽ അധികമായി എയർ ക്വാളിറ്റി ഇൻഡിക്കേറ്ററോട് കൂടിയ ഓക്സിബൂസ്റ്റ് എയർ പ്യൂരിഫയർ, കൂളിംഗ് പാഡുള്ള വയർലെസ് ചാർജർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ആൻഡ് നാവിഗേഷൻ സിസ്റ്റം, ബോസ് പ്രീമിയം 7-സ്പീക്കർ സിസ്റ്റം, ഹ്യൂണ്ടായി ബ്ലൂലിങ്ക് ഓവർ-ദി-എയർ (OTA) മാപ്പ് എന്നിവ പോലുള്ള കിടിലൻ സവിശേഷതകളാണ് ഒരുക്കിയിട്ടുള്ളത്.
പോയ വർഷം സെഗ്മെന്റിലെ കടുത്ത മത്സരം കാരണം i20 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. ഇതിന് പുതുക്കിയ ഫ്രണ്ട് ഫാസിയ, പുതിയ ഹെഡ്‌ലൈറ്റുകൾ, ബമ്പറുകൾ, വീൽ ഡിസൈൻ എന്നിവ ലഭിച്ചു. ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ്, സിട്രൺ C3 പോലുള്ള മോഡലുകളാണ് ഹ്യുണ്ടായി i20-യുടെ എതിരാളികൾ.


Click it and Unblock the Notifications








