നെക്സോണിനെ വെല്ലുന്ന സേഫ്റ്റി ഫീച്ചറുകൾ, പക്ഷേ ഇതൊന്നുമറിയാതെ വെന്യുവിന്റെ പുത്തൻ വേരിയന്റ് വാങ്ങരുതേ
കിയ സോനെറ്റ് വരുന്നതിനു മുമ്പ് ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ ടെക്കിയായി അറിയപ്പെട്ടിരുന്ന വാഹനമായിരുന്നു ഹ്യുണ്ടായി വെന്യു. മാരുതി സുസുക്കി വിറ്റാര ബ്രെസയും ടാറ്റ നെക്സോണും അടക്കി ഭരിച്ചിരുന്ന സെഗ്മെന്റിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡൽ കൂടിയായിരുന്നു വെന്യു. കാഴ്ച്ചയിലെ ഗാംഭീര്യതയും ഫീച്ചറുകളാൽ സമ്പന്നമായതുമെല്ലാമാണ് ഈ കുഞ്ഞൻ എസ്‌യുവിയെ ആളുകളിലേക്ക് അടുപ്പിച്ചത്.
പിന്നീട് ബ്രെസയും നെക്സോണുമെല്ലാം ഏറെ ദൂരം മുന്നിലോടുന്ന കാഴ്ച്ചയാണ് കാണാനായത്. എങ്കിലും ഇന്ത്യയിൽ ഒട്ടും മോശമല്ലാത്ത രീതിയിൽ വെന്യുവിനെ തന്നെ വിറ്റഴിക്കാൻ ഹ്യുണ്ടായിക്ക് സാധിക്കുന്നുണ്ട്. സ്വീകാര്യത കൂട്ടുവാനായി അടിക്കടി മോഡൽ നിരയിൽ ചില പരിഷ്ക്കാരങ്ങളും കമ്പനി നടപ്പിലാക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ടർബോ നിരയിലേക്ക് പുതിയ വേരിയന്റിന്റെ അവതരിപ്പിച്ചിരുന്നു ബ്രാൻഡ്.

ഇതിനോടൊപ്പം മറ്റൊരു വേരിയന്റ് കൂടി പുതുക്കിയിറക്കാൻ ഹ്യുണ്ടായി തീരുമാനിച്ചു. പുതിയ സവിശേഷതകളോടെ വെന്യുവിന്റെ S (O) വേരിയന്റാണ് കമ്പനി അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വളരെ പ്രചാരമുള്ള ചില സവിശേഷതകൾ മോഡലിൽ വാഗ്ദാനം ചെയ്യുന്നത് കൂടുതൽ ഉപഭോക്താക്കളെ വാഹനത്തിലേക്ക് അടുപ്പിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. പക്ഷേ ഈ പുതിയ സവിശേഷതകൾ വേദിയുടെ ടർബോചാർജ്ഡ് എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അധിക ഫീച്ചറുകൾ:ഹ്യുണ്ടായി വെന്യുവിന്റെ S (O) വേരിയന്റിനൊപ്പം ചേർത്തിട്ടുള്ള ഏറ്റവും വലിയ സവിശേഷത ഇലക്ട്രിക് സൺറൂഫാണ്. സൺറൂഫ് ഫീച്ചർ ഇപ്പോൾ രാജ്യത്ത് ഏറ്റവും ഡിമാന്റുള്ള കാര്യമായി മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. ഇതുകൂടാതെ, ഇപ്പോൾ യാത്രക്കാർക്കും ഡ്രൈവർക്കും മാപ്പ് ലാമ്പുകളും അധികമായി കമ്പനി ഒരുക്കിയിട്ടുണ്ട്.

സേഫ്റ്റി ഫീച്ചറുകൾ: വെന്യു S (O) കുറച്ച് അധിക സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത്. 6 എയർബാഗുകൾ, ഇബിഡിയുള്ള ആൻ്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഡൈനാമിക് മാർഗനിർദ്ദേശങ്ങളോടുകൂടിയ റിയർ ക്യാമറ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഒപ്പം എസ്‌കോർട്ട് ഫംഗ്‌ഷനുള്ള ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സെൻട്രൽ ലോക്കിംഗ്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹൈ സ്പീഡ് അലേർട്ട്, സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറുകൾ, ഇമോബിലൈസർ എന്നീ സുരക്ഷാ സന്നാഹങ്ങളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഏറ്റവും പുതിയ അപ്ഡേഷനിൽ വെന്യു കോംപാക്‌ട് എസ്‌യുവിയുടെ S (O) വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റ് ഹൈലൈറ്റുകൾ: ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എംഐഡിയുള്ള ഡിജിറ്റൽ ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഒആർവിഎമ്മുകൾക്കുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്‌മെൻ്റ്, റിയർ എസി വെൻ്റുകൾ, ക്രൂയിസ് കൺട്രോൾ, യുഎസ്ബി പോർട്ടുകൾ എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളും ഹ്യുണ്ടായി വെന്യു S (O) മോഡലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
6,000 ആർപിഎമ്മിൽ 118 bhp കരുത്തും 1,500 മുതൽ 4,000 ആർപിഎമ്മിൽ പരമാവധി 172 Nm ടോർക്കും നൽകുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ യൂണിറ്റാണ് വെന്യുവിന്റെ പുതുക്കിയ S (O) വേരിയന്റിന് തുടിപ്പേകുന്നത്. എക്സിക്യൂട്ടീവ് ടർബോ മോഡൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. ഇന്ധനക്ഷമത വർധിപ്പിക്കാൻ ഐഡൽ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനവും എഞ്ചിനിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ടെന്നതും നേട്ടമാണ്.

അതേസമയം വെന്യു ടർബോ S (O) വേരിയന്റിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സും 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുമെന്നതാണ് നേട്ടം. യഥാക്രമം 10.75 ലക്ഷം രൂപയും 11.86 ലക്ഷം രൂപയുമാണ് ഇവയുടെ എക്സ്ഷോറൂം വില വരുന്നത്. പെർഫോമൻസ്, ഫീച്ചറുകൾ, താങ്ങാനാവുന്ന വില എന്നിവയ്ക്കിടയിലുള്ള കിടിലൻ പായ്ക്കേജാണ് ഇപ്പോൾ ഹ്യുണ്ടായി എസ്‌യുവി. പുതിയ ഓപ്ഷനുള്ള വിശാലമായ പ്രേക്ഷകരെ ബ്രാൻഡിലേക്ക് അടുപ്പിക്കുകയും ചെയ്യും.


Click it and Unblock the Notifications








