ഫുൾ ടാങ്ക് ഡീസൽ അടിച്ചാൽ 1,069 കി.മീ. ഓടാം, പുതിയ 7-സീറ്റർ എംപിവിയുടെ മൈലേജ് പുറത്തുവിട്ട് കിയ
സെൽറ്റോസിലൂടെ ഇന്ത്യക്കാർക്ക് പ്രിയങ്കരരായ വാഹന നിർമാതാക്കളാണ് കിയ. ദക്ഷിണ കൊറിയയിൽ നിന്നാണ് വരവെങ്കിലും അതിവേഗം രാജ്യത്ത് വേരോട്ടം നടത്തിയ കമ്പനി ഡിസൈനിലൂടെയും ഫീച്ചറുകളിലൂടെയുമാണ് ആളുകളുടെ നെഞ്ചിൽ കുടിയേറിയത്. മിഡ്-സൈസ് എസ്‌യുവിയുടെ വിജയത്തിന് ശേഷം രണ്ടാമനായി കൊണ്ടുവന്നത് ഒരു സർപ്രൈസ് കാറിനെയായിരുന്നു. അതും ടൊയോട്ട ഇന്നോവയുടെ ടോപ്പ് എൻഡ് വേരിയന്റ് സ്വന്തമാക്കുന്ന പൈസയുണ്ടേൽ വാങ്ങിക്കാവുന്ന അടിപൊളി എംപിവിയായിരുന്നു കക്ഷി. അതേ കിയ കാർണിവലിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ക്രിസ്റ്റ ഉപേക്ഷിച്ച് ഔദ്യോഗിക യാത്രകൾ പിന്നീട് കാർണിവലിലാക്കിയതും മിക്കവരും ഓർക്കുന്നുണ്ടാവും.
രാജകീയമായ യാത്രയൊരുക്കുന്ന പ്രീമിയം എംപിവിയിലെ യാത്രാ സുഖവും ഒന്ന് വേറെ തന്നെയായിരുന്നു. പക്ഷേ ഇടക്കാലത്ത് കാർണിവൽ നിർത്തലാക്കുന്ന തീരുമാനവും കിയയിൽ നിന്നും വന്നു. പക്ഷേ പുതുതലമുറ മോഡലിന് വഴിയൊരുക്കാനായിരുന്നു ഈ നീക്കം. നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അടുത്തിടെ കാർണിവലിന്റെ പുത്തൻ അവതാരം ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി.

എന്നാൽ വില കേട്ട് ആളുകൾ ഞെട്ടിയെന്നു വേണം പറയാൻ. പൂർണമായും വിദേശത്ത് നിർമിച്ച് പുറത്തിറക്കിയ മോഡലിന് 63.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ കിയ കാർണിവൽ തെരഞ്ഞെടുക്കാനുമാവും. ഇത്രയും പൈസ കൊടുത്ത് വാങ്ങുന്ന കാറിന് എന്തുണ്ടാവും മൈലേജ് എന്ന് അന്നുമുതൽ അന്വേഷിക്കുന്നവരും കൂടുതലാണ്.
ഇന്ത്യക്കാർ പൊതുവേ അങ്ങനെയാണല്ലോ. സേഫ്റ്റിക്ക് മുൻഗണന കൊടുക്കുന്നുണ്ടെങ്കിലും മൈലേജ് അന്വേഷിക്കാൻ എപ്പോഴും ആളുകൾക്ക് താതാപര്യമുണ്ടാവും. ഇപ്പോഴിതാ ഏറ്റവും പുതിയ കിയ കാർണിവലിന്റെ ഇന്ധനക്ഷമത കണക്കുകളും പുറത്തുവിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. 2.2 ലിറ്റർ ഡീസൽ എഞ്ചിനും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന എംപിവിക്ക് ലിറ്ററിന് 14.85 കിലോമീറ്റർ മൈലേജാണ് തരാനാവുക.

പുതിയ കാർണിവലിൻ്റെ ARAI റേറ്റുചെയ്ത ഇന്ധനക്ഷമതയാണിത്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ മുൻ കാർണിവലുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ കണക്കുകളിൽ ചെറിയ വ്യത്യാസവുമുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ മുൻഗാമിയെ അപേക്ഷിച്ച് 0.95 കി.മീ. മൈലേജ് അധികമായി കിട്ടുന്നുണ്ട്. ആഡംബര എംപിവിയുടെ പഴയ മോഡലിന് 13.90 കിലോമീറ്ററായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്ന മൈലേജ്.
72 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷി കണക്കിലെടുക്കുമ്പോൾ പുതിയ കാർണിവലിന് ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് പരമാവധി 1,069 കിലോമീറ്റർ വരെ ഓടാനാവും. വ്യത്യസ്‌ത സീറ്റിംഗ് അറേഞ്ച്മെന്റുമായി നിരത്തുകളിലേക്ക് എത്തുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും 7-സീറ്റർ ഓപ്ഷനിൽ മാത്രമാണ് കാർണിവൽ ഇത്തവണ വാങ്ങാനാവുക. 2+2+3 സീറ്റിംഗ് ലേഔട്ടാണ് പുതിയ കാർണിവലിൽ കിയ ഒരുക്കിയിട്ടുള്ളത്.

ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളും ക്രമീകരിക്കാവുന്ന ലെഗ് സപ്പോർട്ടും കൂടിയാവുമ്പോൾ യാത്രകൾ കിടിലമാവും. കഴിഞ്ഞ വർഷം നവംബർ മുതൽ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയ നാലാം തലമുറ കാർണിവലിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കാർണിവൽ എംപിവിയിലെ 2.2 ലിറ്റർ ഡീസൽ എഞ്ചിന് 193 bhp പവറിൽ പരമാവധി 441 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
8 എയർബാഗുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ADAS ലെവൽ 2 സ്യൂട്ട് എന്നിവയാണ് കാർണിവലിലെ സേഫ്റ്റി ഫീച്ചറുകൾ. എംപിവിയുടെ ADAS ഫീച്ചറുകളിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, അവോയ്‌ഡൻസ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നതും.
വില അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ കാർണിവലിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ല എന്നാണ് സത്യം. ടൊയോട്ട ഇന്നോവ ഹൈക്രോസിനും (19.77 ലക്ഷം-30.98 ലക്ഷം രൂപ) ടൊയോട്ട വെൽഫയറിനും (1.22 കോടി-1.32 കോടി രൂപ) ഇടയിൽ എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് കണ്ണുംപൂട്ടി വാങ്ങാനാവും. പുതിയ എംപിവിക്കായി ഇതിനകം 2,796 ബുക്കിംഗുകൾ ലഭിച്ചതായും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പറയുന്നുണ്ട്.


Click it and Unblock the Notifications








