കുടുംബത്തിലെ എല്ലാവർക്കും രാജകീയമായി യാത്ര ചെയ്യാം, പുതിയ 9-സീറ്റർ കാറിന്റെ ടീസറുമായി കിയ
ടൊയോട്ട ഇന്നോവയുടെ ആധിപത്യം തീർക്കാൻ പ്രീമിയം എംപിവി വിഭാഗത്തിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യയിലേക്ക് കൊണ്ടുവന്ന മോഡലായിരുന്നു കാർണിവൽ. 2020 ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തിയതു മുതൽ മാന്യമായ സംഖ്യയിൽ ഈ പ്രീമിയം മൾട്ടി പർപ്പസ് വാഹനത്തെ വിപണനം ചെയ്യാനും കമ്പനിക്കായിട്ടുണ്ട്. ഇന്നോവയുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായിട്ടായിരുന്നു കാർണിവലിന്റെ പ്രധാന മത്സരം. ടൊയോട്ടയുടെ എംപിവിയിൽ കിട്ടാത്തത്ര ആഡംബരം കോർത്തിണക്കിയാണ് വണ്ടിയെ കിയ ഇന്ത്യക്കാർക്കായി കൊണ്ടുവന്നത്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ഇന്നോവയിൽ നിന്നും ഔദ്യേഗിക യാത്രകൾക്കായി കാർണിവലിനെ തെരഞ്ഞെടുത്തതും വലിയ വാർത്തയായിരുന്നു.
മൊത്തത്തിൽ അങ്ങനെ കാർണിവൽ ഉഷാറാക്കിയതോടെ പലരുടേയും നോട്ടപ്പുള്ളിയായി കിയ എംപിവി മാറി. അത്തരമൊരു വേളയിൽ പെട്ടന്ന് വാഹനത്തിന്റെ വിൽപ്പന അവസാനിപ്പിച്ചുകൊണ്ട് കമ്പനി ഞെട്ടിച്ചു. എന്നാൽ കാർണിവലിന്റെ പുതുതലമുറ ആവർത്തനത്തെ പുറത്തിറക്കാനാണ് ഈയൊരു നീക്കം നടത്തിയതെന്ന് കിയ വ്യക്തമാക്കുകയും ചെയ്‌തു. നിലവിലുള്ളതിനേക്കാൾ അടിപൊളിയായി കൂടുതൽ ഫീച്ചറുകളോടെ 2024 ഒക്ടോബറിൽ പുതിയ കാർണിവലിനെ തരാമെന്നും ബ്രാൻഡ് ഉറപ്പുനൽകി.

ഇപ്പോഴിതാ വാക്കുപാലിച്ചുകൊണ്ട് ഏറ്റവും പുതിയ കിയ കാർണിവൽ ഇന്ത്യയിലേക്ക് വരികയാണ്. ഇതിന്റെ ഭാഗമായി പ്രീമിയം എംപിവിയുടെ ആദ്യ ടീസർ ചിത്രങ്ങളും ദക്ഷിണ കൊറിയൻ ബ്രാൻഡ് പുറത്തുവിടുകയും ചെയ്‌തിരിക്കുകയാണ്. ഒക്‌ടോബർ മൂന്നിന് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഹൈപ്പുയർത്താനാണ് ഈ നീക്കം. പ്രാദേശികമായി അസംബിൾ ചെയ്യാൻ പദ്ധതിയുണ്ടെങ്കിലും പുതിയ കിയ കാർണിവൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് (CBU) വഴിയാണ് ഇന്ത്യയിലെത്തിക്കുന്നത്.
കിയ പുറത്തുവിട്ട ആദ്യ ടീസർ ഇന്ത്യക്കായുള്ള വാഹനത്തെ കുറച്ചുള്ള കൂടുതൽ വിശദാംശങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. നിലവിലുണ്ടായിരുന്ന മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ കാർണിവലിൽ 12.3 ഇഞ്ചിന്റെ വളരെ വലിയ ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനും 12.3 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമാണ് ഒരുക്കുന്നത്. ഇതുകൂടാതെ രണ്ട് സൺറൂഫുകളും എംപിവിക്കുണ്ടാവും. ഇതിൽ ഒന്ന് ഫ്രണ്ട് സീറ്റ് യാത്രക്കാർക്കും മറ്റൊന്ന് രണ്ടാം നിരയ്ക്ക് മുകളിലായുമാണ് ഇടംപിടിച്ചിരിക്കുന്നത്.

ഫ്രണ്ട്, റിയർ ഡാഷ് ക്യാമുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ ഇൻസൈഡ് റിയർ വ്യൂ മിറർ, ഡാഷ്‌ബോർഡിലെ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയാണ് പുതിയ കാർണിവലിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. ഡിസൈനിലേക്ക് നോക്കിയാൽ ബോൾഡർ സ്റ്റൈലിംഗിലാണ് എംപിവി ഒരുങ്ങുന്നത്. പുതിയ ഗ്രില്ലും സ്‌ലീക്കർ ഹെഡ്‌ലൈറ്റ് യൂണിറ്റുകളും സംയോജിത ഡിആർഎല്ലുകൾക്കായി പുതിയ ഡിസൈൻ ഭാഷ്യവും കാറിനെ കിടിലമാക്കും.
ഫ്രണ്ട് എൻഡിൽ ലംബമായി അടുക്കിയിരിക്കുന്ന ഇൻസെർട്ടുകൾ, ഇൻവേർട്ടഡ് L-ആകൃതിയിലുള്ള എൽഇഡി ഡിആർഎലുകൾ, നാല് ബീമുകളുള്ള ലംബമായി അടുക്കിയ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, വ്യത്യസ്തമായ ഗ്രിൽ ഇൻസെർട്ടുകൾ, ഓൾ-ബ്ലാക്ക് അലോയ് വീലുകൾ തുടങ്ങിയ കാര്യങ്ങളും എംപിവിയുടെ സ്പോട്ടിനെസ് എടുത്തുകാണിക്കും. ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകൾക്കൊപ്പം ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതായത് 7, 9, 11-സീറ്റർ സജ്ജീകരണം ഉൾപ്പെടെ കാർണിവലിൽ ഇനിയുണ്ടാവുമെന്ന് സാരം. മുമ്പ് 7 അല്ലെങ്കിൽ 8 സീറ്റർ ഓപ്ഷനോടെയാണ് കിയ കാർണിവൽ വാഗ്‌ദാനം ചെയ്തിരുന്നത്. ADAS, വെൻ്റിലേറ്റഡ്, മസാജ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഡിജിറ്റൽ റിയർ വ്യൂ മിറർ, ഫിംഗർപ്രിൻ്റ് ഡിറ്റക്ഷനുള്ള ഡിജിറ്റൽ കീ എന്നിവ അകത്തളത്തെ മനോഹരമാക്കാനായി ഇടംപിടിക്കുകയും ചെയ്യും.
മുൻ മോഡലിൽ ഉപയോഗിച്ചിരുന്ന അതേ 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണ് പുതിയ കാർണിവലിലും പ്രതീക്ഷിക്കുന്നതെങ്കിലും കമ്പനി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തിൽ പ്രീമിയം എംപിവിക്ക് 1.6 ലിറ്റർ ടർബോ-പെട്രോൾ ഹൈബ്രിഡ്, 3.5 ലിറ്റർ V6 പെട്രോൾ പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. ഹൈബ്രിഡ് രാജ്യത്ത് കൊണ്ടുവരാൻ തീരുമാനിച്ചാൽ അതൊരു ഗെയിം ചേഞ്ചറായിരിക്കും.
ഒക്ടോബർ മൂന്നിന് വിപണിയിൽ എത്തുമെന്നതിനാൽ കിയ ഇന്ത്യയുടെ അംഗീകൃത ഡീലർഷിപ്പുകൾ കാർണിവൽ എംപിവിക്കായുള്ള അനൌദ്യോഗിക ബുക്കിംഗുകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് 1 ലക്ഷം രൂപ ടോക്കൺ തുക നൽകി പ്രീമിയം എംപിവി പ്രീ-ബുക്ക് ചെയ്‌തിടാം. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ പുത്തൻ കാർണിവലിന് ഏകദേശം 50 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








