ഇത്രയും കുറഞ്ഞ വിലയ്ക്ക് പിൻസീറ്റിൽ ഫുട്ബോൾ കളിക്കാനുള്ള സ്പേസ്, കിയയുടെ പുതിയ കോംപാക്‌ട് എസ്‌യുവി കൊള്ളാം
കിയ എന്ന ബ്രാൻഡിനോട് ആളുകൾക്ക് വല്ലാത്തൊരു അടുപ്പമാണ് ഇപ്പോഴുള്ളത്. ശരിക്കും സഹോദര സ്ഥാപനമായ ഹ്യുണ്ടായിയേക്കാൾ കൂടുതൽ ഇഷ്‌ടവും കിയയെന്ന സ്റ്റൈലനോട് തന്നെയാണ്. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് അങ്ങനെ ഫാമിലി കാറുകളുടെ മികച്ചൊരു നിര തന്നെയാണ് ബ്രാൻഡിനുള്ളതും. എന്നാൽ ഇതൊന്ന് കുറച്ചുകൂടി വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇപ്പോൾ. EV6 ഇവി, കാർണിവൽ, EV9 എസ്‌യുവി പോലുള്ള ആഡംബര കാറുകൾ ഇതിന്റെ ഭാഗമായിട്ടാണ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചതും. ഇപ്പോഴിതാ അടുത്ത വർഷത്തേക്കായി പുത്തനൊരു സ്പോർട് യൂട്ടിലിറ്റി വാഹനത്തെ കൂടി രാജ്യത്തിന് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കിയ.
ക്ലാവിസ് അല്ലെങ്കിൽ സെറസ് എന്ന് പേരിടാനിരിക്കുന്ന വാഹനം ഒരു കോംപാക്‌ട് എസ്‌യുവി ആവുമെന്നാണ് വിവരം. അതായത് ഇത് സോനെറ്റിനും സെൽറ്റോസിനും ഇടയിൽ സ്ഥാപിക്കാനാണ് കിയ പദ്ധതിയിടുന്നത്. സബ്-4 മീറ്റർ എസ്‌യുവി ആയിരിക്കുമ്പോൾ പോലും ക്ലാവിസിന് സോനെറ്റിനേക്കാൾ വലിപ്പമുണ്ടായിരിക്കും. ഇത് മോഡലിന്റെ പിൻഭാഗത്ത് കൂടുതൽ ലെഗ് റൂം വാഗ്‌ദാനം ചെയ്യാനും സഹായിക്കും. ഇതുതന്നെയാണ് കിയയുടെ പ്രധാന അജണ്ടയും.

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ പ്രധാന എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോൾ കിയ സോനെറ്റ് പിന്നിൽ നിൽക്കുന്ന മേഖല കൂടിയാണ് റിയർ സീറ്റ് സ്പേസിന്റേത്. ഇക്കാര്യം ക്ലാവിസ് അഭിസംബോധന ചെയ്യും. കൊറിയൻ ബ്രാൻഡിൻ്റെ ഇന്ത്യയിലെ ഏഴാമത്തെ മോഡലായിരിക്കും കിയ ക്ലാവിസ്. ഡിസൈനിലേക്ക് നോക്കിയാൽ ഒരു ബോക്‌സി, ടോൾ ബോയ് ഡിസൈനായിരിക്കും വഹിക്കുക.
വാഗൺആർ കൊയ്‌ത നേട്ടം ചെറിയ സ്പോർട് യൂട്ടിലിറ്റി വിഭാഗത്തിലും പ്രാവർത്തികമാക്കാനാണ് ക്ലാവിസിലൂടെ കമ്പനി ശ്രമിക്കുന്നതെന്നും വേണമെങ്കിൽ പറയാം. കാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന കൊച്ചുസുന്ദരനായിരിക്കും ക്ലാവിസ് എന്ന് വ്യക്തമാണ്. കിയ EV9 ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹെഡ്‌ലൈറ്റുകളുടെയും ഡേടൈം റണ്ണിംഗ് ലാമ്പുകളുടെയും രൂപമായിരിക്കും ക്ലാവിസ് വഹിക്കുക.

ബോണറ്റിന് ഒരു ക്ലാംഷെൽ ഡിസൈനാണ് കിയ കൊടുത്തിരിക്കുന്നത്. പിന്നിലേക്ക് നോക്കിയാൽ എൽഇഡി ടെയിൽ ലൈറ്റുകളാണ് മോഡലിലുണ്ടാവുക. ബമ്പറിലായിരിക്കും നമ്പർ പ്ലേറ്റിന്റെ സ്ഥാനം. 16 ഇഞ്ച് ഡ്യുവൽ-ടോൺ, ഡയമണ്ട് കട്ട് അലോയ് വീലുകളുടെ ഓപ്ഷനും ക്ലാവിസിനെ വേറിട്ടുനിർത്തും. എല്ലാ കിയ മോഡലുകളിലും സാധാരണ കാണപ്പെടുന്ന പ്രീമിയം ഫീച്ചറുകളോടെയാവും എസ്‌യുവി വരുന്നത്. കുറഞ്ഞത് ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിലെങ്കിലും മോഡേൺ ഫീച്ചറുകളെല്ലാം ഉണ്ടാവും.
വലിയ ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനിലേക്ക് ഒഴുകുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ ഇന്റീരിയറിന് പ്രീമിയം ടച്ച് സമ്മാനിക്കും. രണ്ടും 10.25 ഇഞ്ച് സ്ക്രീനുകളായിരിക്കും. വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ മോഡുകൾ, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം പനോരമിക് സൺറൂഫും എസ്‌യുവിയിലുണ്ടാവുമെന്നാണ് കമ്പനി സൂചന നൽകിയിട്ടുണ്ട്.
സുരക്ഷാ ഫീച്ചറുകളിലേക്ക് നോക്കിയാൽ ADAS സ്യൂട്ട്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ABS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയെല്ലാമായിരിക്കും എസ്‌യുവിയിലെ സേഫ്റ്റി ഫീച്ചറുകൾ. നിലവിൽ 8 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെ വിലയുള്ള സോനെറ്റിനേക്കാൾ അൽപ്പം കൂടുതൽ വിലയായിരിക്കും ക്ലാവിസിന് വില പ്രതീക്ഷിക്കുന്നത്.
വില കുറയ്ക്കാൻ സഹായിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ക്ലാവിസിൻ്റെ ആദ്യ എഞ്ചിൻ ഓപ്ഷൻ. ഇത് സോനെറ്റിലും ഹ്യുണ്ടായി വെന്യുവിലും കാണുന്നതിന് സമാനമായിരിക്കും. പെർഫോമൻസ് പ്രേമികളെ കൈയിലെടുക്കാനായി 1.0 ലിറ്റർ ടർബോ പെട്രോളും മൈലേജ് പ്രേമികളെ വശത്താക്കാൻ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഈ എസ്‌യുവിയിൽ നൽകിയാൽ സംഗതി കൂടുതൽ ഹോട്ടാവും.


Click it and Unblock the Notifications








