30 കി.മീ. മൈലേജുള്ള മാരുതി കാറിന് പുത്തൻ മോഡൽ, കുറഞ്ഞ പൈസക്ക് ഒത്തിരി ഫീച്ചറുകൾ കിട്ടും
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിന് തന്നെ പുതിയമാനങ്ങൾ സമ്മാനിച്ച മോഡലായിരുന്നു മാരുതി സുസുക്കി ബലേനോ. ഇതേ ബജറ്റിൽ സ്വിഫ്റ്റുള്ളപ്പോൾ മറ്റൊരു പരീക്ഷണത്തിനിറങ്ങണോയെന്ന് ചേദിച്ചുള്ളവർക്കുള്ള മറുപടി കൂടിയായിരുന്നു ബലേനോയുടെ വരവ്. കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഇത് മാറുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. പെർഫോമൻസ് കൊണ്ടും ഇന്റീരിയറിലെ സൗകര്യങ്ങളും സ്പേസ് കൊണ്ടും വിസ്‌മയം തീർത്ത കാർ മൈലേജിന്റെ കാര്യത്തിലും പുലിയാണ്. ഇതെല്ലാം 10 ലക്ഷം രൂപയ്ക്ക് താഴെ കൊടുക്കുന്നതായിരുന്നു ബലേനോയുടെ വിജയം. എസ്‌യുവികൾ അരങ്ങുവാഴുന്ന കാലത്ത് പോലും വിസ്‌മയിപ്പിക്കാൻ ഈ ഹാച്ച്ബാക്കിന് സാധിക്കുന്നുണ്ട്.
ഇപ്പോഴിതാ ഉത്സവ സീസണിനോട് അനുബന്ധിച്ച് വിൽപ്പന ഇരട്ടിയാക്കാൻ ബലേനോയുടെ പുതിയ റീഗൽ എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. പ്രീമിയം , ഹാച്ച്ബാക്കിൻ്റെ എല്ലാ വേരിയൻ്റുകളിലും ഈ പ്രത്യേക പതിപ്പ് ലഭ്യമാണെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ചുരുക്കി പറഞ്ഞാൽ ഒരുകൂട്ടം കിടിലൻ ആക്‌സസറികൾ ഓപ്ഷണൽ എക്‌സ്ട്രായായി നൽകുന്നതാണ് സംഭവം.

ബലേനോയ്ക്ക് നിലവിൽ 6.60 ലക്ഷം മുതൽ 9.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. റീഗൽ എഡിഷനൊപ്പം ആൽഫ വേരിയന്റിന് അധികമായി 45,820 രൂപയും, സീറ്റയ്ക്ക് 50,428 രൂപയും, ഡെൽറ്റയ്ക്ക് 49,990 രൂപയും, സിഗ്മയ്ക്ക് 60,199 രൂപയും അധികമായി മുടക്കിയാൽ മതിയാവും. അധികം മുടക്കുന്ന തുകയ്ക്ക് ഗംഭീര ആക്‌സസറികളും കാറിനൊപ്പം ലഭിക്കും. അങ്ങനെ വാഹനത്തിലേക്ക് റോയൽ ഫീൽ കൊണ്ടുവരികയെന്നതാണ് കമ്പനി ഉദ്ദേശിക്കുന്നത്.
എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ ഗ്രിൽ അപ്പർ ഗാർണിഷ്, ഫ്രണ്ട് അണ്ടർബോഡി സ്‌പോയിലർ, ഫോഗ് ലാമ്പ് ഗാർണിഷ്, റിയർ അണ്ടർബോഡി സ്‌പോയിലർ, ബാക്ക് ഡോർ ഗാർണിഷ്, ബോഡി സൈഡ് മോൾഡിംഗ്, ഡോർ വൈസറുകൾ തുടങ്ങിയ ആക്‌സസറികൾ മാരുതി സുസുക്കി ബലേനോ റീഗൽ എഡിഷനൊപ്പം ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാൽ പുതിയ സീറ്റ് കവറുകൾ, ഇൻ്റീരിയർ സ്‌റ്റൈലിംഗ് കിറ്റ്, വിൻഡോ കർട്ടനുകൾ, ഓൾ-വെതർ 3D ഫ്ലോർ മാറ്റുകൾ എന്നിവയും കാണാം.

ആൽഫ, സീറ്റ, ഡെൽറ്റ, സിഗ്മ എന്നീ നാല് വിശാലമായ വേരിയന്റുകൾക്ക് കീഴിലാണ് ആക്‌സസറികൾ നിർമിച്ചിരിക്കുന്നത്. ഓരോന്നും തെരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന ആക്‌സസറി ലിസ്റ്റിലും വ്യത്യാസമുണ്ടാവാം. ഇതോടൊപ്പം 360-ഡിഗ്രി വ്യൂ ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഇൻ്റീരിയർ റിയർവ്യൂ മിറർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവ ഉൾപ്പെടെ ബലേനോയുടെ പ്രധാന സവിശേഷതകൾ റീഗൽ എഡിഷൻ നിലനിർത്തിയിട്ടുമുണ്ട്.
6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, EBD ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ വാഗ്ദാനം ചെയ്യുന്ന കിടിലൻ സേഫ്റ്റി ഫീച്ചറുകളും ബലേനോ റീഗൽ എഡിഷനൊപ്പം ലഭ്യമാണ്. പ്രീമിയം ഹാച്ചിന്റെ പുതിയ ആവർത്തനം മാരുതിയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം കാറിന്റെ ഷാസിയും ബോഡി പാർട്‌സുകളും ശക്തമായ ഗ്രേഡ് സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും മാരുതി അവകാശപ്പെടുന്നു. ആയതിനാൽ സുരക്ഷയുടെ കാര്യത്തിൽ മുൻഗാമിയെ അപേക്ഷിച്ച് വാഹനം കൂടുതൽ മെച്ചപ്പെടുത്താൻ രാജ്യത്തെ ഏറ്റവും വലിയ നിർമാണ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ക്രോം ആക്‌സൻ്റുകൾ, എൽഇഡി ലൈറ്റിംഗ്, പ്രമുഖ ഗ്രിൽ, എയറോഡൈനാമിക് പ്രൊഫൈൽ എന്നിവയോടുകൂടിയ ശരിക്കും മോഡേണായ വാഹനമാണ് ബലേനോ.
എക്സ്റ്റീരിയറിൽ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ക്രോം അലങ്കരിച്ചൊരുക്കിയ എൽഇഡി ഫോഗ് ലാമ്പുകൾ എൽഇഡി ഡിആർഎല്ലുകൾ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയും കാറിൽ ലഭ്യമാണ്. സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ഒപ്പുലന്റ് റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നീ മെറ്റാലിക് കളർ ഓപ്‌ഷനുകളാണ് പുത്തൻ ബലേനോയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.
1.2 ലിറ്റർ ഡ്യുവൽജെറ്റ് K12N NA പെട്രോൾ 4-സിലിണ്ടർ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ബലേനോയ്ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന് 90 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുമുണ്ട്. ഒരു ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം സ്റ്റാൻഡേർഡായും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ മൈലേജിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ചയൊന്നും വേണ്ടിവരില്ല. സിഎൻജിയിൽ 30.61 കി.മീ. മൈലേജാണ് കമ്പനി പറയുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനും കാറിനൊപ്പം ലഭ്യമാണ്.


Click it and Unblock the Notifications








