5 സ്റ്റാർ സേഫ്റ്റിയും 25.71 കി.മീ മൈലേജും വെറും 6.79 ലക്ഷത്തിന്! കൊതിപ്പിക്കുന്ന വിലയിൽ ഡിസയർ വിപണിയിൽ
എല്ലാവരും ഒരേ പോലെ സ്വപ്‌നം കണ്ടിരുന്ന കാര്യമായിരുന്നു ഫൈവ് സ്റ്റാർ സേഫ്റ്റിയുള്ള മാരുതി കാർ. എന്നാൽ ഇതൊന്നും നടപ്പിലാവില്ലാത്ത ദുരാഗ്രഹം മാത്രമായിരിക്കുമെന്നാണ് എതിരാളികൾ പോലും കരുതിയിരുന്നത്. എന്നാൽ ക്രാഷ് ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ചുകൊണ്ട് മാരുതി സുസുക്കിയുടെ ആദ്യത്തെ വാഹനം യാഥാർഥ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റ് ഭരിച്ച ഡിസയറിന്റെ (Maruti Dzire) കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. വണ്ടിയുടെ ഡിസൈനും ഫീച്ചറുകളും എഞ്ചിനും മൈലേജുമെല്ലാം അവതരണത്തിന് മുമ്പേ പ്രഖ്യാപിച്ച കമ്പനി ആളുകളെയെല്ലാം കൈയിലെടുത്തിരുന്നു. ഇടിപ്പരീക്ഷയിലെ വിജയം വാഹനത്തിന്റെ വില കാത്തിരിക്കാനും കാരണമായി.
ഒടുവിലിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്‌ട് സെഡാൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിൽ വരുന്ന ഡിസയറിന് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഒരു കുറ്റവും പറയാനില്ലാത്ത മാരുതിയുടെ കാറായി ഇനി ഡിസയർ വാഴുമെന്ന് ഉറപ്പാണ്.

ഈ വില 2024 ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമുള്ളതാണെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. അതിന് ശേഷം വില കൂടിയേക്കാം. ഡിസയർ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലും ലഭ്യമാണെന്നതും ശ്രദ്ധേയമാണ്. ഇതിനായി പ്രതിമാസം 18,248 രൂപ മുടക്കിയാൽ മതിയാവുമെന്നാണ് കമ്പനി പറയുന്നത്. മത്സരം എസ്‌യുവികളോട് ആയതിനാൽ മാരുതി രണ്ടും കൽപ്പിച്ചാണെന്ന് ഉറപ്പിക്കാം.
ഇനി വേരിയന്റ് തിരിച്ചുള്ള വില നോക്കിയാലോ? പെട്രോൾ എഞ്ചിനുമായി വരുന്ന ഡിസയർ LXi മാനുവലിന് 6.79 ലക്ഷം, VXi മാനുവലിന് 7.79 ലക്ഷം, VXi എഎംടിക്ക് 8.24 ലക്ഷം, ഡിസയർ ZXi മാനുവൽ 8.89 ലക്ഷം, ZXi എഎംടിക്ക് 9.34 ലക്ഷം, ZXi+ മാനുവലിന് 9.69 ലക്ഷം, ZXi+ എഎംടിക്ക് 10.14 ലക്ഷം എന്നിങ്ങനെയാണ് ഡിസയറിന് മുടക്കേണ്ടി വരുന്നത്.

സിഎൻജി ഓപ്ഷനുമായി ഡിസയർ VXi, ZXi എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാങ്ങാം. ഇവയ്ക്ക് യഥാക്രമം 8.74 ലക്ഷം, 9.84 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ഡിസയറിന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. അതായത് മുൻഗാമിക്ക് സമാനമായ വലിപ്പങ്ങളൊക്കെയാണ് പുതുതലമുറയ്ക്കുമുള്ളതെന്ന് സാരം.
ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും സുന്ദരനായ ഡിസയറാണ് ഇതെന്ന് പറയാം. പോരാത്തതിന് സ്വിഫ്റ്റുമായി യാതൊരു വിധ സാമ്യവുമില്ലെന്നതും ശ്രദ്ധേയമാണ്. ഓരോ കോണിലും സൂക്ഷ്മമായ ക്രീസുകളുള്ള ഒരു ഫ്ലാറ്റ് ഹുഡ് ലഭിക്കുന്നു. ബ്ലാക്ക്-ഔട്ട് സറൗണ്ടുകളോട് കൂടിയ സ്റ്റൈലിഷായ "ക്രിസ്റ്റൽ വിഷൻ" ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, ഷഡ്ഭുജാകൃതിയിലുള്ള വലിയ ഗ്രിൽ എന്നിവയെല്ലാം മുൻവശത്തെ കിടിലമാക്കും.

വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ ഡോറുകളും ഫെൻഡറുകളും ഷോൾഡർ ലൈനുമെല്ലാം കൂടി ചേരുമ്പോൾ കാറിന് പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്. അലോയ് വീൽ ഡിസൈനും പുതിയതാണ്. ഡിസയറിന്റെ ഉയർന്ന വേരിയൻ്റുകൾക്ക് ഡയമണ്ട് കട്ട് പാറ്റേണും ലഭിക്കും. പിൻഭാഗത്ത് പുതിയ ഡിസയറിന് "3D ട്രിനിറ്റി എൽഇഡി ഘടകങ്ങൾ" ഉള്ള ചതുരാകൃതിയിലുള്ള ടെയിൽലാമ്പ് ഡിസൈനാണ് ഒരുക്കിയിരിക്കുന്നത്.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ മൊത്തത്തിലുള്ള ഡിസൈൻ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അനുകരിക്കുന്നുണ്ട്. ഡാഷ്‌ബോർഡിന് ഡാർത്ത് ബ്രൌൺ, ഫോക്‌സ് വുഡ്, സിൽവർ ട്രിം എന്നിവ ലഭിക്കുമ്പോൾ ബീജ് നിറത്തിലാണ് അപ്‌ഹോൾസ്റ്ററി പൂർത്തിയാക്കിയിരിക്കുന്നത്. മറ്റ് പല മാരുതി കാറുകളിലും കാണുന്ന അതേ 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനാണ് ഡിസയറിലും കൊടുത്തിരിക്കുന്നത്.
കണക്റ്റഡ് കാർ ഫീച്ചറുകൾക്കൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളും ഡിസയറിൽ കൊടുത്തിട്ടുണ്ട്. 6എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയാണ് പുതിയ ഡിസയറിലെ സുരക്ഷാ ഫീച്ചറുകൾ.
സ്വിഫ്റ്റിൽ അരങ്ങേറ്റം കുറിച്ച അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറും വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി പറയുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നതിനാൽ പെട്രോളിൽ വരെ 25.71 കി.മീ മൈലേജും ലഭിക്കും.


Click it and Unblock the Notifications








