പാവങ്ങളുടെ മിനി കൂപ്പറിന്റെ വില അറിയാൻ മണിക്കൂറുകൾ മാത്രം, കാത്തിരിക്കുന്ന ആ കാർ നാളെ എത്തും
ഒരു രാജ്യം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്വിഫ്റ്റ്. വന്നകാലം മുതൽ ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ഹിറ്റായ ഹാച്ച്ബാക്ക് എല്ലാ തലമുറ ആവർത്തനത്തിലും തീർത്തത് വിസ്‌മയമായിരുന്നു. ഇനി നാലാം തലമുറയുടെ ഭരണമായിരിക്കും വിപണിയിൽ. മെയ് ഒമ്പതിന് അതായത് നാളെ അവതരിപ്പിക്കുന്ന കാറിന്റെ വിലയറിനായാണ് ഇനി ഏവരും കാതോർത്തിരിക്കുന്നത്.
പുത്തൻ സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയതോടെ വൻ ഹൈപ്പും ലോഞ്ചിന് കിട്ടിയിട്ടുണ്ട്. സുസുക്കിയുടെ ജന്മദേശമായ ജപ്പാനില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള സ്വിഫ്റ്റിന്റെ സമാനമായ ഡിസൈനിലാണ് ഇന്ത്യന്‍ പതിപ്പും പണിതിറക്കിയിരിക്കുന്നത്. ഡിസൈൻ, ഫീച്ചർ ലിസ്റ്റ്, എഞ്ചിൻ, സേഫ്റ്റ് എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങൾ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വണ്ടി വാങ്ങാൻ താത്പര്യമുള്ളവർക്ക് 11,000 രൂപയ്ക്ക് പ്രീ-ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിനെ മൂന്ന് വിശാലമായ വേരിയന്റുകളിലായിരിക്കും അവതരിപ്പിക്കുക. ഇതിൽ പഴയ പോലെ തന്നെ LXi, VXi, ZXi എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുതുതലമുറക്കൊപ്പം കമ്പനി VXI(O) എന്ന പുതിയൊരു വേരിയന്റ് കൂടി വാഗ്ദാനം ചെയ്യും. ടോപ്പ്-എൻഡ് ZXi പതിപ്പിന് പുറമെ ഹാച്ച്ബാക്കിൽ ZXi+ വേരിയന്റും ലഭിക്കും. സ്വിഫ്റ്റിന്റെ ഏറ്റവും ഫീച്ചർ ലോഡഡ് പതിപ്പായിരിക്കും ഇത്.
നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ നിരവധി മാറ്റങ്ങളോടെയാണ് പുതിയ സ്വിഫ്റ്റ് ഒരുക്കിയിരിക്കുന്നത്. ജപ്പാനിൽ പുറത്തിറക്കിയ സ്വിഫ്റ്റിൽ ഉപയോഗിക്കുന്ന മിക്ക ഘടകങ്ങളും ഇത് നിലനിർത്തും. ഓൾ-ബ്ലാക്ക് ട്രീറ്റ്‌മെൻ്റ് ഉപയോഗിച്ച് ഗ്രിൽ പുനർനിർമിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ എൽഇഡി ഹെഡ്‌ലൈറ്റിന്റെയും ഡിആർഎല്ലിന്റെയും ഡിസൈനിലും മാറ്റങ്ങൾ കാണാനാവും.

ഹാച്ച്ബാക്കിന്റെ പ്രൊഫൈൽ സമാനമായി തുടരുമ്പോൾ പിൻവശത്തെ ടെയിൽലൈറ്റിന്റെ രൂപത്തിലും മാറ്റങ്ങളുണ്ട്. പുതിയ തലമുറ സ്വിഫ്റ്റിൽ അലോയ് വീലിന്റെ ഡിസൈനും പരിഷ്ക്കരിക്കും. മൊത്തത്തിൽ നോക്കുമ്പോൾ പഴയ ആ മിനി കൂപ്പർ രൂപം ഇത്തവണയും അങ്ങിങ്ങായി കാണാൻ പറ്റുമെന്നതാണ് രസകരമായ കാര്യം. ഇനി ഇന്റീരിയറിലും പുതുമകളുണ്ടാവുമെന്നതാണ് രസകരമായ കാര്യം.
അതോടൊപ്പം തന്നെ ഫീച്ചറുകളിലും ധാരാളിയായിരിക്കും നമ്മുടെ സ്വിഫ്റ്റ്. പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അപ്‌ഡേറ്റ് ചെയ്ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ സ്റ്റാൻഡേർഡായി തന്നെ 2024 മോഡലിൽ ഉണ്ടാവും. ടോപ്പ് എൻഡ് പതിപ്പുകൾക്ക് വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും.

360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, പിന്നിലെ യാത്രക്കാർക്കുള്ള എസി വെൻ്റുകൾ എന്നിവയും പുത്തൻ കാറിനെ സമ്പന്നമാക്കും. ഇനി എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ മാരുതി പഴയ ഫോർ സിലിണ്ടർ യൂണിറ്റിന് പകരം പുതിയ 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് പുതിയ സ്വിഫ്റ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരിക.
മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും മോഡലിലുണ്ടാവുമെന്നാണ് വിവരം. പെർഫോമൻസിലും മൈലേജിലും കാര്യമായ സ്വാധീനം ചെലുത്താനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിന് പരമാവധി 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതായത് നിലവിലുള്ള സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ അല്പം കുറവാണ് പവർ ഔട്ട്പുട്ട് കണക്കുകളെന്ന് സാരം.

പുതിയ സ്വിഫ്റ്റിലും അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾ നൽകാനാണ് സാധ്യത. മൈലേജിൻ്റെ കാര്യത്തിൽ പുതിയ എഞ്ചിൻ ബഹുകേമനായിരിക്കും. ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. ഏവരും കാത്തിരിക്കുന്ന വില നിർണയത്തിലേക്ക് വന്നാൽ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിനെ ഇക്കാര്യത്തിലും താങ്ങാനാവുന്നതാക്കുമെന്നാണ് അനുമാനം.
ബേസ് മോഡലുകൾക്ക് 7 ലക്ഷം രൂപയിൽ നിന്നായിരിക്കും ചിലപ്പോൾ വില ആരംഭിക്കുക. അതേസമയം ടോപ്പ് എൻഡ് വേരിയൻ്റുകളുടെ വില 10 ലക്ഷം രൂപയിൽ താഴെ നിലനിർത്താനും സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നിവയുമായി തന്നെയായിരിക്കും മത്സരിക്കുക. ഒപ്പം മിനി എസ്‌യുവികളായ ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും സ്വിഫ്റ്റിന് വിലങ്ങുതടിയായിരിക്കും.


Click it and Unblock the Notifications








