വില അറിഞ്ഞത് ഇന്നലെ, എന്നിട്ടും മാരുതിയുടെ പുത്തൻ 'മൈലേജ് കാർ' വാങ്ങാനെത്തിയത് 10,000 പേർ
ഇന്ത്യയിലെ ഏറ്റവും ഹോട്ട് സെല്ലിംഗ് കാറുകളിൽ ഒന്നായ സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. നീണ്ടകാത്തിരിപ്പുകൾക്കൊടുവിലാണ് ഹാച്ച്ബാക്ക് ഞെട്ടിക്കുന്ന മാറ്റങ്ങളുമായി അരങ്ങുവാഴാൻ എത്തുന്നത്. മുൻഗാമികളായ മൂന്ന്തമലുറയിലും ലഭിച്ച സ്വീകാര്യത പതിൻമടങ്ങാക്കാനുള്ള അപ്ഡേറ്റുകളാണ് കാറിൽ കമ്പനി കരുതിവെച്ചിരിക്കുന്നത്.
ഡിസൈനിലെ പരിഷ്ക്കാരങ്ങളും ഫീച്ചറുകളിലെ ധാരാളിത്തവും സേഫ്റ്റിയിലെ മേൻമയുമെല്ലാമാണ് പുത്തൻ സ്വിഫ്റ്റിന്റേതായി മാരുതി എടുത്തു പറയുന്നത്. ആറ് വേരിയന്റുകളില്‍ വിപണിയി ല്‍ എത്തുന്ന പുത്തൻ മോഡലിന്റെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലുകൾക്ക് 7.79 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

വില പ്രഖ്യാപനത്തിന് ദിവസങ്ങൾ മുമ്പേ ബുക്കിംഗ് ആരംഭിച്ച പുതുതലമുറ സ്വിഫ്റ്റിനെ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ബുക്കിംഗ് തുടങ്ങി വെറും 8 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് പ്രീ-ബുക്കിംഗ് എന്ന നേട്ടം കൈവരിക്കാൻ കമ്പനിക്കായി. മെയ് ഒന്നിനാണ് ബുക്കിംഗ് ഔദ്യോഗികമായി തുടങ്ങുന്നത്. ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകൾ ഇരച്ചെത്തിയത് മാരുതിയെ വരെ ഞെട്ടിച്ചിട്ടുണ്ടാവും.
വില നിർണയം കൂടി വന്നതോടെ ബുക്കിംഗ് വേഗം ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2005-ൽ അവതരിപ്പിച്ചതു മുതൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് സ്വിഫ്റ്റ്. LXi, VXi, VXi(O), ZXi, ZXi+, ZX+ ഡ്യുവൽ ടോൺ വേരിയന്റുകളിൽ നിലവിലെ സ്വിഫ്റ്റ് വാങ്ങാനാവും. മുൻ തലമുറയിൽ നിന്നുള്ള ഡിസൈനിലെ പരിണാമം എടുത്തു പറയേണ്ടതാണ്. അടിസ്ഥാന രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും കൊണ്ടുവന്ന മാറ്റങ്ങൾ ആരേയും കൊതിപ്പിക്കും വിധമാണ്.

മുമ്പത്തേക്കാൾ മെലിഞ്ഞതായി കാണപ്പെടുന്ന സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകളും കറുപ്പിൽ ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ലുമാണ് മുൻവശത്തെ ആകർഷണം. ഹെഡ്‌ലൈറ്റുകൾ പ്രൊജക്ടർ യൂണിറ്റുകളാണെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യങ്ങളാണ്. അഴക് വർധിപ്പിക്കാനായി കാറിന് ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും മാരുതി സുസുക്കി സമ്മാനിച്ചിട്ടുണ്ട്. ഗ്രില്ലിന് മുകളിലായാണ് സുസുക്കി ലോഗോ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് എന്നതും പുതുമ നൽകുന്ന കാര്യമാണ്.
15-ഇഞ്ച് മെഷീൻ കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഇൻഡഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ ORVM-കൾ എന്നിവയെല്ലാം ഉയർന്ന വേരിയന്റുകളിൽ കാണാം. പിൻവശത്തെ ഡോർ ഹാൻഡിൽ ഇപ്പോൾ ബോഡിയിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. പിൻവശത്ത് മാരുതി സ്വിഫ്റ്റിന് എൽഇഡി ലൈറ്റുകളുള്ള ക്ലിയർ ലെൻസ് ടെയിൽ ലാമ്പുകളാണ് ലഭിച്ചിരിക്കുന്നത്. ടോപ്പ് വേരിയന്റുകളിൽ റിയർ വിൻഡ്‌സ്‌ക്രീൻ വൈപ്പർ, വാഷർ, ഡീഫോഗർ തുടങ്ങിയ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

നാല് പാർക്കിംഗ് സെൻസറുകൾക്കൊപ്പം റിവേഴ്സ് പാർക്കിംഗ് ക്യാമറയും പുത്തൻ സ്വിഫ്റ്റിനൊപ്പം കിട്ടുമെന്നതും ശ്രദ്ധേയമാണ്. ഇന്റീരിയറിലും കാര്യങ്ങൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ബലേനോ, ഫ്രോങ്ക്സ് തുടങ്ങിയ മറ്റ് മാരുതി മോഡലുകളിൽ കണ്ടതിന് സമാനമായ സ്റ്റൈലാണ് കാറിൽ ഇപ്പോഴുള്ളത്. മൊത്തത്തിൽ പ്രീമിയം കാർ ഫീൽ കൊണ്ടുവരാൻ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ടെന്ന് തന്നെ ഉറപ്പിച്ചു പറയാം.
പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, മധ്യഭാഗത്ത് കളർ MID ഉള്ള അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും കാറിന് അഴക് സമ്മാനിക്കുന്നുണ്ട്. 6 എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ, എബിഎസ്, ഇഎസ്‌സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് മാരുതി പുതിയ സ്വിഫ്റ്റിന്റെ എല്ലാ വേരിയന്റുകളും വരുന്നത്.

കാർ മുമ്പത്തേതിനേക്കാൾ കൂടുതൽ സുരക്ഷിതമാക്കാൻ ഘടനയിൽ ഉയർന്ന കരുത്തുള്ള സ്റ്റീൽ ഉപയോഗിച്ചിട്ടുണ്ടെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു. പുതിയ 1.2 ലിറ്റർ, 3 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന്റെ ഹൃദയം. ഇത് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഗിയർബോക്‌സുകളാണ് ഓപ്ഷനിലുള്ളത്. മാനുവൽ പതിപ്പിന് 24.80 കിലോമീറ്ററിന്റെ മൈലേജാണ് കമ്പനി പറയുന്നത്.
അതേസമയം മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എഎംടി വേരിയന്റിന് 25.75 കിലോമീറ്റർ മൈലേജും കിട്ടുമെന്നാണ് പറയുന്നത്. കാർ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട് എന്നതിനാൽ ഡെലിവറികളും ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാത്തിരുത്തി മുഷിപ്പിക്കാതെ കാർ കൈയിൽ കൊടുക്കുന്നത് മാരുതിയുടെ ഹോബിയായതിനാൽ ധൈര്യമായി ആളുകൾക്ക് ഷോറൂമിൽ പോയി വണ്ടി ബുക്ക് ചെയ്യാം കേട്ടോ.


Click it and Unblock the Notifications








