ആൾട്രോസ് റേസർ പടമാവും? ഫ്രോങ്ക്‌സിന്റെ ടർബോ എഞ്ചിനുമായി സ്വിഫ്റ്റ്, മാരുതിക്ക് പറയാനുള്ളത് ഇതാണ്
ഇന്ത്യയിൽ ജനങ്ങളുടെ പൾസറിഞ്ഞ് കാറുകൾ പുറത്തിറക്കുന്നവരിൽ ഏറ്റവും മിടുക്കരാണ് മാരുതി സുസുക്കി. ജിംനിയും സിയാസും ഒഴികെ ഇന്ന് കമ്പനിയുടെ നിരയിലുള്ള വണ്ടികൾക്കെല്ലാം കിട്ടുന്ന ഡിമാന്റ് തന്നെ കണ്ടാൽ മനസിലാവും മാരുതിയുടെ റേഞ്ച്. കൃത്യസമയത്ത് വണ്ടികൾ പുതുക്കിയിറക്കാനും പ്രത്യേക മിടുക്ക് തന്നെയാണ് ഇന്തോ-ജാപ്പനീസ് ബ്രാൻഡിനുള്ളത്.
അടുത്തിടെയാണ് പുതിയ നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ മാരുതി അവതരിപ്പിക്കുന്നത്. പാവങ്ങളുടെ മിനി കൂപ്പർ എന്നതിലുപരി സാധാരണക്കാരന്റെ പെർഫോമൻസ് ഹാച്ച്ബാക്കായും ഒരുകാലത്ത് സ്വിഫ്റ്റ് പേരെടുത്തിരുന്നു. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് പെർഫോമൻസ് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി സ്വിഫ്റ്റിൻ്റെ ടർബോ പെട്രോൾ പതിപ്പ് കമ്പനി അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളും എയറിലുണ്ടായിരുന്നു.

അതും ബലേനോയിൽ ചീറ്റിപ്പോയ എന്നാൽ ഫ്രോങ്ക്‌സിലൂടെ ഹിറ്റടിച്ച 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിനോടെ സ്വിഫ്റ്റ് വരുമെന്നതായിരുന്നു വാർത്തകൾ. അങ്ങനെ സംഭവിച്ചാൽ ഫോക്‌സ്‌വാഗൺ പോളോയ്ക്ക് പകരക്കാരനെ കിട്ടുമെന്ന് സന്തോഷിച്ചവരും ഏറെയാണ്. വരാനിരിക്കുന്ന ആൾട്രോസ് റേസറിന്റെ കാര്യത്തിൽ തീരുമാനമാവുമെന്നും പറഞ്ഞ് ആഘോഷിച്ച മാരുതി ഫാൻസും ഏറെയായിരുന്നു.
ഒടുവിലിതാ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ മാരുതി സുസുക്കി. പുതിയ സ്വിഫ്റ്റിൻ്റെ ടർബോചാർജ്ഡ് പെട്രോൾ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ലെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചുകൊണ്ട് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ, സുസുക്കി കുറച്ച് കാലമായി സ്വിഫ്റ്റിനൊപ്പം വിവിധ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അതിൽ സ്വിഫ്റ്റ് സ്പോർട്ടുമുണ്ട്.

മുൻ തലമുറ സ്വിഫ്റ്റ് പല വിപണികളിലും 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ബൂസ്റ്റർജെറ്റ്, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വിൽക്കുന്നത്. മാരുതി സുസുക്കി ഫ്രോങ്ക്സിലും ലഭ്യമായ അതേ എഞ്ചിൻ തന്നെയാണിത്. കൂടാതെ 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും സുസുക്കി വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റർ പതിപ്പിന് സ്വിഫ്റ്റ് RS എന്നും മറ്റേതിനെ സ്വിഫ്റ്റ് സ്പോർട്ട് എന്നുമാണ് വിളിക്കുന്നത്.
ഏറെ നാളായി പലരും കാത്തിരിക്കുന്നതാണ് സ്വിഫ്റ്റ് സ്പോർട്ട് എങ്കിലും ഇന്ത്യയിൽ ഒരുകാലത്തും ഇതിനെ അവതരിപ്പിക്കാൻ മാരുതിക്ക് പദ്ധതിയില്ല. വിശാലമായ ഇന്റീരിയർ, ഇന്ധനക്ഷമതയുള്ള എഞ്ചിൻ, കുറഞ്ഞ മെയിന്റനെൻസ് എന്നിവയ്ക്ക് പേരുകേട്ട സ്വിഫ്റ്റിന്റെ മൊത്തത്തിലുള്ള ഇമേജിനെ ബാധിക്കുന്നതാവും സ്പോർട്ടിന്റെ വരവ്. പോരാത്തതിന് ബജറ്റ് വിലയിൽ ഇത് അവതരിപ്പിക്കാനും സാധിക്കില്ല എന്നതിനാൽ വിലയും ഉയർന്നതാവും.

അങ്ങനെയുള്ളൊരു വാഹനം സ്വന്തമാക്കാൻ ഇഷ്‌ടപ്പെടാത്തവരാണ് പൊതുവേ ഇന്ത്യക്കാർ. കുറഞ്ഞ വിൽപ്പനയുള്ള മോഡലുകൾ വിപണനത്തിന് എത്തിക്കുന്നത് കമ്പനിയുടെ പൊളിസിക്ക് എതിരാണ് താനും. മാരുതി സ്വിഫ്റ്റ് ഒരു സ്‌പോർട്ടി കാറാണെന്നത് പലരും സമ്മതിക്കുന്നുണ്ടെങ്കിലും കാറിന്റെ നാലാംതലമുറ ആവർത്തനം ഇതിൽ നിന്നെല്ലാം വിപരീതമാണ്. പുതിയ 1.2 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിൻ പെർഫോമൻസിന്റെ കാര്യത്തിൽ മുൻഗാമികളേക്കാൾ പിന്നിലാണെന്ന് വേണം പറയാൻ.
ഇപ്പോൾ സ്വിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന പുതിയ 1.2 ലിറ്റർ Z-സീരീസ് എഞ്ചിൻ സിറ്റി ഡ്രൈവിംഗിലെ പെർഫോമൻസിനും കാര്യക്ഷമതയ്ക്കും വേണ്ടി പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്നതാണ്. അതിനാൽ ഇക്കാര്യം വാങ്ങുന്നവരെല്ലാം മനസിൽ ഓർത്തോളണം. ഇനി ഇക്കാര്യത്തിൽ പോരായ്‌മയുണ്ടെന്ന് കണ്ടെത്തുകയും പെർഫോമൻസ് പതിപ്പ് വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുകയും ചെയ്‌താൽ മാരുതിക്ക് പരിഹാരം എളുപ്പത്തിൽ കണ്ടെത്താനാവും.

മാരുതിക്ക് സ്വിഫ്റ്റിനൊപ്പം 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ബൂസ്റ്റർജെറ്റ് എഞ്ചിൻ അവതരിപ്പിക്കാം. കാരണം ഫ്രോങ്ക്സിനായി എഞ്ചിൻ പ്രാദേശികമായി നിർമിക്കുന്നുണ്ട് എന്നതാണ്. ഇത് പുതിയ സ്വിഫ്റ്റിലേക്ക് യുവതലമുറയെ കൂടുതൽ ആകർഷിക്കുകയും ചെയ്യും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇതെല്ലാം വെറും കണക്കുകൂട്ടലുകൾ മാത്രമാണെന്ന് വേണം പറയാൻ. കമ്പനി ഈ ചെറിയ കാറിൽ 1.0 ലിറ്റർ എഞ്ചിൻ വാഗ്ദാനം ചെയ്യാത്തതിൻ്റെ ഒരു കാരണം വിലയാണ്.
ബൂസ്റ്റർജെറ്റ് എഞ്ചിൻ ഉപയോഗിച്ചാൽ സ്വിഫ്റ്റിൻ്റെ വില എളുപ്പത്തിൽ വർധിക്കും. ഇത് ഉപഭോക്താക്കൾക്ക് ഒരു പ്രശ്നമായി മാറിയേക്കാം. ചുരുങ്ങിയത് 10 ലക്ഷത്തിന് അടുത്ത് വില വരുന്നതിനാൽ സംഗതി പ്രായോഗികമല്ല. എങ്കിലും ചുരുങ്ങിയ യൂണിറ്റുകളിലെങ്കിലും അത്തരമൊരു പെർഫോമൻസ് അധിഷ്ഠിത വേരിയന്റ് കൊണ്ടുവന്നാൽ ചൂടപ്പം പോലെ വിറ്റഴിയാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








