ഫോർച്യൂണറിനെ വെട്ടിനിരത്താൻ ഗ്ലോസ്റ്ററിന്റെ പുതിയ അവതാരം, മാറ്റങ്ങൾ അറിഞ്ഞാൽ ഒന്ന് വാങ്ങാൻ തോന്നും
ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റ് അടക്കി ഭരിക്കുകയാണ് നമ്മുടെ സ്വന്തം ടൊയോട്ട ഫോർച്യൂണർ (Toyota Fortuner). ഫോർഡ് എൻഡവർ കളംവിട്ടതോടെ ശക്തനായ എതിരാളിയില്ലാത്തതാണ് ജാപ്പനീസ് ബ്രാൻഡിന്റെ വിജയം. ജീപ്പ് മെറിഡിയനായാലും എംജി ഗ്ലോസ്റ്ററിനായാലും വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ലെന്നതും ദയനീയമായ അവസ്ഥയാണെന്ന് പറയാതെ വയ്യ.
സെഗ്മെന്റിലെ ഏറ്റവും അണ്ടർറേറ്റഡ് എസ്‌യുവിയാണ് എംജി ഗ്ലോസ്റ്റർ. ധാരാളം കഴിവുകൾ ഉണ്ടായിട്ടും വിൽപ്പനയങ്ങ് പിടിക്കാൻ ബ്രാൻഡിനാവുന്നില്ല. ഡിസൈനിലെ ഗാംഭീര്യതയും ഫീച്ചറുകളുടെ സമ്പന്നതയുമെല്ലാം ഗ്ലോസ്റ്ററിനെ തുടക്കം മുതലേ വേറിട്ടു നിർത്തുന്ന ഘടകമായിരുന്നു. എന്തൊക്കെയോ കാരണങ്ങളാൽ മാറ്റിനിർത്തപ്പെടുന്ന മോഡൽ മുഖംമിനുക്കിയെത്തി വിപണി പിടിക്കാൻ ഒരുങ്ങുകയാണിപ്പോൾ.

ADAS പോലുള്ള ഫീച്ചറുകൾ മാസ് മാർക്കറ്റ് വിഭാഗത്തിലേക്ക് പരിചയപ്പെടുത്തിയ വില്ലാളിവീരന്റെ പടപ്പുറപ്പാട് നെഞ്ചിടിപ്പോടെയാണ് ടൊയോട്ട നോക്കിക്കാണുന്നത്. ഫോർച്യൂണറിനെതിരെ മികച്ച മത്സരം കാഴ്ച്ചവെക്കാൻ മുൻഗാമിയേക്കാൾ മിടുക്കനായാവും വരവ്. അവതരണം ഉത്സവ സീസണിന് മുന്നോടിയായി നടക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോൾ ഗ്ലോസ്റ്ററിന്റെ അവസാനവട്ട പരീക്ഷണയോട്ട ഘട്ടത്തിലാണ് എംജി മോട്ടോർ ഇപ്പോൾ. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിലൂടെ വണ്ടിക്ക് കൂടുതൽ ഹൈപ്പ് കിട്ടുന്നുമുണ്ട്.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരങ്ങളോടെയാവും എസ്‌യുവിയെ പണിതിറക്കുക. വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് റീഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബമ്പർ, റിയർ ടെയിൽഗേറ്റ്, റിയർ ബമ്പർ എന്നിവയുമായാവും വരിക. അങ്ങനെ മൊത്തത്തിൽ രൂപം ആകെ മൊത്തത്തിൽ മാറുമെന്ന് തന്നെയാണ് ഊഹം. വശക്കാഴ്ച്ചയിൽ കാര്യമായ നവീകരണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പുതിയ അലോയ് വീൽ ഡിസൈൻ ഉണ്ടാവും.

പിന്നിലേക്ക് വന്നാൽ പുത്തൻ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, പുതിയ റിയർ ബമ്പർ, ബൂട്ട് ലിഡിനായി പരിഷ്‌കരിച്ച ഡിസൈൻ എന്നിവയെല്ലാം എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് എത്തും. ഈ മാറ്റങ്ങൾക്കൊപ്പം ഇൻ്റീരിയറിലും എസ്‌യുവി കുറച്ചധികം അപ്‌ഗ്രേഡുകൾ അവതരിപ്പിക്കുമെന്നാണ് അനുമാനം. കിടിലൻ ഫീച്ചറുകളാൽ സമ്പന്നമായ എസ്‌യുവിയാണെങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്.
ഡാഷ്‌ബോർഡ് ലേഔട്ടിൽ ചെറിയ മാറ്റങ്ങൾ, പുതുക്കിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്രൈവർ ഡിസ്‌പ്ലേ, പുത്തൻ അപ്‌ഹോൾസ്റ്ററി, ലെവൽ 2 ADAS എന്നിവയെല്ലാം ഗ്ലോസ്റ്ററിന്റെ ഗമ കൂട്ടും. ലെവൽ 2 ADAS സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാൽ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി സെമി-ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയും കൈവരിക്കും. ഇത് ദീർഘദൂര യാത്രകളിലെ ഡ്രൈവർ ക്ഷീണത്തെ ചെറുക്കാൻ വളരെ ഉപയോഗപ്രദമായ ഫീച്ചറാണ്.

ഇത്തരം മാറ്റങ്ങളൊഴികെ എഞ്ചിൻ ഓപ്ഷനും മറ്റ് മെക്കാനിക്കൽ ഭാഗങ്ങളുമെല്ലാം അതേപടി നിലനിർത്താനാണ് സാധ്യത. 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാനെത്തുന്നവരെയും ആകർഷിക്കുക. പെർഫോമൻസിലും ആള് പുലിയാണ് കേട്ടോ. എസ്‌യുവിയുടെ ടർബോ ഡീസൽ പതിപ്പിന് 161 bhp കരുത്തിൽ പരമാവധി 375 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം ഗ്ലോസ്റ്ററിന്റെ ട്വിൻ-ടർബോ പതിപ്പ് 215 bhp പവറിൽ 480 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 2WD, 4WD വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനും സാധിക്കും. വിവിധ തരം പ്രതലങ്ങളിൽ മികച്ച ഓഫ്-റോഡ് ശേഷി കൈവരിക്കുന്നതിനായി ഒന്നിലധികം ടെറൈൻ മോഡുകളും മോഡലിലുണ്ടാവും.

മാനുവൽ ട്രാൻസ്മിഷൻ ഗ്ലോസ്റ്ററിൽ തുടക്കം മുതലേ ലഭ്യമല്ലാത്തതിനാൽ ഇത്തവണയും അതുണ്ടാവാൻ ചാൻസില്ല. ഇതുകൂടാതെ ഗ്ലോസ്റ്ററിന് പെട്രോൾ എഞ്ചിൻ ഓപ്ഷൻ തുടർന്നും നൽകാൻ കമ്പനിക്ക് ഉദ്ദേശമൊന്നുമില്ലെന്നാണ് വിവരം. നിലവിൽ 38.80 ലക്ഷം രൂപ മുതൽ 43.87 ലക്ഷം രൂപ വരെയാണ് നിലവിലെ എംജി ഗ്ലോസ്റ്ററിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. മാറ്റങ്ങളോടെ എത്തുമ്പോൾ 1 മുതൽ 1.50 ലക്ഷം രൂപ വരെ ഉയരാനും സാധ്യതയുണ്ട്.
ഇന്ത്യൻ വിപണിയിലെ ഫുൾസൈസ് എസ്‌യുവി വിപണിയിൽ ടൊയോട്ട ഫോർച്യൂണർ കൂടാതെ ജീപ്പ് മെറിഡിയൻ, സ്‌കോഡ കൊഡിയാക്ക്, ഇസൂസു MU-X എന്നിവയ്‌ക്കൊപ്പമാവും എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് തുടർന്നും മത്സരിക്കുക. ഫോർഡ് എൻഡവറും തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേൾക്കുമ്പോൾ ഈ സെഗ്മെന്റിലെ മത്സരം കൂടുതൽ മുറുകുമെന്ന് ഉറപ്പാണ്. ഫോർച്യൂണറും ഈ വർഷം പുതുതലമുറയിലേക്ക് ചേക്കേറുമെന്ന വാർത്തയും വരുന്നുണ്ട്.


Click it and Unblock the Notifications








