ന്യൂയോർക്ക് നിലവാരത്തിലുള്ള റോഡുകളൊന്നും വേണ്ട, വിമാനത്തിലെ യാത്രാസുഖം കിട്ടുന്ന കാറിന്റെ ഡെലിവറി തുടങ്ങി
ഹെക്‌ടറിന്റെയും ആസ്റ്ററിന്റെയും സ്വീകാര്യത കുറഞ്ഞുവന്ന സാഹചര്യത്തിൽ ഇലക്‌ട്രിക്കിലേക്ക് പൂർണമായും ചുവടുവെച്ചവരാണ് എംജി മോട്ടോർ. ഏറെക്കാലം മുമ്പ് തന്നെ പുറത്തിറക്കിയ ZS ഇവിയുടെ സൽപ്പേര് മുതലെടുത്ത് കോമെറ്റ് എന്ന മൈക്രോ ഇലക്ട്രിക് കാർ അവതരിപ്പിച്ചായിരുന്നു കമ്പനി ഗിയർമാറ്റിയത്. സംഗതി ക്ലിക്കാവുകയും ചെയ്‌തു. ഉഗ്രനൊരു സിറ്റി കാറായി പേര് സമ്പാദിച്ച വണ്ടി ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായി വിലസുന്നതിനു പിന്നാലെ വിൻഡ്‌സർ ഇവിയെയും കൊണ്ടുവന്ന് വൈദ്യുത വാഹന ലോകത്തെ പ്രധാന ശക്തിയായി മാറിയിരിക്കുകയാണ് ഇപ്പോൾ എംജി. ടാറ്റ മോട്ടോർസിനോട് മത്സരിക്കാൻ റെഡിയായി കളംനിറയുകയാണ് ബ്രാൻഡിപ്പോൾ.
അധികം കാത്തിരുത്തി മുഷിപ്പിക്കാതെ വിൻഡ്‌സർ ഇവിയുടെ ഡെലിവറിയും എംജി മോട്ടോർ ആരംഭിച്ചിരിക്കുകയാണ്. ദസറയുടെ ശുഭ മുഹൂർത്തത്തിൽ ഏറ്റവും പുതിയ ഇലക്ട്രിക് കാർ ഉടമകളുടെ വീട്ടിലെത്തി തുടങ്ങി. വിമാനത്തിലേതു പോലെ റോഡിലും യാത്ര ഒരുക്കാൻ മിടുക്കുള്ള ഇവിയാണ് വിൻഡ്‌സർ. 13.50 ലക്ഷം മുതൽ 15.50 ലക്ഷം വരെയാണ് വണ്ടിയുടെ എക്സ്ഷോറൂം വില വരുന്നതും. ഇനി ബാറ്ററി വാടകയ്‌ക്ക് എടുക്കുകയാണെങ്കിൽ കാറിന്റെ വില 9.99 ലക്ഷമായി കുറയുകയും ചെയ്യും.

പകരം ഓടുന്ന ഓരോ കിലോമാറ്ററിനും 3.50 രൂപ കമ്പനിക്ക് വാടകയായി നൽകിയാൽ മതിയാവും. ടാറ്റ പഞ്ച് ഇവി, ടാറ്റ നെക്‌സോൺ ഇവി, മഹീന്ദ്ര XUV400 എന്നിവ പോലുള്ള എതിരാളികളെ നേരിടാൻ എംജി വിൻഡ്‌സർ ഇവി പുറത്തിറങ്ങുമ്പോൾ വിപണി കത്തുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 15,000-ത്തിലധികം ബുക്കിംഗുകൾ വാരിയാണ് സിയുവി വരവറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് വാഹനത്തിനും ആദ്യ ദിവസം ലഭിക്കുന്ന ഉയർന്ന ബുക്കിംഗ് കണക്കുകളാണിത്. ഒരു വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്പേസും പ്രായോഗികതയുമാണ് എംജി വിൻഡ്‌സർ ഇവിയുടെ പ്രത്യേകത. 18 ഇഞ്ച് അലോയ് വീലുകളിൽ സഞ്ചരിക്കുന്ന മോഡൽ പ്രീമിയം ഫ്ലഷ് ഡോർ ഹാൻഡിലുകളോടെയാണ് വരുന്നത്. ഒപ്പം ഓൾ-എൽഇഡി ലൈറ്റിംഗും കൂടിയാവുമ്പോൾ സംഗതി കളറാവുകയും ചെയ്യുന്നു.

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ക്രോസ്ഓവർ തെരഞ്ഞെടുക്കാം. ടർക്കോയ്സ് ഗ്രീൻ, സ്റ്റാർബർസ്റ്റ് ബ്ലാക്ക്, പേൾ വൈറ്റ്, ക്ലേ ബീജ് എന്നിവയാണ് കളർ ഓപ്ഷനുകൾ. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ ഭൂരിഭാഗം നിയന്ത്രണങ്ങളും സംയോജിപ്പിച്ച് ശരിക്കും മോഡേണായ അകത്തളമാണ് വിൻഡ്‌സറിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം വിമാനത്തിലേതിന് സമാനമായ യാത്രാ സുഖവും ഇവിയെ കിടിമാക്കും.
വിൻഡ്‌സറിൽ പിന്നിലേക്ക് ചാരിയിരിക്കാവുന്ന പിൻസീറ്റുകളാണ് എംജി പണികഴിപ്പിച്ചിരിക്കുന്നത്. ഇത് സുഖസൗകര്യങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ അനുയോജ്യതയോടെയാണ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരുന്നത്. മാത്രമല്ല ലൈറ്റുകൾ, എയർ കണ്ടീഷനിംഗ് എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമുള്ള നിയന്ത്രണങ്ങളും ഇതിലാണ് കൊടുത്തിരിക്കുന്നത്.

8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, പനോരമിക് ഗ്ലാസ് റൂഫ്, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 9 സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം എന്നീ ഫീച്ചറുകൾ കൂടിയാവുമ്പോൾ എംജി വിൻഡ്‌സർ ഇവി കളർഫുള്ളാവുന്നുമുണ്ട്.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ എംജിയുടെ ഏറ്റവും പുതിയ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനത്തിൽ ആറ് എയർബാഗുകൾ, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർപ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നിവയും ലഭിക്കും. 38 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം.
134 bhp കരുത്തിൽ 200 Nm torque വികസിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് എംജി വിൻഡ്‌സർ ഇവി വാഗ്‌ദാനം ചെയ്യുന്നത്. ഇലക്ട്രിക് ക്രോസ്ഓവറിന് ഫാസ്റ്റ് ചാർജിംഗ് അനുയോജ്യതയുള്ളതിനാൽ ചാർജിംഗും തലവേദനയാവില്ല. 45 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 55 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








