അച്ഛാ മിനി... കൂപ്പറിന്റെ പെട്രോൾ കാർ ഇനി വാങ്ങാൻ പറ്റിയേക്കണമെന്നില്ല, അവസാന മോഡലിനായുള്ള ബുക്കിംഗ് തുടങ്ങി
ആഡംബര കാറുകളുടെ (Luxury Cars) ഏറ്റവും നല്ല വിപണികളിൽ ഒന്നായി വളർന്നിരിക്കുകയാണ് ഇന്ത്യ. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയും പോലുള്ള ജർമൻ ബ്രാൻഡുകളാണ് ഏറ്റവും കൂടുതൽ കാശ് വാരുന്നതെങ്കിലും സൈഡിലൂടെ മികച്ച വിൽപ്പനയുമായി ബ്രിട്ടീഷ് ലക്ഷ്വറി കാർ നിർമാതാക്കളായ മിനിയും പറന്നുയരുന്നുണ്ട്. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ഈ കമ്പനിയുടെ കുട്ടിക്കാറുകളോട് ആളുകൾക്ക് എന്നുമൊരു പ്രത്യേക അടുപ്പമാണുള്ളത്. ഇന്ത്യയിലെ പ്രീമിയം വാഹനങ്ങളില്‍ താരപരിവേഷമുള്ള മോഡലാണ് മിനി കൂപ്പര്‍ (Mini Cooper) എന്ന കുഞ്ഞന്‍ മോഡലുകൾ എന്നു പറഞ്ഞാലും തെറ്റൊന്നുമില്ല.
കാഴ്ച്ചയിൽ വളരെ ചെറുതാണെങ്കിലും ആള് പുലിയാണെന്ന് വേണം പറയാൻ. പ്രത്യേകിച്ച് സ്ത്രീകളെ ആകർഷിക്കാറുള്ള രൂപമാണെങ്കിലും മിനി കൂപ്പർ ഏറ്റവും കൂടുതൽ വാങ്ങാനെത്തുന്നത് പുരുഷൻമാരാണ്. രണ്ട് സൈഡിലും ഫാൻസുള്ളതിനാൽ മിനിക്ക് കാര്യങ്ങൾ എളുപ്പമാവുന്നുണ്ട്. മിനിയുടെ അവസാന കമ്പഷൻ എഞ്ചിൻ പതിപ്പായ നാലാംതലമുറ കൂപ്പർ S പെട്രോൾ 3-ഡോർ ഹാച്ച്ബാക്കിനെ കമ്പനി അടുത്തിടെ വിദേശ വിപണികൾക്കായി പുറത്തിറക്കിയിരുന്നു.

ഇനിയങ്ങോട്ട് സമ്പൂർണ ഇലക്ട്രിക്കായി ജീവിതം കഴിച്ചുകൂട്ടാനാണ് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രാൻഡിന്റെ പ്ലാൻ. അതിനു മുന്നോടിയായി കൂപ്പർ S ഹാച്ച്ബാക്കിന്റെ അവസാന ആവർത്തനത്തെ ഇന്ത്യൻ വിപണിയിൽ കൂടി അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ് കമ്പനി. ഈ വർഷാവസാനം മോഡൽ നമ്മുടെ രാജ്യത്തേക്കും എത്തും. അതിനു മുന്നോടിയായി പുതുതലമുറ കൂപ്പർ 3-ഡോർ കാറിനായുള്ള പ്രീ-ബുക്കിംഗും ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ് മിനി.
ഏറ്റവും പുതിയ മിനി കൂപ്പർ 3-ഡോർ ഹാച്ച്ബാക്ക് വാങ്ങാൻ താത്പര്യമുള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി വാഹനം പ്രീ-ബുക്ക് ചെയ്‌തിടാം. ഇതോടൊപ്പം കൺട്രിമാൻ E ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിഗും തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. രണ്ട് കാറുകളും 2024 അവസാനത്തോടെ വിപണനത്തിന് തയാറായി എത്തുമെന്നാണ് സൂചന. 1959-ലെ ഒറിജിനൽ കൂപ്പറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കൂപ്പർ S ഡിസൈൻ ചെയ്‌തിരിക്കുന്നത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും മുൻവശത്തെ ഒക്‌ടഗോണൽ ഗ്രില്ലും, ക്ലീൻ ലൈനുകളും പിന്നിലെ യൂണിയൻ ജാക്ക്-പ്രചോദിത ടെയിൽ ലാമ്പുകളും കാറിന്റെ അഴക് വർധിപ്പിക്കുന്നനുണ്ട്. ഇതോടൊപ്പം ഫ്ലഷ് ഡോർ ഹാൻഡിലുകളും കൂടി ചേരുന്നതോടെ സംഭവം കളറാവുന്നുണ്ട്. 3-ഡോർ, 5-ഡോർ, സോഫ്റ്റ്-ടോപ്പ് കൺവേർട്ടബിൾ, ജോൺ കൂപ്പർ വർക്ക്സ് എഡിഷൻ (JCW) എന്നീ പതിപ്പുകളിൽ നാലാംതലമുറ ആവർത്തനം ലഭിക്കുമെങ്കിലും ഇന്ത്യയിൽ 3-ഡോർ മോഡലാണ് ആദ്യം വരിക.
എക്സ്റ്റീരിയർ പോലെ തന്നെ മിനിമലിസ്റ്റ് ഡിസൈനാണ് അകത്തളത്തിലും കാണാനാവുന്നത്. വലിയ വൃത്താകൃതിയിലുള്ള സെൻട്രൽ ഡിസ്‌പ്ലേ, ഇൻ-കാർ കൺട്രോളുകൾക്കുള്ള നെർവുകൾ എന്നിവയെല്ലാം കിടിലമാണ്. OLED ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേയാണ് കാറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രൊഡക്ഷൻ കാറിലെ ആദ്യ റൗണ്ട് OLED ടച്ച്‌സ്‌ക്രീനാണ് ഇതെന്നാണ് മിനി പറയുന്നത്.

മുകളിൽ വേഗതയും ഇന്ധനക്ഷമതയും, താഴെ മെനു ബാറും പോലുള്ള നിർണായക വിവരങ്ങൾ പ്രദർശിക്കുന്ന വിധമാണ് യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. ടോഗിൾ സ്വിച്ചുകളുടെ ഒരു നിര ടച്ച്‌സ്‌ക്രീനിന് താഴെയായി ഇടംപിടിച്ചിട്ടുണ്ട്. 'എക്സ്പീരിയൻസ് മോഡുകൾ' ടോഗിൾ, പാർക്കിംഗ് ബ്രേക്ക്, ഗിയർ സെലക്ടർ, സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച് എന്നിവയാണ് ഇതിൽ ഉൾക്കൊള്ളുന്നത്. മറഞ്ഞിരിക്കുന്ന ആംബിയന്റ് ലൈറ്റിംഗിന്റെ കാര്യവും എടുത്തുപറയേണ്ട കാര്യമാണ്.
മൂന്നാം തലമുറ ഹാച്ചിൻ്റെ അതേ രണ്ട് ടർബോ-പെട്രോൾ എഞ്ചിനുകളുമായാണ് പുതുതലമുറ കൂപ്പർ നിരത്തിലേക്ക് ഇറങ്ങാൻ പോവുന്നത്. എൻട്രി ലെവൽ കൂപ്പർ സിയിലെ 1.5 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിന് 156 bhp പരമാവധി കരുത്ത് പുറത്തെടുക്കാനാവും. ഇത് 0-100 കിലോമീറ്റർ വേഗത വെറും 7.7 സെക്കൻഡിലാണ് കൈവരിക്കുന്നത്. ഇനി കൂപ്പർ എസിലെ 2.0 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിന് മുൻഗാമിയിൽ നിന്ന് അധികമായി 25 bhp കരുത്തോളം അധികമുണ്ട്.
201 bhp കരുത്തിൽ പരമാവധി 300 Nm torque സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് മിനി കൂപ്പർ S ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ അധികമായി 25 bhp, 20 Nm torque എന്നിവ നൽകാൻ കാർ പ്രാപ്‌തമാണ്. 6.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
മറുവശത്ത് പുതുതലമുറ മിനി കൺട്രിമാൻ ഇലക്ട്രിക് അവതാരത്തിലാവും എത്തുക. 201 bhp പവറിൽ 250 Nm torque നൽകുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും എസ്‌യുവിക്ക് കരുത്ത് പകരുക. 8.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കൺട്രിമാൻ ഇക്ക് കഴിയും. സിംഗിൾ ചാർജിൽ കൺട്രിമാൻ E ഇവിക്ക് 462 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് മിനി പറയുന്നത്.


Click it and Unblock the Notifications








