5.99 ലക്ഷത്തിന്റെ ബേസ് മോഡൽ വാങ്ങിയാലും നഷ്‌ടമില്ല! മാഗ്നൈറ്റിന്റെ വേരിയന്റും ഫീച്ചറുകളും കണ്ടാൽ വാങ്ങിപ്പോവും
ഹാച്ച്ബാക്കുകളുടെ അന്തകനായി നിസാൻ മാഗ്നൈറ്റ് അവതരിച്ചിട്ട് കാലം ഇമ്മിണിയായി. ഹാച്ച്ബാക്ക് വാങ്ങാനിരുന്ന പകുതി പേരെയെങ്കിലും എസ്‌യുവി മുതലാളിയാക്കിയ മാഗ്നൈറ്റ് 4 കൊല്ലത്തോളമായി വിപണി ഭരിക്കുകയാണ്. ഇക്കാലത്തിനിടയ്ക്ക് എതിരാളികളായി കണക്കുകൂട്ടിയ പലരും കൂടുതൽ ആധുനികരായി എത്തുകയുണ്ടായി. ഈ ഗ്യാപ്പിൽ അടിച്ച്കയറാൻ മുഖംമിനുക്കി ജാപ്പനീസ് കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനവും റെഡിയായി വന്നു. 5.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വില നിലനിർത്തിയാണ് വണ്ടിയെ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നതും. ചെറിയ ചില കോസ്മെറ്റിക് അപ്ഡേഷനുകളും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുമാണ് മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ വേരിയന്റുകളുടെ പേരിലും മാറ്റംകൊണ്ടുവന്ന് നിസാൻ ഞെട്ടിച്ചിട്ടുണ്ട്. മുമ്പ് XE, XL, XV, XV എന്നിങ്ങനെ അറിയപ്പെട്ടിരുന്ന മോഡൽ ഇനി മുതൽ വിസിയ, അസെന്റ, എൻ-കണക്‌ട, ടെക്ന, ടെക്ന പ്ലസ് എന്നീ വേരിയന്റുകളിലാവും ലഭ്യമാവുക. ഇതോടൊപ്പം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ലഭ്യമായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകളാണ് നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനും കരുത്ത് പകരുന്നത്. 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ ഓപ്ഷനുകൾ ഇനിയും ആളുകൾക്ക് തെരഞ്ഞെടുക്കാം.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, അഞ്ച് സ്പീഡ് എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് വാഹനത്തിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നിസാൻ മാഗ്‌നൈറ്റ് സബ്-കോംപാക്ട് എസ്‌യുവിയുടെ പുതിയ വേരിയന്റുകളും അതിലെ ഫീച്ചറുകളുമെല്ലാം എന്തെല്ലാമെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. അതും ഈ കുറഞ്ഞ വിലയ്ക്ക് എസ്‌യുവി വാങ്ങാൻ കിട്ടുമ്പോൾ ആവേശം ഇരട്ടിയാവുകയും ചെയ്യും. അത്തരക്കാർക്കായി പുത്തൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ വേരിയന്റുകളും വിശേഷങ്ങളും വിശദീകരിക്കാം.
വിസിയ: ബേസ് മോഡലായി വരുന്ന വിസിയക്ക് 5.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ വരുന്ന ഇത് 5-സ്പീഡ് മാനുവലിലും എഎംടി ഓപ്ഷനിലും ലഭ്യമാണ്. സബ് കോംപാക്ട് എസ്‌യുവിയുടെ പുതുക്കിയ ആവർത്തനത്തിന് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ക്രോം അലങ്കരിച്ച ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, ഇൻ്റഗ്രേറ്റഡ് റിയർ സ്‌പോയിലർ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് നിസാൻ ഒരുക്കിയിരിക്കുന്നത്.

ഇന്റീരിയർ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. റിയർ ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ 3.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, അഡ്‌ജസ്റ്റബിൾ ഫ്രണ്ട് ആൻഡ് റിയർ ഹെഡ്‌റെസ്റ്റുകൾ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, PM 2.5 ക്യാബിൻ എയർ ഫിൽട്ടർ, 12V ഫ്രണ്ട് പവർ സോക്കറ്റ്, പവർ വിൻഡോകൾ എഎംടി പതിപ്പിന് ഒരു ഫുട്‌റെസ്റ്റ് എന്നിവയും ലഭിക്കും.
സേഫ്റ്റിയുടെ കാര്യത്തിലും വേറെ ലെവലാണ് കക്ഷി. ആറ് എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും മൂന്ന്-പോയിൻ്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, EBD, ബ്രേക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാമാണ് നിസാന്റെ മാഗ്നൈറ്റിന്റെ വിസിയ വേരിയന്റിൽ ഒരുക്കിയിട്ടുള്ളത്.

വിസിയ പ്ലസ്: മാഗ്നൈറ്റ് വിസിയ പ്ലസിന് 6.49 ലക്ഷം രൂപയാണ് വില വരുന്നത്. മാനുവൽ ഗിയർബോക്സുള്ള 1.0 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഇതിന്റെയും ഹൃദയം. വിസിയയിൽ ലഭ്യമായ ഫീച്ചറുകൾക്ക് പുറമെ ഷാർക്ക്ഫിൻ ആൻ്റിന, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾകാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഇൻ-ബിൽറ്റ് വൈഫൈ ടെതറിംഗ്, 4-സ്പീക്കർ ഓഡിയോ സിസ്റ്റം, റിയർ വൈപ്പറും വാഷറും, ഡിഫോഗർ, റിവേഴ്സ് ക്യാമറ എന്നിവ അധികമായി ലഭിക്കും.
അസെൻ്റ: നിസാൻ മാഗ്നൈറ്റ് അസെൻ്റയുടെ വില 7.14 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലും ടർബോ-പെട്രോൾ മോട്ടോറിലും ഈ ട്രിം ലഭ്യമാണെന്നതാണ് ഹൈലൈറ്റ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ ഗിയർബോക്സും സിവിടിയും തെരഞ്ഞെടുക്കാനും അവസരമുണ്ട്. താഴ്ന്ന വേരിയൻ്റുകളുടെ എല്ലാ സവിശേഷതകളും അസെൻ്റ വേരിയന്റിൽ കമ്പനി ഒരുക്കിയിട്ടുമുണ്ട്.
കൂടാതെ അധികമായി ഇതിന് സ്കിഡ് പ്ലേറ്റുകൾ, ഡ്യുവൽ-ടോൺ വീൽ കവറുകൾ, ORVM-കളിലെ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഇലക്ട്രിക്കലി ഫോൾഡബിൾ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ എന്നിവയും ലഭിക്കും. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, സ്മാർട്ട് കീ വഴി റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, സെൻട്രൽ ലോക്കിംഗ്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ആൻ്റി-തെഫ്റ്റ് അലാറം തുടങ്ങിയവയും അസെന്റയിൽ സജ്ജീകരിച്ചിട്ടുണ്ട്.
എൻ-കണക്റ്റ: നിസാൻ മാഗ്നൈറ്റ് എൻ-കണക്റ്റ 7.86 ലക്ഷം രൂപ മുതൽ ലഭ്യമാണ്. നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ-പെട്രോൾ എഞ്ചിനുകളാണ് ഇതിലുമുള്ളത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ ഗിയർബോക്സും സിവിടിയും ഉൾപ്പെടുന്നു. ലേവർ വേരിയന്റുകളിലെ എല്ലാ സവിശേഷതകളും ഇതിന് ലഭിക്കുന്നുവെന്നത് കൂടാതെ ഇതിന് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, സൈഡ് ബോഡി ക്ലാഡിംഗ് തുടങ്ങിയവയുമുണ്ട്.
7-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 6-സ്പീക്കർ ആർക്കമീസ് 3D സൗണ്ട്സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾകാർപ്ലേ, വോയ്‌സ് റെക്കഗ്നിഷനോടുകൂടിയ 8-ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ലെതറെറ്റ് ഡാഷ്‌ബോർഡ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, സ്മാർട്ട് കീ, ഫ്രണ്ട് ആൻഡ് റിയർ യുഎസ്ബി ടൈപ്പ്-സി ചാർജറുകൾ, സ്റ്റോറേജുള്ള ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, റിയർ എസി വെൻ്റുകൾ, റിയർ ക്യാമറ, ഇലുമിനേറ്റഡ് ഗ്ലോവ് ബോക്സ്, ട്രങ്ക് എന്നിവയാണ് അകത്തളത്തിലെ വിശേഷങ്ങൾ.
ടെക്‌ന: 8.75 ലക്ഷം രൂപ മുതലാണ് ടോപ്പ് എൻഡിന് തൊട്ടുതാഴെയുള്ള ഈ വേരിയന്റിന് വരുന്ന വില. എൽഇഡി ടെയിൽലൈറ്റുകൾ, ബൈ-പ്രൊജക്ടർ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ. ഇൻ്റീരിയറിലെ ഓറഞ്ച് സ്റ്റിച്ചിംഗ്, കൂൾഡ് ഗ്ലോവ് ബോക്സ്, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, സീറ്റുകളിൽ ലെതറെറ്റ് ആക്‌സൻ്റുകൾ, ലെതറെറ്റ് ഹാൻഡ്‌ബ്രേക്ക്, എൽഇഡി ക്യാബിൻ ലാമ്പ് എന്നിവയാണ് ഇതിലെ മെയിൻ കാര്യങ്ങൾ.
ടെക്‌ന പ്ലസ്: മാഗ്‌നൈറ്റ് ടോപ്പ് എൻഡ് ടെക്‌ന പ്ലസിൻ്റെ എക്‌സ്ഷോറൂം വില 9.10 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇതിന് ഡ്യുവൽ-ടോൺ ബ്രൗൺ, ഓറഞ്ച് ഇൻ്റീരിയർ തീമാണ് നിസാൻ ഒരുക്കിയിരിക്കുന്നത്. ഈ വേരിയന്റിന് അധികമായി സ്പോർട്സ് ലെതറെറ്റ് സീറ്റുകൾ, ഒരു ലെതറെറ്റ് ഫ്രണ്ട് ആംറെസ്റ്റ്, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ് പോലുള്ള എക്സ്ട്രാ ഫീച്ചറുകളും ലഭിക്കും.


Click it and Unblock the Notifications








