ഇനി മാഗ്നൈറ്റ് ഒറ്റക്കല്ല, നിസാൻ ഷോറൂമുകളിൽ ആളെക്കൂട്ടാൻ 7-സീറ്റർ എസ്‌യുവിയും വരുന്നു
ഒരു നാല്, അഞ്ച് കൊല്ലം മുമ്പ് ഇന്ത്യക്കാരോട് ബൈ പറഞ്ഞുപോവാൻ റെഡിയായി നിൽക്കുകയാണ് നിസാൻ (Nissan) എന്ന് വിചാരിച്ചിരുന്നവരാണ് പലരും. ഷോറൂമിലുണ്ടായിരുന്ന കാറുകൾ വാങ്ങാൻ ആരും എത്തുന്നില്ലാത്ത കാലത്ത് ഡീലർഷിപ്പുകൾ പോലും ഇത്തരത്തിൽ പടിയിറക്കവും കാത്തിരുന്നിട്ടുണ്ടാവും. എന്നാൽ ജാപ്പനീസ് വാഹന നിർമാതാക്കളുടെ പദ്ധതി മറ്റൊന്നായിരുന്നു. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ (SUV) ട്രെൻഡായി വരുന്ന സമയത്ത് തന്നെ കൃത്യമായി പദ്ധതികൾ ആവിഷ്ക്കരിക്കാൻ നിസാന് സാധിച്ചു. അങ്ങനെയാണ് മാഗ്നൈറ്റ് (Magnite) എന്ന സൂപ്പർതാരം പിറവിയെടുക്കുന്നത്. പിന്നെ ഇതുവരെ കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല.
മാഗ്നൈറ്റ് അവതരിപ്പിച്ച കാലത്ത് കൂട്ടിന് കിക്‌സ് എന്നൊരു എസ്‌യുവി കൂടെ നിസാൻ ഷോറൂമുകളിൽ ഉണ്ടായിരുന്നു. പതിയെ അത് നിർത്തലാക്കിയതോടെ മാഗ്നൈറ്റ് ഒറ്റയ്ക്ക് പോരാടി. എന്നാൽ ഒരൊറ്റ കാറുകൊണ്ട് രാജ്യത്ത് ദീർഘകാലം പിടിച്ചു നിൽക്കാനാവില്ലെന്ന് ജാപ്പനീസ് കമ്പനിക്കറിയാം. എങ്കിലും നാല് കൊല്ലത്തോളം ഒറ്റയ്ക്ക് പിടിച്ചു നിൽക്കാനായത് വലിയൊരു കഥ തന്നെയാണ്. എന്നാൽ ഇപ്പോഴിതാ മാഗ്നൈറ്റിന് ഒരു കൂട്ടെത്തുകയാണ്.

ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന X-ട്രെയിലിന്റെ അവതരണത്തിന് ഏതാണ്ട് തീരുമാനമായിരിക്കുകയാണ്. നേരത്തെ തന്നെ യമണ്ടൻ എസ്‌യുവിയുടെ വരവ് നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ സമയമൊന്നും വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ പുതിയൊരു ടീസർ പുറത്തുവിട്ടാണ് ടൊയോട്ടയുടെ എതിരാളിയുടെ വരവിന് നിസാൻ സൂചന നൽകിയിരിക്കുന്നത്. X-ട്രെയിലിന്റെ നാലാം തലമുറ മോഡലായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക.
പ്രാദേശികമായി നിർമിക്കുന്നതിന് പകരം കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) വാഹനത്തെ അവതരിപ്പിക്കാനാണ് നിസാൻ പ്ലാനിട്ടിരിക്കുന്നത്. 2022-ല്‍ കമ്പനി മൂന്ന് എസ്‌യുവികള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അക്കൂട്ടത്തിൽ ആദ്യം വിപണിയിൽ എത്തുന്ന മോഡലായിരിക്കും X-ട്രെയിൽ. നാലാം തലമുറ നിസാന്‍ X-ട്രെയില്‍ 2021 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍പനക്കെത്തുന്നുണ്ട്.

എസ്‌യുവിയുടെ രണ്ടാംതലമുറ ആവർത്തനം ഇന്ത്യയിൽ പരാജയപ്പെട്ടിരുന്നുവെങ്കിലും നിലവിലെ സാഹചര്യം മാറിയതിനാൽ ആളെപ്പിടിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഒരു പ്രീമിയം എക്സിക്യൂട്ടീവ് എസ്‌യുവിയായിട്ടായിരിക്കും X-ട്രെയിൽ വിപണനം ചെയ്യുക. അതായത് നിലവിൽ സ്കോഡ കൊഡിയാക് പിന്തുടരുന്ന ഐഡിയയാണിത്. 5-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ രൂപങ്ങളിലും വാഹനം വാങ്ങാനായേക്കും.
റെനോ-നിസാൻ്റെ CMF-C പ്ലാറ്റ്‌ഫോമിലാണ് ഏറ്റവും പുതിയ X-ട്രെയിൽ നിർമിച്ചിരിക്കുന്നത്. വിദേശത്ത് ധാരാളം പെട്രോൾ, ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ നൽകുമ്പോൾ ഇന്ത്യയ്ക്ക് 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂവെന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്. ഹോമോലോഗേഷൻ്റെ ആവശ്യമില്ലാതെ പ്രതിവർഷം നിസാന് 2,500 യൂണിറ്റുകൾ വരെ ഇറക്കുമതി ചെയ്യാൻ കഴിയും. ഡിമാന്റ് കൂടുതലാണെങ്കിൽ വണ്ടിയുടെ പ്രാദേശിക അസംബ്ലി പരിഗണിക്കാനാണ് ബ്രാൻഡിന്റെ തീരുമാനം.

നിസാന്‍ X-ട്രെയിലിലെ 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിൻ 2WD, AWD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്തേക്കും. എസ്‌യുവിയുടെ ഫ്രണ്ട്-വീൽ ഡ്രൈവ് മോഡൽ 204 bhp കരുത്തിൽ 330 Nm torque നൽകുമ്പോൾ ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ 213 bhp പവറിൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും സ്റ്റാൻഡേർഡായി നൽകുക.
വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4680 mm നീളവും 2065 mm വീതിയും 1725 mm ഉയരവും 2750 mm വീൽബേസും 205 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് നിസാൻ X-ട്രെയിൽ എസ്‌യുവിക്കുള്ളത്. കാഴ്ച്ചയിലും ആള് കിടുവാണ്. ഷാർപ്പ് ലുക്കിംഗ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, വി-മോഷൻ ബ്ലാക്ക് ഗ്രിൽ, മസ്‌കുലാർ ബോണറ്റ്, റേക്കഡ് ഫ്രണ്ട് വിൻഡ്‌ഷീൽഡ്, കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ എന്നിവയെല്ലാം രൂപത്തോട് നീതി പുലർത്തിയിട്ടുണ്ട്.
ഇംപോസിംഗ് വീൽ ആർച്ചുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഒരു വലിയ സൺറൂഫ്, ഇന്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവയും ഫുൾ സൈസ് എസ്‌യുവിയുടെ എക്സ്റ്റീരിയറിന്റെ പ്രത്യേകതയായിരിക്കും. അകത്തേക്ക് കയറിയാൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം എന്നീ മോഡേൺ ഫീച്ചറുകളാലും വാഹനം സമ്പന്നമായിരിക്കും.
ADAS അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ അസിസ്റ്റീവ്, HUD, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ എല്ലാക്കാര്യങ്ങളും നിസാൻ X-ട്രെയിലിലുണ്ടെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ ജീപ്പ് മെറിഡിയൻ, ഹ്യുണ്ടായി ട്യൂസോൺ, സ്‌കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടിഗുവാൻ എന്നിവയോടാവും X-ട്രെയിൽ മത്സരിക്കുക. ഏകദേശം 30 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








