മമ്മൂക്ക വാങ്ങാത്ത കാറുകളിൽ ഒന്ന്, 10.50 കോടിയുടെ പുത്തൻ എസ്‌യുവി പുറത്തിറക്കി കാറുകളിലെ രാജാക്കൻമാർ
ആഡംബര കാറുകളുടെ അവസാനവാക്കായി പലരും കണക്കാക്കുന്ന വാഹനങ്ങളാണ് റോൾസ് റോയ്‌സിന്റേത് (Rolls Royce). കൊട്ടാരങ്ങൾക്ക് സമാനമായ രാജകീയ യാത്രയും ഫീച്ചറുകളുമാണ് ഇവരുടെ കാറുകളിലുള്ളത്. ആഡംബരം തുളുമ്പുന്ന റോള്‍സ് റോയ്‌സ് കാറുകൾ നിരത്തുകൾക്ക് ഒരു പ്രത്യേക അത്ഭുതം തന്നെയാണ് നൽകുന്നത്. ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളാണ് ബ്രിട്ടീഷ് ലക്ഷ്വറി കാർ നിർമാതാക്കൾക്കുള്ളതെങ്കിലും പല സിനിമ നടൻമാരും റോൾസ് റോയ്‌സുകൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ വാഹനങ്ങളോട് ഇത്രയധികം താത്പര്യമുള്ള നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി ഇതുവരെ കൈവെക്കാത്ത ബ്രാൻഡിൽ ഒന്നാണിത്.
ഭാവിയിൽ മമ്മൂക്ക വാങ്ങുമോ ഇല്ലയോന്ന് അറിയില്ലെങ്കിലും റോൾസ് റോയ്‌സ് ഇതാ പുത്തനൊരു വാഹനം ഇന്ത്യൻ വിപണിക്കായി പുറത്തിറക്കിയിരിക്കുകയാണ്. ജനപ്രിയമായ കലിനൻ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് കമ്പനി രാജ്യത്തിനായി അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്വറി എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പിന് 10.50 കോടി രൂപയും ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.25 കോടി രൂപയുമാണ് ഇന്ത്യയിൽ വരുന്ന പ്രാരംഭ വില. റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ എത്തുമ്പോൾ വില ഇനിയും കൂടും.

ഔദ്യോഗികമായി കലിനൻ സീരീസ് II എന്നറിയപ്പെടുന്ന പുതുക്കിയ എസ്‌യുവി ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. പുതിയ സ്റ്റൈലിംഗും പരിഷ്ക്കരിച്ച മോഡൺ ഇൻ്റീരിയറും നവീകരിച്ച സാങ്കേതികവിദ്യയുമായാണ് മുഖംമിനുക്കിയ റോൾസ് റോയ്‌സ് എസ്‌യുവി ഇന്ത്യൻ നിരത്തുകളിലേക്ക് കടന്നുവന്നിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് വാഹനത്തിന് മൊത്തത്തിലുള്ളത്.
കലിനൻ സീരീസ് II മോഡലിന് L-ആകൃതിയിലുള്ള എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള മെലിഞ്ഞ ഹെഡ്‌ലാമ്പുകളാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുതുക്കിയ ബമ്പറിലേക്ക് നീളുന്ന വിധത്തിലായതിനാൽ പ്രീമിയം ഫീൽ വർധിക്കുന്നുമുണ്ട്. എസ്‌യുവിയുടെ ഗ്രിൽ ചെറുതായി റീഡിസൈൻ ചെയ്യാനും കമ്പനി തയാറായിട്ടുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റിനൊപ്പം റിയർ ബമ്പറിലും മാറ്റങ്ങൾ കാണാം. കലിനൻ്റെ അലോയ് വീൽ ഡിസൈനും പുതിയതാണ്.

അകത്തേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നത്തവിധം ആഡംബരം നിറഞ്ഞതാണ് ഏറ്റവും പുതിയ റോൾസ് റോയ്‌സ് കലിനൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ. ഡാഷ്‌ബോർഡിന് കുറുകെ മുഴുവൻ വീതിയുള്ള ഗ്ലാസ് പാനലാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഒപ്പം പുത്തൻ ഡിസ്പ്ലേ ക്യാബിനറ്റും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. അനലോഗ് ക്ലോക്കും അതിനടിയിൽ ഒരു മിനിയേച്ചറൈസ്ഡ്, ഇലുമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാസ്‌കട്ടും ഇതിന് താഴെയായി കാണാം.
റോൾസ് റോയ്‌സിന്റെ സ്പിരിറ്റ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൻ്റെ ഏറ്റവും പുതിയ പതിപ്പുമായാണ് കലിനൻ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. ഇത് പുതിയ ഗ്രാഫിക്സും ഡിസ്‌പ്ലേകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒപ്പം ഉടമകൾക്ക് അവരുടെ ഇൻസ്ട്രുമെന്റ്സിന്റെ നിറങ്ങൾ എക്സ്റ്റീരിയർ കളർ ഓപ്ഷനുമായോ അപ്‌ഹോൾസ്റ്ററിയുമായോ പൊരുത്തപ്പെടുത്താൻ കഴിയുന്നിടത്തോളം കസ്റ്റമൈസേഷൻ ചെയ്യാനും കഴിയും.

മുൻഗാമിയിലെ അതേ ഭീമൻ 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ഏറ്റവും പുതിയ റോൾസ് റോയ്‌സ് കലിനൻ ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയൻ്റിൽ എഞ്ചിന് 571 bhp പവറിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ബ്ലാക്ക് ബാഡ്ജ് എഡിഷനിൽ 600 bhp കരുത്തിൽ 900 Nm torque ആണ് വാഹനം നിർമിക്കുന്നത്. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് സ്റ്റാൻഡർഡായി ജോടിയാക്കിയിരിക്കുന്നത്.
ഫോർ-വീൽ ഡ്രൈവ് വാഹനമായാണ് ആഡംബര കാറുകളിലെ സുൽത്താൻ വിപണിയിലെത്തുന്നത്. അപ്‌ഡേറ്റ് ചെയ്‌ത കലിനൻ എസ്‌യുവിക്ക് അതിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനേക്കാൾ (6.95 കോടി രൂപ) ഏകദേശം 3.55 കോടി രൂപ വില കൂടുതലാണ്. അതേസമയം പുതിയ ബ്ലാക്ക് ബാഡ്ജിന് അതിൻ്റെ മുൻഗാമിയേക്കാൾ (8.20 കോടി രൂപ) 4.05 കോടി രൂപയും അധികമായി മുടക്കേണ്ടി വരും. വിലനിലവാരത്തിൽ നേരിട്ടുള്ള എതിരാളികളില്ലാതെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ എസ്‌യുവി എന്ന സ്ഥാനം കലിനൻ നിലനിർത്തുകയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








