കുലുങ്ങില്ല, ഒടുക്കത്തെ യാത്രാ സുഖം തരുന്ന 7 സീറ്റർ എസ്‌യുവിയുമായി സ്കോഡ, ഇന്ത്യക്കാർ ചാക്കിലാവും
ഇന്ത്യൻ വിപണിയെ കീഴടക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സ്കോഡ (Skoda). പണ്ട് ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ് പോലുള്ള സെഡാനുകളിലൂടെ രാജ്യം ഭരിച്ച ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇപ്പോൾ എസ്‌യുവികളിലൂടെയാണ് പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. പണ്ടൊരു പ്രീമിയം കാർ ബ്രാൻഡ് ഫീലായിരുന്നുവെങ്കിലും കുഷാഖും സ്ലാവിയയും പുറത്തിറക്കി സാധാരണക്കാരിലേക്ക് അടുക്കാൻ സ്കോഡക്കായി. ഇപ്പോഴിതാ 7.89 ലക്ഷത്തിന് കൈലാക് എന്ന പുതിയ സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനവും ഇന്ത്യക്കാർക്ക് സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണിവർ. അങ്ങനെ മൊത്തത്തിൽ എതിരാളികളുടെ നെഞ്ചിൽ തീകോരിയിടുന്ന പ്രഖ്യാപനങ്ങളാണ് സ്കോഡയിൽ നിന്നും പുറത്തുവരുന്നത്.
കൈലാക്കിൽ പദ്ധതികളൊന്നും ഒതുങ്ങുന്നില്ലെന്നാണ് പറഞ്ഞുവരുന്നത്. ജനുവരിയോടെ കൈലാക്കിന്റെ ഡെലിവറി ആരംഭിച്ചതിന് ശേഷം പുത്തനൊരു 7 സീറ്റർ എസ്‌യുവിയെ ഇന്ത്യക്കായി സമ്മാനിക്കാനാണ് സ്കോഡയുടെ നീക്കം. കക്ഷിയെ പലർക്കും അറിയാമെന്നതാണ് രസകരമായ വിഷയം. പുതുതലമുറ കൊഡിയാക്കിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പുത്തൻ ആവർത്തനത്തെ 2025 മെയ് മാസം കമ്പനി ഇന്ത്യയിലെത്തിക്കും.

വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിന് പകരം വില കുറക്കാനായി മോഡൽ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുമെന്നും സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതലമുറ സ്കോഡ കൊഡിയാക് നിലവിൽ ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് ബ്രാൻഡ് ഡയറക്‌ടർ പീറ്റർ ജനീബ വെളിപ്പെടുത്തി. മോഡലിന്റെ പ്രാദേശിക അസംബ്ലിംഗ് 2025 മാർച്ചിൽ ആരംഭിക്കുമെന്നും തുടർന്ന് ഏതാനും ആഴ്ച്ചകൾക്ക് ശേഷം എസ്‌യുവി ലോഞ്ച് ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ നിർമാണ കേന്ദ്രത്തിൽ കൊഡിയാക്ക് അസംബിൾ ചെയ്യുന്നത് തുടരും. നിലവിലെ തലമുറ സ്‌കോഡ കൊഡിയാക് കുറച്ച് മാസങ്ങൾ കൂടി വിൽപ്പനയിലുണ്ടാവും. പിന്നീട് പുതുമോഡലിനായി വഴിമാറുകയും ചെയ്യും. നിലവിലെ കൊഡിയാക് 7 വർഷം മുമ്പാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. പിന്നീട് മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിലൂടെയാണ് കൂടുതൽ മോടിയോടെ തുടരാനും വാഹനത്തിനായി.

നിലവിലെ ആവർത്തനത്തെ അപേക്ഷിച്ച് അപ്‌ഡേറ്റ് ചെയ്‌ത സ്റ്റൈലിംഗും പുതുക്കിയ ഇൻ്റീരിയറും അധിക ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് കൊഡിയാക്കിന്റെ പുതുതലമുറ വരിക. ഡിസൈനിലേക്ക് നോക്കിയാൽ പെട്ടന്നുള്ള കാഴ്ച്ചയിൽ രൂപം മുൻഗാമിക്ക് സമാനമായി തോന്നിയേക്കാം. എന്നാൽ പുതിയ കൊഡിയാക് പൂർണമായും വേഷംമാറിയിട്ടുണ്ടെന്ന് വേണം പറയാൻ. ഇരുവശത്തും സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച കൂറ്റൻ ബട്ടർഫ്ലൈ ഗ്രില്ലാണ് മുൻവശത്തെ അഴക്.
അതോടൊപ്പം മസ്കുലർ ലൈനുകളോട് കൂടി സ്‌കോഡയുടെ 2D ലോഗോ ബോണറ്റിൽ ഇടംപിടിച്ചിരിക്കുന്നതും കാണാം. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതിയ കൊഡിയാക് അതിൻ്റെ ബോക്‌സി പ്രൊഫൈൽ നിലനിർത്തിയിരിക്കുന്നത് സ്വാഗതാർഹമാണ്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ പരുക്കൻ സ്വഭാവം വാഹനത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചിട്ടുമുണ്ട്. പിൻവശത്തേക്ക് നോക്കിയാൽ റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ കൂടാതെ ടെയിൽഗേറ്റിൽ സ്കോഡ ലെറ്റിംഗും ഒരുക്കിയിട്ടുണ്ടേ.

ഇത് പുതിയ കൈലാക്കിലും കാണാം. എക്സ്റ്റീരിയറിനേക്കാൾ ആഡംബരമാണ് ഇന്റീരിയർ എന്നുവേണം പറയാൻ. പുതിയ 10 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, ഫ്രീസ്റ്റാൻഡിംഗ് 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ പോലുള്ള പ്രീമിയം സവിശേഷതകളാണ് എടുത്ത് പറയേണ്ടത്. വിദേശത്ത് ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകൾ ഉണ്ടെങ്കിലും സ്‌കോഡ കൊഡിയാകിൻ്റെ 7 സീറ്റർ പതിപ്പായിരിക്കും ഇന്ത്യക്കായി കൊണ്ടുവരിക.
മസാജ് സീറ്റുകൾ, നാല് യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, 14 സ്പീക്കർ കാൻ്റൺ സൗണ്ട് സിസ്റ്റം, രണ്ട് സ്മാർട്ട്‌ഫോണുകൾക്കായി 15 വാട്ട് വയർലെസ് ചാർജിംഗ് ബോക്‌സ് എന്നിവയാണ് കൊഡിയാക്കിന്റെ പുതുലമുറയിലെ മറ്റ് സവിശേഷതകൾ. പുതിയ തലമുറ കൊഡിയാക്കിലും സ്കോഡ ADAS സജ്ജീകരിച്ചിട്ടുണ്ടാകും. അതിനാൽ സേഫ്റ്റിയുടെ കാര്യമോർത്ത് ആർക്കും വേവലാതി വേണ്ട.
7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോ പെട്രോൾ ടിഎസ്ഐ എഞ്ചിൻ തന്നെയാവും പുതിയ സ്‌കോഡ കൊഡിയാക്കിനും തുടിപ്പേകാൻ എത്തുക. ഇത് 188 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മറ്റ് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകളുമായി പങ്കിടുന്ന MQB EVO പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവിക്ക് പണികഴിപ്പിത്തുന്നത്.
നിലവിൽ 39.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ലോറിൻ ആൻഡ് ക്ലെമന്റ് (L&K) വേരിയൻ്റിലാണ് കൊഡിയാക് വിപണനം ചെയ്യുന്നത്. പുതിയ മോഡലിന് ഇപ്പോഴുള്ള കൊഡിയാക്കിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് തന്നെ കരുതാം. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ പോലുള്ള ഫുൾ-സൈസ് എസ്‌യുവികളോടായിരിക്കും സ്കോഡയുടെ 7 സീറ്റർ പ്രീമിയം എസ്‌യുവി മത്സരിക്കുക.


Click it and Unblock the Notifications








