വിട പറഞ്ഞെങ്കിലും ഫാൻസിന് കുറവൊന്നുമില്ലാത്ത ഐറ്റം, ഇന്ത്യൻസിനെ കൊതിപ്പിച്ച് പോളോ ട്രാക്ക്
ഇന്ത്യയിൽ ഫോക്‌സ്‌വാഗണ് അഡ്രസുണ്ടാക്കി കൊടുത്ത മോഡലാണ് പോളോ എന്ന തട്ടുപൊളിപ്പൻ ഹാച്ച്ബാക്ക്. നിരത്തൊഴിഞ്ഞിട്ട് ഏകദേശം രണ്ട് വർഷത്തോളമായെങ്കിലും വാഹന പ്രേമികൾക്ക് ഇന്നും ഒരു ഹരമാണ് ഈ പേരും കാറും. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും പോളോ അന്വേഷിച്ച് ധാരാളം ആളുകൾ എത്തുന്നുണ്ടെന്ന് വേണം പറയാൻ. ജർമൻ ബ്രാൻഡ് ഇന്ന് വിപണിയിൽ പുറത്തിറക്കുന്ന മോഡലുകളേക്കാളും കൂടുതൽ ഫാൻസ് പോളോയ്ക്കുണ്ട് എന്നതാണ് സത്യം.
ഇന്ത്യയുടെ ഹാച്ച്ബാക്ക് വിപണിയിൽ പോളോയ്ക്ക് സ്വന്തമായി ഒരു സ്ഥാനമുണ്ട്. 2010ലാണ് ഫോക്സ്‌വാഗൺ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ വാഹനമായി പോളോ വിപണിയിലെത്തിയത്. അത്യുഗ്രൻ നിർമാണ നിലവാരവും പെർഫോമൻസും കൊണ്ട് നമ്മെ വിസ്‌മയിപ്പിച്ചാണ് ഹാച്ച് പടിയിറങ്ങിയത്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ട് എന്ന ഈ ഇംഗ്ലീഷ് പഴഞ്ചൊല്ല് പോളോയുടെ കാര്യത്തിൽ കൃത്യമാവുന്നുണ്ട്.

പോളോ നമ്മുടെ വിപണിയിൽ നിന്നും കളമൊഴിഞ്ഞെങ്കിലും ആഗോള വിപണിയിൽ ഇന്നും പുതിയ ആവർത്തനത്തിൽ വണ്ടി തകർത്തോടുന്നുണ്ട്. ഏറ്റവും കഴിവുള്ളതും വൈവിധ്യമാർന്നതുമായ ഹാച്ച്ബാക്കുകളിൽ ഒന്നായി വിദേശത്തും പേരെടുത്ത മോഡലിന് ഇപ്പോൾ പുത്തനൊരു വകഭേദത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. സാധാരണയേക്കാളും കൂടുതൽ പരുക്കൻ ശൈലി പിടിച്ച് ബ്രസീലിയൻ വിപണിയിലാണ് വാഹനം ഇറങ്ങിയിരിക്കുന്നത്.
ഈ പുതിയ ഓഫറിനെ ഫോക്‌സ്‌വാഗൺ പോളോ ട്രാക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. 'ക്രോസ് പോളോ' പോലെ ഇത് പൂർണമായും ഹാർഡ്‌കോർ സ്റ്റൈൽ പിടിക്കുന്നില്ലെങ്കിലും, പുതിയ പോളോ പരുക്കൻ റോഡുകളെ അനായാസം നേരിടാൻ കൂടുതൽ പരിഷ്ക്കാരങ്ങൾ ലഭിക്കുന്നുവെന്നാണ് ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നത്. ബ്രസീലിലെ കൃഷിയിടങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് പോളോ ട്രാക്ക് എന്ന് ഫോക്‌സ്‌വാഗൺ പറയുന്നു.

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മറ്റ് അപ്‌ഗ്രേഡുകളും ഉള്ള രാജ്യത്തെ എൻട്രി ലെവൽ റഗ്ഗഡ് കാറായി പുതിയ പോളോയെ കമ്പനി എടുത്തുകാണിക്കുന്നു. ബ്രസീലിലെ സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിനെ അപേക്ഷിച്ച് പോളോ ട്രാക്ക് പതിപ്പിന് ചെറുതായി ഉയർത്തിയ സസ്പെൻഷൻ ലഭിക്കുന്നു. പാടങ്ങളിലെ കഠിനാധ്വാനം കഴിഞ്ഞ് ചെളിയും പിടിച്ച് കയറിയാലും ഫാമിൽ നിന്ന് വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ എത്തിച്ചാലും സീറ്റിലൊന്നും ചെളിയോ കറയോ പിടിക്കില്ല.
കഴുകാൻ എളുപ്പമുള്ള വിനൈൽ സീറ്റുകൾ അവതരിപ്പിച്ചാൻ് ഇതിന് കമ്പനി പരിഹാരം കണ്ടിരിക്കുന്നത്. ഹാച്ചിൽ റബർ ഫ്‌ളോർ മാറ്റുകളും ട്രെയിലർ ഹിച്ചും പോലും അവതരിപ്പിക്കാനും ഫോക്‌സ്‌വാഗൺ പ്രത്യേകം മനസുകാണിച്ചു. ഓഫ്-റോഡ് പോലെയുള്ള ഉപയോഗങ്ങൾക്കായി പണികഴിപ്പിച്ചിരിക്കുന്നതിനാൽ അലോയ് വീലുകൾക്ക് പകരം പോളോ ട്രാക്ക് 15 ഇഞ്ച് സ്റ്റീൽ വീലുകളുമായാണ് വരുന്നത്. അതിനാൽ കൂടുതൽ ആത്മവിശ്വാസത്തോടെ മോശം റോഡുകളിൽ വണ്ടിയിറക്കാൻ കഴിയും.

ഫോക്‌സ്‌വാഗൺ പോളോ ട്രാക്ക് മോഡൽ ബ്രസീലിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രം ജോടിയാക്കിയ ഇതിന് 84 bhp പവറിൽ പവരമാധി 101 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഫീച്ചറുകളിലും ആള് ധാരാളിയാണ്. ഹാലൊജെൻ ഹെഡ്‌ലാമ്പുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എബിഎസ്, ഇഎസ്‌സി, ഡിഫറൻഷ്യൽ ലോക്ക്, ട്രാക്ഷൻ കൺട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഫീച്ചറുകളാണ് ഹാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഫോക്‌സ്‌വാഗൺ പോളോ ട്രാക്ക് വേരിയന്റ് കമ്പനിയുടെ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. അതായത് പ്രീമിയം ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ തലമുറ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഈ പുത്തൻ പതിപ്പും പണികഴിപ്പിച്ചിരിക്കുന്നതെന്ന് അർഥം. ഇത് ഒരിക്കലും ഇന്ത്യൻ വിപണിയിൽ എത്തില്ലെന്നതാണ് യാഥാർഥ്യം. മോഡലിൻ്റെ തിരിച്ചുവരവിനും യാതൊരു വിധ സൂചനകളും ബ്രാൻഡ് നൽകിയിട്ടില്ല.

പകരം, ഫോക്‌സ്‌വാഗൺ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ സബ്-കോംപാക്‌ട് എസ്‌യുവി പുറത്തിറക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. അത് ബ്രാൻഡിൻ്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന കാറായിരിക്കും. നിലവിലെ മിഡ്-സൈസ് എസ്‌യുവിയായ ടൈഗൂണിന് താഴെയായി പുത്തൻ മോഡലിനെ സ്ഥാപിക്കും. ഇതും ജർമൻ വാഹന നിർമാതാക്കളുടെ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകാനാണ് സാധ്യത.


Click it and Unblock the Notifications








