8 ലക്ഷത്തിന്റെ സ്വിഫ്റ്റ് മാറിനിൽക്കും, 6 ലക്ഷത്തിന്റെ നിസാൻ എസ്‌യുവിയിലെ കിടിലൻ ഇന്റീരിയർ കണ്ടോ?
ധാരാളം മോഡലുകളാൽ സമ്പന്നമായ സെഗ്മെന്റുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മാരുതിയും ടാറ്റയും ഹ്യുണ്ടായിയും മഹീന്ദ്രയുമെല്ലാം നേരിട്ട് ഏറ്റമുട്ടുന്ന വിഭാഗത്തിൽ നിസാൻ പോലുള്ള മിടുക്കൻമാരും നിറഞ്ഞാടുന്നുണ്ട്. മാഗ്നൈറ്റ് എന്ന ഒരൊറ്റ മോഡലിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ കമ്പനി പുത്തനൊരു വാഹനത്തെ കൂടി അടുത്ത ദിവസം പുറത്തിറക്കും. ജനപ്രിയനായ മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണത്. നിലവിലെ ആധുനിക എതിരാളികൾക്ക് മുന്നിൽ നെഞ്ചിവിരിച്ച് നിൽക്കാനാവുന്ന തരത്തിൽ വാഹനത്തെ പരിഷ്ക്കരിക്കുകയാണ് നിസാന്റെ പ്രധാന ലക്ഷ്യം. 2020 ഡിസംബറിൽ സമാരംഭിച്ച മാഗ്‌നൈറ്റിന് ലഭിക്കുന്ന ആദ്യത്തെ മുഖംമിനുക്കലാവുമിത്.
ഒക്‌ടോബർ നാലിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മാഗ്നൈറ്റിന്റെ വരവിനായി പലരും കാത്തിരിക്കുന്നുണ്ട്. ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി എന്ന നിലയിലാണ് മാഗ്നൈറ്റ് നിസാനെ വളർത്തിയത്. നാല് വർഷങ്ങൾക്ക് മുമ്പ് പുറത്തിറക്കിയപ്പോൾ വെറും 4.99 ലക്ഷത്തിന്റെ എക്സ്ഷോറൂം വിലയിലാണ് ഈ തട്ടുപൊളിപ്പൻ കോംപാക്‌ട് എസ്‌യുവി കളംനിറഞ്ഞാടിയത്. അടുത്തിടെ എക്സ്റ്റീരിയറിലെ മാറ്റങ്ങൾ എന്തെല്ലാമാണെന്ന സൂചനയുമായി കമ്പനി പുതിയ ടീസർ വീഡിയോ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ വരാനിരിക്കുന്ന മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ എങ്ങനെയായിരിക്കുമെന്ന കാഴ്ച്ചയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നിസാൻ. 8 ലക്ഷത്തിന്റെ മാരുതി സ്വിഫ്റ്റ് മാറിനിൽക്കുന്ന ലുക്കാണല്ലോ അകത്തളത്തിന് സമ്മാനിച്ചിരിക്കുന്നതെന്നാണ് ഫാൻസിന്റെ കമന്റുകൾ. നിലവിലുണ്ടായിരുന്ന ബ്രൈറ്റ് റെഡ് ഹൈലൈറ്റുകൾക്ക് പകരം ഓറഞ്ച് അല്ലെങ്കിൽ ടാൻ നിറമാണ് ഇപ്പോൾ ജാപ്പനീസ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിൽ കാണുന്നത് പോലെ മുഖംമിനുക്കിയെത്തുന്ന മാഗ്നൈറ്റ് അതിൻ്റെ മുൻഗാമിയിൽ നിന്നുള്ള മിക്ക ഘടകങ്ങളും നിലനിർത്തും. ഇതിൽ ഡാഷ്‌ബോർഡും സെൻ്റർ കൺസോൾ ലേഔട്ടും എസി വെൻ്റുകളുടെ ആകൃതിയും സ്ഥാനവുമെല്ലാം ഉൾപ്പെടുന്നുണ്ട്. കൂടാതെ HVAC കൺട്രോൾ ഡയലുകൾ, സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയും സമാനമായി തുടരുകയാണ്. സീറ്റ് അപ്ഹോൾസ്റ്ററിയും ക്യാബിൻ നിവും പുതിയ ടാൻ ഫിനിഷിൽ പൂർത്തിയാക്കിയത് മാത്രമാണ് എടുത്തുപറയാനുള്ളത്.

മൊത്തത്തിൽ ലംബോർഗിനി കാറുകളിലേതു പോലെയുള്ള ഇൻ്റീരിയർ ലേഔട്ട് സമ്മാനിക്കാനാണ് നിസാൻ ശ്രമിച്ചിരിക്കുന്നത്. ഡോർ പാനലുകളിലെ ഗ്രാബ് ഹാൻഡിലുകൾക്ക് സ്റ്റൈലിസ്റ്റിക് അപ്പീലിനായി പുതിയ രസകരമായ പാറ്റേണുകൾ ലഭിക്കും. വില കുറവായിരിക്കുമെങ്കിലും ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം യാതൊരു വിട്ടുവീഴ്ച്ചയും വരുത്താൻ ബ്രാൻഡ് തയാറായേക്കില്ല. നെക്സോൺ പോലെയുള്ള എതിരാളികളുമായി പിടിച്ചുനിൽക്കണമെങ്കിൽ കുറവുകളൊന്നുമുണ്ടാവാനും പാടില്ല.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റിയർ എസി വെൻ്റുകൾ, സെൻ്റർ ആംറെസ്റ്റ്, പാസീവ് കീലെസ് എൻട്രി, ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയുമായി വരുന്നത് മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് തുടരും. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയും കൂടിയുണ്ടേൽ സംഭവം കളറാവും.

എങ്കിലും മാഗ്‌നൈറ്റിനെ രസകരമായ ഒരു പാക്കേജാക്കി മാറ്റുന്നത് സൺറൂഫിൻ്റെ വരവായിരിക്കും. പനോരമിക് സെറ്റപ്പൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും സിംഗിൾ പാൻ റൂഫിന്റെ വരവ് അൽപം പ്രീമിയം ഫീലായിരിക്കും സമ്മാനിക്കുക. പലരും മാഗ്‌നൈറ്റ് ഇഷ്ടപ്പെടുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മികച്ച സേഫ്റ്റിയാണ്. 2022-ൽ നടത്തിയ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മോഡലിന് 4-സ്റ്റാർ അഡൾട്ട് സേഫ്റ്റി റേറ്റിംഗ് എസ്‌യുവിക്ക് ലഭിച്ചിരുന്നു.
വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, പ്രൊജക്ഷൻ ഗൈഡുള്ള പിൻ ക്യാമറ, ചുറ്റും വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ മുതൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കാനും സാധ്യതയുണ്ട്.
എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എന്നിവ അതേപടി നിലനിർത്തുകയും ചെയ്യും. 5-സ്പീഡ് മാനുവൽ, എഎംടി,സിവിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്‌സ് ഓപ്ഷനുകൾ. മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഔദ്യോഗിക ബുക്കിംഗും നിസാൻ ആരംഭിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്‌താൽ പിറ്റേന്ന് മോഡലിനായുള്ള ഡെലിവറിയും തുടങ്ങും.


Click it and Unblock the Notifications








