ഫ്രോങ്ക്‌സ് വരെ വിറയ്ക്കും, 6 ലക്ഷത്തിന്റെ പുതിയ നിസാൻ എസ്‌യുവി പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം! ടീസർ കണ്ടോ
ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന് ഇന്ത്യയിൽ പുതുജീവനേകിയ മോഡലായിരുന്നു മാഗ്നൈറ്റ് (Nissan Magnite). വിലയുടെ കാര്യത്തിൽ കുഞ്ഞൻ എസ്‌യുവിയായിരുന്നുവെങ്കിലും വലിപ്പത്തിലും ഫീച്ചറുകളുടെ കാര്യത്തിലും എതിരാളികളേക്കാൾ കേമനായിട്ടായിരുന്നു മോഡലിന്റെ വരവ്. ഹാച്ച്ബാക്കിന്റെ വിലയിൽ സ്പോർട് യൂട്ടിലിറ്റി വാഹനം പണിതിറക്കാമെന്ന് മറ്റ് കമ്പനികളെ വരെ നിസാനാണ് പഠിപ്പിച്ചത്. എതിരാളികളുമായി മാറ്റുരച്ചപ്പോൾ പലകാര്യത്തിലും അന്ന് മിടുക്കനായിരുന്നു മാഗ്നൈറ്റ്. എന്നാൽ പിന്നീട് സെഗ്മെന്റിലെ എതിരാളികളെല്ലാം കൂടുതൽ ആധുനികരായപ്പോൾ അൽപം പിൻനിരയിലേക്ക് മാറാനായിരുന്നു വിധി. നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ വീണ്ടും എതിരാളികൾക്ക് ഭീഷണിയാവാനാണ് നിസാന്റെ പദ്ധതി.
അതിന്റെ ഭാഗമായി മാഗ്നൈറ്റിന് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയും അണിയറയിൽ ഒരുക്കുകയാണ്. 2024 ഒക്ടോബർ നാലിന് ഇടിമുഴക്കമായി പുത്തൻ മാഗ്നൈറ്റ് അവതരിക്കും. വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഹൈപ്പുയർത്താനായി ടീസർ ചിത്രങ്ങളും പതിയെ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കാര്യമായ വിശദാംശങ്ങളൊന്നുമല്ലെങ്കിലും ചില സൂചനകളാണ് നിസാൻ ഇതിലൂടെ പറഞ്ഞുവെക്കുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്കാണ് വരവെങ്കിലും ഇത്തവണയും മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ പോലുള്ള ഹാച്ച്ബാക്കുകളുടെ വിപണി പിടിക്കുകയാണ് മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രാഥമിക ലക്ഷ്യം. മാഗ്‌നൈറ്റിൻ്റെ നിലവിലുള്ള ഡിസൈനിൽ ഭൂരിഭാഗവും നിലനിർത്തുമെങ്കിലും അങ്ങിങ്ങായി പുതിയ കാര്യങ്ങൾ ഇടംപിടിക്കുമെന്നതിൽ സംശയമൊന്നുമില്ല. ഡാറ്റ്സനെ ഓർപ്പെടുത്തുന്ന ഗ്രിൽ വരെ പൊളിച്ചെഴുതുമെന്നാണ് വിവരം.
എക്സ്റ്റീരിയർ അപ്‌ഡേറ്റുകളിൽ ബമ്പറുകളിലെ ചെറിയ പരിഷ്‌ക്കാരങ്ങളും ഹെഡ്‌ലൈറ്റ്, ടെയിൽ ലാമ്പ് ഡിസൈനുകളിൽ മാറ്റങ്ങളും ഉണ്ടാവും. അലോയ് വീലുകൾക്ക് പുതിയ 6-സ്‌പോക്ക് ഡിസൈൻ ലഭിക്കുന്നുവെന്നും ടീസർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ മാഗ്‌നൈറ്റിൻ്റെ ഇൻ്റീരിയറിന് അധിക ഫീച്ചറുകൾ ചേർക്കാനും നിസാൻ റെഡിയായിട്ടുണ്ട്.

വലിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മെച്ചപ്പെട്ട സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയായിരിക്കും അകത്തളത്തിലേക്ക് കൊണ്ടുവരുന്ന പ്രധാന പരിഷ്ക്കാരങ്ങൾ. ആറ് എയർബാഗുകൾ ഉൾപ്പെടുത്തുന്നത് പോലുള്ള സുരക്ഷാ നവീകരണങ്ങളും മുഖംമിനുക്കിയ മാഗ്നൈറ്റിന്റെ അപ്‌ഡേറ്റിൻ്റെ ഭാഗമാകും. അങ്ങനെ മൊത്തത്തിൽ കോംപാക്‌ട് എസ്‌യുവകളോട് കിടപിടിക്കാൻ നിസാന്റെ കുഞ്ഞന് സാധിക്കും.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എസി വെൻ്റുകൾ, ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, മുന്നിലും പിന്നിലും ആംറെസ്റ്റുകൾ തുടങ്ങിയ സവിശേഷതകളെല്ലാം ഏറ്റവും പുതിയ നിസാൻ മാഗ്നൈറ്റിൽ നിലനിർത്തുകയും ചെയ്യും. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഫീച്ചറുകളിൽ ഒന്നായ സൺറൂഫും വാഹനത്തിന്റെ ടോപ്പ് വേരിയന്റുകളിൽ ഇടംപിടിച്ചേക്കാം.

മുഖംമിനുക്കുന്നുണ്ടെങ്കിലും നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നും ഉണ്ടാവില്ല. എഞ്ചിൻ ഓപ്ഷനുകളെല്ലാം അതേപടി നിലനിർത്തുകയും ചെയ്യും. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എന്നിവയായിരിക്കും ഇവ. ഇതിൽ ആദ്യത്തേത് 71 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
രണ്ടാമത്തെ ടർബോചാർജ്ഡ് എഞ്ചിൻ 100 bhp കരുത്തിൽ 160 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. NA എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 5-സ്പീഡ് എഎംടിയുമായോ ജോടിയാക്കാം. മറുവശത്ത് ടർബോചാർജ്ഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ലഭിക്കുക. 6 ലക്ഷം രൂപയിൽ തുടങ്ങി 11.27 ലക്ഷം രൂപ വരെയാണ് മാഗ്നൈറ്റിന്റെ നിലവിലെ വില.
പ്രാരംഭ വില അതേപടി നിലനിർത്താനാണ് നിസാന്റെ ശ്രമം. വില തന്നെയാവും പുതിയ മാഗ്നൈറ്റിലേക്കും ആളുകളെ ആകർഷിക്കുക. 2024 ഫെബ്രുവരിയോടെ 1 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് പിന്നിടാനും കോംപാക്‌ട് എസ്‌യുവിക്കായിരുന്നു. മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO തുടങ്ങിയ എതിരാളികളോട് മത്സരിച്ച് വിജയിക്കാൻ പുത്തൻ പതിപ്പിനുമാവുമെന്നാണ് നിസാന്റെ വിശ്വാസവും.


Click it and Unblock the Notifications








