മാഗ്നൈറ്റ് ബേസ് മോഡൽ വേണേൽ ഇനി 6 ലക്ഷം കൊടുക്കണം, പുതുവർഷം മുതലെടുത്ത് നിസാനും
ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‌യുവി വാങ്ങാൻ ഇന്ത്യക്കാരെ പഠിപ്പിച്ച കമ്പനിയാണ് നിസാൻ. അതുവരെ മാരുതി പോലുള്ള മറ്റ് വമ്പൻ വാഹന നിർമാതാക്കൾ പോലും ചിന്തിക്കാത്ത കാര്യമാണ് ജാപ്പനീസ് മുതലാളിയുടെ തലയിൽ ഉദിച്ചത്. ആഗോള വിപണിയിൽ രാജാക്കൻമാരാണെങ്കിലും ഇന്ത്യയിൽ കാര്യമായി ക്ലച്ചുപിടിക്കാതെ പോയവരായിരുന്നു നിസാൻ. ഷോറൂമുകളിൽ ആരും കയറാതിരുന്ന സമയത്ത് കോംപാക്‌ട് എസ്‌യുവി പുറത്തിറക്കാൻ കാണിച്ച ധൈര്യം പിന്നീടങ്ങ് മുതൽക്കൂട്ടാവുകയും ചെയ്‌തു.
മുകളിൽ പറഞ്ഞതു പോലെ കോംപാക്‌ട് എസ്‌യുവിയെ ഹാച്ച്ബാക്കിന്റെ വിലയിൽ അവതരിപ്പിച്ച് വലിയ ചരിത്രമാണ് നിസാൻ കുറിച്ചത്. മാഗ്നൈറ്റിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററുമെല്ലാം എത്തുന്നതിനു മുമ്പ് വിപ്ലവം രചിച്ച കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനമായ മാഗ്നൈറ്റ് ഇന്നും പലരുടേയും ഇഷ്‌ട വണ്ടികളിൽ ഒന്നാണ്. അതിന്റെ പ്രധാന കാരണം പോക്കറ്റിന് ഇണങ്ങുന്ന വില തന്നെയായിരുന്നു. പക്ഷേ ഇനി മുതൽ സംഭവം അങ്ങനെയല്ല കേട്ടോ...

2024 ജനുവരി മുതൽ മാഗ്നൈറ്റിന്റെ വില പരിഷ്‌കരിക്കുമെന്ന് നിസാൻ ഡിസംബറിൽ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിപ്പോൾ നടപ്പിലാക്കിയ ഔദ്യോഗിക സ്ഥിരീകരണവും കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുകയാണിപ്പോൾ. ഉയർന്നു വരുന്ന ഇൻപുട്ട്, മെറ്റീരിയൽ ചെലവുകളും പണപ്പെരുപ്പവും കണക്കിലെടുത്താണ് ഇന്ത്യയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഇനി നിസാന്റെ പുതിയ വില എങ്ങനെയാണെന്നും എത്ര രൂപയാണ് കൂടിയിരിക്കുന്നതെന്ന കാര്യവും വിശദമായി നോക്കാം.
വില പരിഷ്ക്കാരത്തിന് മുമ്പ് 5.90F ലക്ഷം രൂപ മുതലുള്ള എക്സ്ഷോറൂം വിലയിലാണ് നിസാൻ മാഗ്നൈറ്റ് വിപണനത്തിന് എത്തിയിരുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 11.02 ലക്ഷം വരെയുമാണ് മുടക്കേണ്ടി വന്നിരുന്നത്. എന്നാൽ 2024 ജനുവരി ഒന്നു മുതൽ എസ്‌യുവി വാങ്ങാൻ എത്തുന്നവർ അധികമായി കരുതേണ്ടത് 1,000 രൂപ മുതൽ 25,000 രൂപയോളമാണെന്ന് കമ്പനി പറയുന്നു. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് വില മാറുക.

2024 ജനുവരി ഒന്നിന് ശേഷം നടത്തുന്ന എല്ലാ ബുക്കിംഗുകൾക്കും ഈ പുതിയ വിലകൾ ബാധകമാണ്. ഇതോടെ മാഗ്നൈറ്റ് എസ്‌യുവിക്ക് 6 ലക്ഷം മുതൽ 11.11 ലക്ഷം രൂപ വരെയായി പുതുക്കിയ എക്സ്ഷോറൂം വില. XE, XL, XV, XV പ്രീമിയം, കുറോ എഡിഷൻ, ഗെസ എഡിഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ നിസാൻ മാഗ്നൈറ്റ് ലഭ്യമാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മോഡലിനുള്ളത്.
അഞ്ച് സ്പീഡ് മാനുവൽ, എഎംടി, സിവിടി ഗിയർബോക്സ് എന്നിവയാണ് മാഗ്നൈറ്റിനൊപ്പം നിസാൻ വാഗ്‌ദാനം ചെയ്യുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ. വില വർധനവിന് പുറമെ വാഹനത്തിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും ലഭിക്കുന്നില്ല. ഓട്ടോമാറ്റിക് കാറുകളുടെ ആവശ്യം കണക്കിലെടുത്ത് ഈ അടുത്തിടെയാണ് മാഗ്നൈറ്റിലേക്ക് എഎംടി ട്രാൻസ്‌മിഷൻ കമ്പനി അവതരിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വില കുറവുള്ള ക്ലച്ച്ലെസ് എസ‌്‌യുവിയായാണ് ഇതറിയപ്പെട്ടതും.

ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ അഥവാ എഎംടിയുടെ വരവാണ് വാഹനങ്ങളുടെ തലവര മാറ്റിക്കുറിച്ചത്. ഡ്രൈവിംഗ് സുഖകരമാക്കിയ ഈ നീക്കം നിസാനും കടമെടുക്കുമ്പോൾ സിറ്റി ഡ്രൈവിംഗിന് ഏറ്റവും അനുയോജ്യമായ സ്പോർട് യൂട്ടിലിറ്റി വാഹനമായി മാഗ്നൈറ്റും മാറുന്നു. Z-ഷിഫ്റ്റ് എന്ന പേരിലാണ് മാഗ്നൈറ്റിലെ എഎംടി വേരിയന്റുകൾ അറിയപ്പെടുക. ഇത്തരം ചില മാറ്റങ്ങളുമായി പോയ വർഷം കളംനിറഞ്ഞ ബ്രാൻഡ് ഇക്കൊല്ലം ഇന്ത്യക്കായി ഒരുക്കുന്നത് വലിയ വിസ്‌മയങ്ങളാണ്.
നിലവിൽ ഒരൊറ്റ മോഡൽ മാത്രമാണ് നിസാന്റെ ഇന്ത്യൻ നിരയിലുള്ളതെങ്കിലും 2024 മുതൽ ഒരു എംപിവി, രണ്ട് എസ്‌യുവികൾ, ഒരു എൻട്രി ലെവൽ ഇവി എന്നിവ പുറത്തിറക്കാനുള്ള പദ്ധതികൾ മാഗ്നൈറ്റ് അണിയറയിൽ ഒരുക്കുന്നുണ്ട്. ഇതിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയ്‌ക്കെതിരെ സ്ഥാനം പിടിക്കുന്ന പുതിയ മിഡ്-സൈസ് എസ്‌യുവിയാവും ആദ്യം വിപണിയിലെത്തുക.

പക്ഷേ ഇതിനു മുമ്പ് മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും നിരത്തിലെത്തും. വിപണിയിൽ എത്തിയിട്ട് 3 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വാഹനത്തിലേക്ക് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ നിസാൻ തയാറെടുക്കുന്നത്. പലരും മാഗ്നൈറ്റിന് ചില മാറ്റങ്ങൾ ആഗ്രഹിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചുള്ള മാറ്റങ്ങളാവും വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. 2024 പകുതിയോടെ മോഡൽ വിപണനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








