ഫ്രോങ്ക്‌സുമല്ല, നെക്സോണുമല്ല,! ഏറ്റവും കുറഞ്ഞ മെയിന്റനെൻസുള്ള എസ്‌യുവി ഇതാണ്; കി.മീ. ചെലവ് 39 പൈസ
കാർ വാങ്ങുമ്പോൾ എല്ലാവരുടേയും മനസിലുള്ള ആശങ്കയായിരിക്കും വണ്ടിക്ക് വരുന്ന മെയിന്റനെൻസ് കോസ്റ്റ് എങ്ങനെയായിരിക്കുമെന്നത്. വണ്ടി എങ്ങനെയും വാങ്ങാമെന്ന് വെച്ചാൽ അത് സർവീസ് ചെയ്യാനും പാർട്‌സിനുമെല്ലാം പോക്കറ്റ് കീറുമോയെന്ന ചിന്ത ആർക്കായാലും വരും. ഇത്തരക്കാരെല്ലാം കൂടുതലും അടുക്കുന്നത് മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട പോലുള്ള ബ്രാൻഡുകളിലേക്കായിരിക്കും. ഇന്നത്തെ കാലത്ത് ആർക്കായാലും എസ്‌യുവികൾ സ്വന്തമാക്കാനായിരിക്കുമല്ലോ മോഹം. ചെറിയ കാറിൽ നിന്നും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് മാറുന്നവരുടെ തിരക്കാണിപ്പോൾ. അത്തരക്കാർക്കെല്ലാം താത്പര്യം ടാറ്റ നെക്സോണും മാരുതി ബ്രെസയും ഫ്രോങ്ക്‌സും വെന്യുവും പോലുള്ള കോംപാക്‌ട് എസ്‌യുവികളാണ്.
എന്നാൽ ഫ്രോങ്ക്‌സ്, വെന്യു, ബ്രെസ, സോനെറ്റ്, നെക്സോൺ എന്നിവയേക്കാൾ കുറഞ്ഞ പരിപാലന ചെലവ് അതായത് മെയിന്റനെൻസ് കോസ്റ്റുള്ള ഒരു എസ്‌യുവി പുതുതായി വിപണിയിൽ എത്തിയിട്ടുണ്ടെന്നതാണ് പുതിയ വാർത്ത. മറ്റേതുമല്ല നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റാണ് പോക്കറ്റ് കീറാത്ത ആ കോംപാക്‌ട് എസ്‌യുവി. ബി-എസ്‌യുവി വിഭാഗത്തിൽ 50,000 കിലോമീറ്ററിന് 39 പൈസ എന്ന നിരക്കിൽ പുതിയ നിസാൻ മാഗ്‌നൈറ്റിന് വരുന്ന മെയിന്റനെൻസ് ചെലവ്.

സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1,00,000 ലക്ഷം കിലോമീറ്റർ വാറണ്ടിയും മാഗ്നൈറ്റിനൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50ലക്ഷം കിലോമീറ്റർ വരെ നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും. എക്സ്റ്റൻഡഡ് വാറണ്ടിയിൽ പാർട്‌സുകൾ, അറ്റകുറ്റപ്പണികൾ, മറ്റ് ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്നുവെന്നും കമ്പനി പറയുന്നു. ഇത് ഉമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കുന്ന സംഗതിയാണ്.
രാജ്യവ്യാപകമായി ക്യാഷ്‌ലെസ് റിപ്പയർ, പരിധികളില്ലാത്ത ക്ലെയിമുകൾ, രാജ്യത്തെ എല്ലാ അംഗീകൃത സേവന കേന്ദ്രങ്ങളിലും നാല് ലേബർ-ഫ്രീ സർവീസുകൾ എന്നിവയും നിസാൻ മാഗ്നൈറ്റിനുള്ള അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ 'നിസാൻ മാഗ്നൈറ്റ് കെയർ' എന്ന പ്രീപെയ്‌ഡ് മെയിന്റനെൻസ് പ്ലാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ 21 ശതമാനം ലാഭവും നേടാനാവും. കോംപ്രഹെൻസീവ് മെയിന്റനെൻസിനായി ഗോൾഡ്, ബേസിക് സർവീസിനായി സിൽവർ പായ്ക്കുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

വാഹനം വിൽക്കുമ്പോൾ ഈ പ്ലാൻ പുതിയ ഉടമകൾക്ക് കൈമാറാനും അതുവഴി റീസെയിൽ വാല്യു വർധിപ്പിക്കാൻ സാധിക്കുകയും ചെയ്യാം. പുതിയ മുഖംമിനുക്കിയ എസ്‌യുവിക്ക് 5.99 ലക്ഷം രൂപ മുതൽ 11.50 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ്കൾ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ നിസാൻ മാഗ്നൈറ്റ് വരുന്നത്.
പുത്തൻ ത്രീ-ടോൺ കളർ ഓപ്ഷനുള്ള ഇന്റീരിയറിൽപുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ്സ് ഓട്ടോ-ഡിം IRVM, 36-ഡിഗ്രി ക്യാമറ പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം ലഭിക്കുകയും ചെയ്യും. എസ്‌യുവിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും.

മൊത്തത്തിൽ 55 തരത്തിലുള്ള സുരക്ഷാ ഫീച്ചറുകളാണാണ് മുഖംമിനുക്കിയ മാഗ്നൈറ്റിൽ ഒരുക്കിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ 40 എണ്ണം സ്റ്റാൻഡേർഡായി തന്നെ ലഭിക്കുകയും ചെയ്യും. കൂടാതെ 60 മീറ്റർ ചുറ്റളവിൽ വാഹനം റിമോട്ടിലൂടെ സ്റ്റാർട്ട് ചെയ്യാൻ പുതിയ ഐ-കീയും കമ്പനി കൊടുത്തിട്ടുണ്ട്. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്.
ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്. 5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്.


Click it and Unblock the Notifications








