പഞ്ചും എക്സ്റ്ററും മുട്ടിയിട്ട് ഒതുങ്ങിയില്ല, കാരണം കുറഞ്ഞ വില തന്നെ! ലക്ഷപ്രഭുവായി മാഗ്നൈറ്റ്

ഹാച്ച്ബാക്കുകളുടെ വിലയ്ക്കും ഇന്ത്യയിൽ എസ്‌യുവികൾ നിർമിച്ചെടുക്കാമെന്ന് ടാറ്റ മോട്ടോർസിനെയും ഹ്യുണ്ടായിയെയുമെല്ലാം പഠിപ്പിച്ചവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. കിക്‌സ് എന്നൊരു പഴഞ്ചൻ എസ്‌യുവി മാത്രം ഷോറൂമുകളിൽ ഉണ്ടായിരുന്ന കാലത്താണ് നിസാൻ മാഗ്നൈറ്റ് എന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ വിപണിയിലെത്തിക്കുന്നത്. പിന്നീട് ഷോറൂമുകൾ പൂരപ്പറമ്പാവുന്നതാണ് കാണാനായത്.

ആഗോള വിപണിയിൽ രാജാക്കൻമാരാണെങ്കിലും ഇന്ത്യയിൽ കാര്യമായി ക്ലച്ചുപിടിക്കാതെ പോയവരായിരുന്നു നിസാൻ എന്ന ചീത്തപ്പേരും ഇതോടെ മാറിക്കിട്ടി. ഇന്ന് പലരും ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും വാങ്ങുന്ന തിരക്കിലാണെങ്കിലും മാഗ്നൈറ്റ് തന്റേതായ സ്ഥാനം കണ്ടെത്തി മിന്നിത്തിളങ്ങുന്നുണ്ട്. പോക്കറ്റിന് ഇണങ്ങുന്ന വിലയിൽ ഇപ്പോഴും എത്തുന്ന വണ്ടി ഇപ്പോൾ പുത്തനൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

Nissan Magnite SUV Reached 1 Lakh Sales Milestone

നിസാൻ മാഗ്‌നൈറ്റ് എസ്‌യുവി അവതരിപ്പിച്ചതിന് ശേഷം വാഹനത്തിന്റെ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുവെന്ന നേട്ടമാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്. 2020 ഡിസംബറിൽ എത്തിയ വാഹനം 3 കൊല്ലവും 2 മാസവും പൂർത്തിയാക്കുമ്പോഴാണ് ഈ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. പഞ്ചിന്റെയും എക്സ്റ്ററിന്റെയും വിൽപ്പന വെച്ച് തട്ടിച്ചുനോക്കുമ്പോൾ അൽപം വേഗത കുറവാണെന്ന് പലർക്കും തോന്നിയേക്കും അല്ലേ.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടേയും ടാറ്റയുടേയും നിർമാണ ശേഷി നിസാന് ഇന്ത്യയിൽ ഇല്ലെന്നതാണ് വിൽപ്പനയ്ക്ക് ഇത്രയും വേഗത കുറയാൻ കാരണമായത്. മാഗ്‌നൈറ്റ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ വെറും 4.99 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിത വിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്‌മെൻ്റിലാണ് നിസാൻ സ്ഥാനം പിടിച്ചിരിക്കുന്നത്.

Nissan Magnite SUV Reached 1 Lakh Sales Milestone

ഇക്കാര്യം കൂടി കണക്കിലെടുത്താൽ നിസാന്റെ പവർ മനസിലാക്കാം. മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ തുടങ്ങിയ എതിരാളികളോട് മത്സരിക്കുന്ന മാഗ്നൈറ്റ് എസ്‌യുവി നിസാൻ്റെ ബിസിനസ് രാജ്യത്ത് നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ നിസാൻ ഇന്ത്യയിൽ വിൽക്കുന്ന ഏക മോഡൽ മാഗ്നൈറ്റ് ആണ്. ആഭ്യന്തര വിപണിയിൽ എസ്‌യുവി വിൽക്കുന്നതിനു പുറമേ, നിസാൻ ഇന്ത്യ ഈ കാർ വിവിധ വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് നേട്ടം പ്രഖ്യാപിക്കുന്നതിനു പുറമേ നിസാൻ ഇന്ത്യ തങ്ങളുടെ 'നിസാൻ വൺ' പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. പുതിയ വെബ് അധിഷ്‌ഠിത വൺ-സ്റ്റോപ്പ് പ്ലാറ്റ്‌ഫോമായാണ് 'നിസാൻ വൺ' വരുന്നതെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. ഇതിന് കീഴിൽ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് വിവിധ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.

Nissan Magnite SUV Reached 1 Lakh Sales Milestone

ഉപഭോക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവ് അഭ്യർഥനകൾ നടത്താനും വാഹനങ്ങൾ ബുക്ക് ചെയ്യാനും കസ്റ്റമൈസേഷൻ റിക്വസ്റ്റുകൾ നടത്താനും ലൈവ് സർവീസ് അഭ്യർഥനകൾ നടത്താനും കഴിയും. കൂടാതെ പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്കായി ഒരു റഫറൽ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ കസ്റ്റമർ ഫസ്റ്റ് ഫിലോസഫിയുടെ പ്രതിഫലനമാണ് കരുത്തുറ്റതും നൂതനവുമായ ഈ പ്ലാറ്റ്‌ഫോമെന്ന് നിസാൻ മോട്ടോർ ഇന്ത്യയുടെ മാർക്കറ്റിംഗ്, പ്രൊഡക്ട് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടർ മോഹൻ വിൽസൺ അഭിപ്രായപ്പെട്ടു.

നിലവിൽ നിസാൻ മാഗ്നൈറ്റിന് 6 ലക്ഷം മുതൽ 11.11 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. XE, XL, XV, XV പ്രീമിയം, കുറോ എഡിഷൻ, ഗെസ എഡിഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ കോംപാക്‌ട് എസ്‌യുവി വാങ്ങാനും സാധിക്കും. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മാഗ്നൈറ്റിന് തുടിപ്പേകുന്നത്.

Nissan Magnite SUV Reached 1 Lakh Sales Milestone

5 സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് മാഗ്നൈറ്റിനൊപ്പം നിസാൻ വാഗ്‌ദാനം ചെയ്യുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ. രാജ്യത്തെ ഏറ്റവും വില കുറവുള്ള ക്ലച്ച്ലെസ് എസ‌്‌യുവി കൂടിയാണ് മാഗ്നൈറ്റ്. നിലവിൽ ഒരൊറ്റ മോഡൽ മാത്രമാണ് നിസാന്റെ ഇന്ത്യൻ നിരയിലുള്ളതെങ്കിലും 2024 മുതൽ ഒരു എംപിവി, രണ്ട് എസ്‌യുവികൾ, ഒരു എൻട്രി ലെവൽ ഇവി എന്നിവ പുറത്തിറക്കാനുള്ള പദ്ധതികൾ മാഗ്നൈറ്റ് അണിയറയിൽ ഒരുക്കുന്നുണ്ടെന്നാണ് വിവരം.

വിപണിയിൽ എത്തിയിട്ട് 3 വർഷം പൂർത്തിയാക്കിയ വേളയിൽ ഈ വർഷം എസ്‌യുവിക്ക് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും വന്നെത്തും. പഴയ പോലെ ഷോറൂമുകൾ കാലിയാവാതിരിക്കാനുള്ള നിസാന്റെ തന്ത്രങ്ങളിൽ ഒന്നുമാത്രമാണിത്. എസ്‌യുവിയുടെ മുഖംമിനുക്കിയുള്ള മോഡൽ ഈ വർഷം പകുതിയോടെ വിപണിയിലെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും പഞ്ചിനും എക്സ്റ്ററിനും ഇതൊരു വലിയ തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 13, 2024, 14:14 [IST]
English summary
Nissan magnite suv reached 1 lakh sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X