മാഗ്നൈറ്റ് വാങ്ങിയവർ ഈ പ്രശ്‌നം നേരിടുന്നുണ്ടോ? ഷോറൂമിൽ കൊണ്ടുവന്നാൽ ഫ്രീയായി മാറ്റിത്തരാമെന്ന് നിസാൻ
ഇന്ത്യൻ വിപണിയിൽ ഇന്നും നിസാൻ പിടിച്ചുനിൽക്കുന്നതിന്റെ ഒരേയൊരു കാരണമാണ് മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവി. ആരും കയറാതിരുന്ന ഷോറൂമിലേക്ക് തിക്കുംതിരക്കും കൊണ്ടുവന്ന എസ്‌യുവിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വില തന്നെയായിരുന്നു. 4.99 ലക്ഷത്തിന് ഒരു സ്പോർട് യൂട്ടിലിറ്റി വാഹനം ലഭിക്കുക എന്നത് സ്വപ്‌നങ്ങൾക്കും അപ്പുറമായിരുന്നു.
ഇതാണ് നിസാൻ ഇന്ത്യ സാധിച്ചു തന്നത്. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് 2020 ഡിസംബറിൽ പുറത്തിറക്കിയ മാഗ്നൈറ്റ് എസ്‌യുവി ചരിത്രം സൃഷ്‌ടിച്ച് മുന്നേറുകയാണ്. ഇതുവരെ നിസാൻ ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്ന മോഡലും ഇതാണ്. മൂന്ന് വർഷക്കാലയളവിനുള്ളിൽ വിലയിൽ വർധനവുണ്ടായിട്ടുണ്ട് എങ്കിലും ഇന്നും സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വണ്ടിയാണ് മാഗ്നൈറ്റ്.

വാഗൺആർ വാങ്ങുന്ന പൈസയുണ്ടേൽ വാങ്ങി മുറ്റത്തിടാവുന്ന മാഗ്നൈറ്റ് അധികം വൈകാതെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരത്തിന് ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി എസ്‌യുവിയിൽ ചില നിർമാണ തകരാറുകൾ കണ്ടെതിനെ തുടർന്ന് നിസാൻ മാഗ്നൈറ്റ് തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോൾ. 2020 നവംബറിനും 2023 ഡിസംബറിനും ഇടയിൽ നിർമിച്ച മോഡലുകളിലെ ഫ്രണ്ട് ഡോർ ഹാൻഡിൽ സെൻസറുകളിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയതാണ് കാരണം.
ഇത് ഫ്രീയായി കമ്പനിയിൽ നിന്നും തന്നെ മാറ്റി നൽകും. 2020 നവംബറിനും 2023 ഡിസംബറിനും ഇടയിൽ നിർമിച്ച മാഗ്നൈറ്റിന്റെ ബേസ് മോഡലായ XE, മിഡ് XL വേരിയന്റ് എന്നിവയെ മാത്രമാണ് ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നും നിസാൻ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബറിന് ശേഷം നിർമിച്ച യൂണിറ്റുകളെ ഈ തിരിച്ചുവിളിക്കൽ ബാധിക്കില്ല. തകരാർ വാഹനത്തിന്റെ ഡ്രൈവബിലിറ്റിയെ ബാധിക്കില്ലെന്നും ഉപഭോക്താക്കൾക്ക് തങ്ങളുടെ കാറുകൾ പതിവുപോലെ തുടർന്നും ഉപയോഗിക്കാമെന്നും നിസാൻ വ്യക്തമാക്കി.

പുതിയ സെൻസറിൻ്റെ റിട്രോഫിറ്റ് ഉപഭോക്താക്കൾക്ക് യാതൊരു ചെലവും കൂടാതെ നിസാൻ സർവീസ് സെൻ്ററുകളിൽ സൌജന്യമായി നടത്താം. ബാധിത വാഹനങ്ങളുടെ ഉപഭോക്താക്കളെ ബന്ധപ്പെട്ടുവരികയാണ് കമ്പനി നിലവിൽ. നിസാൻ മാഗ്നൈറ്റ് XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ പോലുള്ള വമ്പൻമാരുമായി ഏറ്റുമുട്ടുന്ന മോഡൽ 5 മോണോ ടോണിലും നാല് ഡ്യുവൽ ടോൺ നിറങ്ങളിലും വാങ്ങാനാവും.
മുഖംമിനുക്കി എത്തുന്നതോടെ കുറച്ചധികം ആളുകളിലേക്ക് കൂടിയെത്താൻ മാഗ്നൈറ്റിനാവുമെന്നാണ് നിസാൻ പ്രതീക്ഷിക്കുന്നത്. നിലവിൽ പരീക്ഷയോട്ടത്തിലിരിക്കുന്ന മോഡൽ ഈ വർഷത്തെ ഉത്സവ സീസണോടെ അതായത് ഒക്ടോബർ, നവംബർ മാസത്തോടെ വിപണിയിൽ എത്തുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നിലവിലെ ഡാറ്റ്സൻ സ്റ്റൈലിൽ നിന്നും പൂർണമായും പുറത്തുകടക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുമോയെന്നാണ് ആളുകൾ കാത്തിരിക്കുന്നത്.

വില എന്തായാലും ഇപ്പോഴത്തേതിനേക്കാൾ അൽപം കൂടാനും സാധ്യതയുണ്ട്. നിസാൻ മാഗ്നൈറ്റിന് 6 ലക്ഷം മുതൽ 11.11 ലക്ഷം രൂപ വരെയാണ് നിലവിലെ1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയിലുള്ളത്. ഇതിൽ ആദ്യത്തേത് 71 bhp കരുത്തിൽ 96 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്.
5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് മാഗ്നൈറ്റിൽ തെരഞ്ഞെടുക്കാനാവുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നിലവിലെ അതേ മെക്കാനിക്കൽ ഘടകങ്ങളും എഞ്ചിനും ട്രാൻസ്മിഷൻ ഓപ്ഷനുമെല്ലാം നിസാൻ നിലനിർത്താനാണ് സാധ്യത. എസ്‌യുവി ആണെങ്കിലും മൈലേജിന്റെ കാര്യത്തിൽ ആളിച്ചിരി മുറ്റാണെന്ന് വേണം പറയാൻ. മാനുവൽ വേരിയന്റുകൾക്ക് 19.35 കിലോമീറ്റർ കിട്ടുമ്പോൾ സിവിടി ലിറ്ററിന് 17.40 കിലോമീറ്റർ മൈലേജ് വരെ തരും.

ടർബോ പെട്രോളിന് ഇത് 20 കിലോമീറ്ററും എഎംടി ഗിയർബോക്‌സിന് ലിറ്ററിന് 19.70 കിലോമീറ്റർ മൈലേജുമാണ് ജീപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ, മാരുതി ഫ്രോങ്ക്സ്, മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, സിട്രൺ C3, റെനോ കൈഗർ, കിയ സോനെറ്റ് തുടങ്ങിയ വലിയ താരനിരക്കെതിരെയാണ് നിസാൻ മാഗ്നൈറ്റിന്റെ മത്സരം.


Click it and Unblock the Notifications








