7.04 ലക്ഷത്തിന്റെ എസ്‌യുവിക്ക് 1.35 ലക്ഷം രൂപ ഓഫർ; ആരും കൊതിക്കുന്ന വിലക്കുറവിൽ മാഗ്നൈറ്റ് വാങ്ങാം
ഹാച്ച്ബാക്കിന്റെ വിലയിൽ എസ്‌യുവിയെന്ന ഇന്ത്യക്കാരുടെ സ്വപ്‌നം പൂവണിയിച്ചവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). ആരും കയറാൻ കൂട്ടാക്കിതിരുന്ന ഷോറൂമുകളിൽ ആളെക്കയറ്റിയ തട്ടുപൊളിപ്പൻ വണ്ടിയാണ് മാഗ്നൈറ്റ് (Magnite). കോംപാക്‌ട് എസ്‌യുവി (Compact SUV) സെഗ്മെന്റിൽ അരങ്ങുവാഴുന്ന മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ പോലുള്ള വമ്പൻമാരുമായി പടവെട്ടിയാണ് വലിയൊരു നേട്ടം കൈവരിച്ചത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. പിന്നീട് ആധുനികരായ പല എതിരാളികളും വന്നെങ്കിലും ഇതുവരെ പിടിച്ചുനിൽക്കാനും മാഗ്നൈറ്റിനായിട്ടുണ്ട്. കുറഞ്ഞ വിലയും ഫീച്ചറുകളിലെ ധാരാളിത്തവുമാണ് മോഡലിനെ ആളുകളിലേക്ക് അടുപ്പിച്ചത്.
ബേസ് മോഡലിലുള്ള എഞ്ചിൻ 5 പേരെ വെച്ച് കയറ്റം കയറാൻ അൽപം പാടൊക്കെ ആണെങ്കിലും സിറ്റി ഉപയോഗങ്ങൾ മുന്നിൽ കണ്ടുകൊണ്ട് വാങ്ങാൻ പറ്റിയ മിടുക്കൻ എസ്‌യുവി തന്നെയാണ് മാഗ്നൈറ്റ്. പിന്നെ പെർഫോമൻസ് പ്രേമികളെ വശത്താക്കാൻ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിനുണ്ട്. ഇത് ഏത് തരം റോഡുകളിലും ഉപയോഗിക്കാൻ കിടുവാണ്. കൂട്ടിന് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗും മാഗ്നൈറ്റിനുണ്ട്. ഇപ്പോഴിതാ വിൽപ്പന ഒന്നുകൂടി കിടിലമാക്കാൻ മോഡലിലേക്ക് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് നിസാൻ.

'വീക്കെൻഡ് കാർണിവൽ' എന്നപേരിലാണ് നിസാൻ മോട്ടോർ ഇന്ത്യ മാഗ്നൈറ്റിനായുള്ള ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അത് 2024 ജൂൺ 8, 9 ജൂൺ 15, 16 തീയതികളിൽ ഇന്ത്യയിലെ ഡീലർഷിപ്പ് ശൃംഖലയിലുടനീളം നടക്കും. ഇതിൻ്റെ ഭാഗമായി കോംപാക്‌ട് എസ്‌യുവിയിൽ 1,35,100 രൂപ വരെ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുക. 'NMIPL ലോയൽറ്റി പ്രോഗ്രാം' എന്ന ഓഫറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ആനുകൂല്യങ്ങളിൽ പ്രത്യേക എക്സ്ചേഞ്ച്, ലോയൽറ്റി ഓഫറുകൾ, 3 വർഷത്തെ പ്രീ-പെയ്ഡ് മെയിൻ്റനൻസ് പ്രോഗ്രാം, എക്സ്ക്ലൂസീവ് ഫിനാൻസ് ഓപ്ഷനുകൾ എന്നിവയും അതിലേറെയും പോലുള്ള കാര്യങ്ങളാണ് ഉൾപ്പെടുന്നത്. പക്ഷേ XE മാനുവൽ, XE എഎംടി ബേസ് വേരിയന്റുകൾക്ക് ബാധകമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതായത് 7.04 ലക്ഷം രൂപ വിലയുള്ള XL പതിപ്പ് മുതൽ ഓഫർ സ്വന്തമാക്കാമെന്ന് സാരം. കാർണിവൽ ഓഫർ സമയത്ത് ബുക്കിംഗിൽ സമ്മാനങ്ങളോ അനുബന്ധ ഉപകരണങ്ങളോ ലഭിക്കുമെന്നും കമ്പനി പറയുന്നു.

ഗെസ SE മോഡലുകൾക്കുള്ള ചില ഡീലുകൾ ഉൾപ്പെടെയാണ് വീക്കെൻഡ് കാർണിവൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ആക്‌സസറികൾ അല്ലെങ്കിൽ ഡിസ്‌കൗണ്ടുകൾ നേടുന്നതിന് ഒരു ഭാഗ്യ നറുക്കെടുപ്പും നടക്കുന്നുണ്ട്. ഈ കിടിലൻ ഡിസ്കൌണ്ട് ആനുകൂല്യങ്ങളോടെ ഷോറൂമിൽ ആളെക്കയറ്റി വിൽപ്പന കൂടുതൽ സ്വന്തമാക്കാനാവുമെന്നാണ് നിസാന്റെ വിശ്വാസം. 2024 മെയ് മാസത്തിൽ ശക്തമായ വിൽപ്പന കണക്കുകളാണ് ജാപ്പനീസ് ബ്രാൻഡ് സ്വന്തമാക്കിയിരിക്കുന്നത്.
പോയ മാസം മാഗ്നൈറ്റിന്റെ 6,204 യൂണിറ്റുകളാണ് നിസാൻ വിറ്റഴിച്ചത്. 2024 ഏപ്രിലിലെ 3,043 യൂണിറ്റുകളെ അപേക്ഷിച്ച് 104 ശതമാനത്തിന്റെ ഗണ്യമായ വർധനവും 2023 മെയ് മാസത്തെ 4,631 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 34 ശതമാനത്തിന്റെ വാർഷിക വളർച്ചയും കമ്പനി കൈവരിച്ചു. എന്തായാലും 1.35 ലക്ഷത്തിന്റെ ഓഫറുകൾ കൂടിയായതോടെ മാഗ്നൈറ്റിനെ തേടി കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ മാഗ്‌നൈറ്റ് നിരയിലേക്ക് ഗെസ സിവിടി സ്പെഷ്യൽ എഡിഷൻ മോഡലിനെയും കമ്പനി 9.84 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിപണിയിൽ എത്തിച്ചിരുന്നു. അൽപം പ്രീമിയം ഫീലുള്ള എസ്‌യുവി അന്വേഷിക്കുന്നവരെ ആകർഷിക്കാനായാണ് ഈ വേരിയന്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കുറോ ബ്ലാക്ക് എഡിഷൻ്റെ താഴെയായാണ് ഗെസ സിവിടിയെ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ സെഗ്‌മെൻ്റിൽ 10 ലക്ഷത്തിൽ താഴെയുള്ള ഏറ്റവും താങ്ങാനാവുന്ന സിവിടി ട്രാൻസ്മിഷൻ മോഡലും ഇതാണ്.
2024 നിസാൻ മാഗ്‌നൈറ്റ് ഗെസ എഡിഷൻ്റെ പ്രധാന സവിശേഷതകളിൽ വലിയ 9 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, പ്രീമിയം ജെബിഎൽ സ്പീക്കർ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. കൂടുതൽ സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഗെസ സിവിടി സ്പെഷ്യൽ എഡിഷനിൽ റിയർ വ്യൂ ക്യാമറയും നിസാൻ ഇന്ത്യ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
വിജയകരമായ നാലാം വർഷം പൂർത്തിയാക്കുന്ന വേളയിൽ മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാനുള്ള പുറപ്പാടിലാണ് നിസാൻ. അൽപ്പം പരിഷ്ക്കരിച്ച ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, പുതുക്കിയ എൽഇഡി സിഗ്‌നേച്ചറുകൾ, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ സെറ്റ് അലോയ് വീലുകൾ എന്നിവയുമായാവും കോംപാക്‌ട് എസ്‌യുവി അടുത്ത അങ്കത്തിന് ഇറങ്ങുക. ഇപ്പോൾ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ എന്നീ മൈക്രോ എസ്‌യുവികളിൽ നിന്നും മത്സരമുള്ളതിനാൽ മിനുങ്ങിയുള്ള വരവ് ഗംഭീരമായിരിക്കും.


Click it and Unblock the Notifications








