40 ലക്ഷത്തിലും നിന്നില്ല, X-ട്രെയിൽ എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് നിസാൻ; ഹാപ്പിയായത് ഫോർച്യൂണർ
ടൊയോട്ട ഫോർച്യൂണറിനെ മലർത്തിയടിക്കാൻ വരുന്ന നിസാന്റെ കൊലകൊമ്പൻ എസ്‌യുവിയെ കാത്തിരിക്കുകയായിരുന്നു നാം ഇന്ത്യക്കാർ. അടുത്തിടെ രാജ്യത്ത് പ്രദർശിപ്പിച്ച വാഹനത്തിന്റെ വില പ്രഖ്യാപനത്തിനായി പലരും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായായാണ് വരുന്നതെങ്കിലും എന്തെങ്കിലും മാജിക് കാണിച്ച് വില പിടിച്ചുനിർത്തുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. എന്നാൽ എതിരാളികളെ ഹാപ്പിയാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. പലരും വാങ്ങാമെന്ന് വിചാരിച്ച് മനസിൽ കയറ്റിയ X-ട്രെയിൽ എസ്‌യുവി സ്വന്തമാക്കണമെങ്കിൽ 49.92 ലക്ഷം രൂപ എക്സ്ഷോറൂം വില കൊടുക്കേണ്ടി വരും.
മാഗ്നൈറ്റ് എന്നൊരു ബജറ്റ് മോഡലുമായാണ് ഇതുവരെ ഇന്ത്യയിൽ നിസാൻ പിടിച്ചുനിന്നതെങ്കിൽ ഇനി മുതൽ X-ട്രെയിലിന്റെ കരുത്തുമുണ്ടാവും. പക്ഷേ ഈ ഉയർന്ന വില തിരിച്ചടിയാവുമോ എന്ന് മാത്രമാണ് കാത്തിരുന്ന് കാണേണ്ടത്. പക്ഷേ പ്രതിവർഷം 2,500 വാഹനങ്ങൾ വരെ ഹോമോലോഗ് ചെയ്യാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന സർക്കാർ നയത്തിന് കീഴിലും ഒരു CBU എന്ന നിലയിലും കൊണ്ടുവന്ന മോഡൽ കിടിലമാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

പൂർണ ഇറക്കുമതി എന്ന നിലയിലാണ് മൂന്ന് നിരകളുള്ള എസ്‌യുവി ഇവിടെ എത്തിക്കുന്നത്. അതിന്റെ എല്ലാ ക്വാളിറ്റിയും നിർമാണ നിലവാരത്തിലും കാണാനാവും. നിസാൻ X-ട്രെയിലിനൊപ്പം 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും മൂന്ന് വർഷത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വേരിയബിൾ കംപ്രഷൻ ടർബോ സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ എഞ്ചിനാണ് എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത.
163 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കുന്ന 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് നിസാൻ X-ട്രെയിലിന് ഹൃദയം. ഒരു ഷിഫ്റ്റ്-ബൈ-വയർ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. നിസാൻ്റെ പേറ്റൻ്റ് നേടിയ വേരിയബിൾ കംപ്രഷൻ സാങ്കേതികവിദ്യയാണ് ഇതിൽ അവതരിപ്പിക്കുന്നത്.

ആയതിനാൽ ആവശ്യാനുസരണം പെർഫോമൻസും മൈലേജും ഒപ്റ്റിമൈസ് ചെയ്യുന്നതിന് എഞ്ചിൻ സ്വമേധയാ കംപ്രഷൻ അനുപാതത്തിൽ മാറ്റം വരുത്തും. X-ട്രെയിലിന്റെ അസാധാരണമായ ഡ്രൈവിംഗും, ഹാൻഡിലിംഗും ഏത് വാഹന പ്രേമിയേയും ആർഷിക്കുന്നതാണ്. പോരാത്തതിന് ദൈനംദിന ഉപയോഗത്തിനും സാഹസിക വിനോദ യാത്രകൾക്കുമുള്ള വൈവിധ്യമാർന്ന കഴിവുകളും നിസാൻ 7-സീറ്ററിനെ കിടിലൻ ഫാമിലി കാറാക്കുന്ന സംഗതിയാണ്.
പ്രീമിയം ഡ്രൈവിംഗ് അനുഭവത്തിന് വേണ്ടിയാണ് നിസാൻ X-ട്രെയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും കമ്പനി പറയുന്നു. റെനോയുമായി സഹകരിച്ച് വികസിപ്പിച്ച CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. കാഴ്ച്ചയിലും ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഈ വലിയ വാഹനത്തിനുള്ളതെന്ന് പറയാതെ വയ്യ.
തിരശ്ചീന സ്ലാറ്റുകളും ക്രോം ആക്‌സൻ്റുകളുമാണ് മുൻവശത്തേക്ക് ആകർഷിക്കുന്നത്.

ഇൻവേർട്ടഡ് L-ഷേപ്പിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ക്രോം ആക്‌സൻ്റുകൾ, ഫ്രണ്ട് ക്യാമറ, പുതിയ എൽഇഡി ടെയിൽ ലൈറ്റ് എന്നിവയും എക്സ്റ്റീരിയറിനെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണ്. പുറംമോടി പോലെ തന്നെ സുഖവും ആഡംബര സവിശേഷതകളും നിറഞ്ഞ മികച്ച ഇൻ്റീരിയറാണ് X-ട്രെയിലിൽ ഒരുക്കിയിരിക്കുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ പോലുള്ള ആധുനിക ഫീച്ചറുകളാണ് യാത്രക്കാരെ പുളകംകൊള്ളിക്കാൻ എത്തിയിരിക്കുന്നത്.
ഇതുകൂടാതെ ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ,കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ, ഓട്ടോ-ഹോൾഡ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും എസ്‌യുവിക്ക് ആഡംബര ഫീൽ നൽകുന്നുണ്ട്. 7-സീറ്റർ വാഹനമായാണ് X-ട്രെയിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. യാത്രക്കാരുടെ സൌകര്യത്തിമായി രണ്ടാമത്തെ വരിയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകളും കൊടുത്തിട്ടുണ്ട്.
അതേസമയം മൂന്നാമത്തെ വരിയിൽ 50/50 സ്പ്ലിറ്റ്-ഫോൾഡിംഗ്, റിക്ലൈനിംഗ് ഫംഗ്ഷനുകൾ ലഭിക്കുമെന്നും നിസാൻ പറയുന്നു. ഷാംപെയ്ൻ സിൽവർ, പേൾ വൈറ്റ്, ഡയമണ്ട് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് എസ്‌യുവി വാങ്ങാനാവുക. രാജ്യത്തുടനീളമുള്ള നിസാൻ ഡീലർഷിപ്പുകളിലും നിസാൻ്റെ വെബ്‌സൈറ്റിലും മോഡലിനായുള്ള പ്രീ-ബുക്കിംഗും തുടങ്ങിയിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ പ്രീമിയം 7 സീറ്റർ എസ്‌യുവികളോടാണ് X-ട്രെയിൽ മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








