ഗംഭീര യാത്രാ സുഖവും അന്യായ മൈലേജും തരുന്ന 7-സീറ്റർ എസ്‌യുവിയുമായി നിസാൻ എത്തി, ഇനി ഫോർച്യൂണർ ഷോറൂമിലിരിക്കും
ഫോർഡിന് ശേഷം ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നതാര് എന്ന ചോദ്യത്തിന് പലരും ചൂണ്ടിക്കാണിച്ച ഉത്തരമായിരുന്നു നിസാൻ. ഉള്ള വണ്ടികളൊന്നും വെച്ച് കച്ചോടം പിടിക്കാനാവാതെ നിർത്തലാക്കേണ്ട ഗതിയായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടയിൽ നിസാന്റെ ബജറ്റ് വാഹന ബ്രാൻഡായ ഡാറ്റ്സൻ ആഭ്യന്തര വിപണിയിൽ നിന്നും പിൻവാങ്ങുന്നതായും പ്രഖ്യാപിച്ചു. അങ്ങനെ ഡീലർഷിപ്പുകളെല്ലാം ഉടൻ അടച്ചുപൂട്ടുമെന്ന് കാത്തിരുന്നവർക്ക് ജാപ്പനീസ് വാഹന നിർമാതാക്കൾ നൽകിയ മറുപടിയായിരുന്നു മാഗ്നൈറ്റ്. ഹാച്ച്ബാക്കിന്റെ വിലയിൽ അവതരിപ്പിച്ച ഈ കോംപാക്‌ട് എസ്‌യുവി ഷോറൂമുകളിൽ ഉത്സവ തിരക്കാക്കി. പിന്നെ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നമ്മുടെ നിസാന്.
2020 ഡിസംബറിൽ പുറത്തിറക്കിയ മാഗ്നൈറ്റ് ലക്ഷങ്ങളുടെ വിൽപ്പനയുമായി കുതിക്കുകയാണ്. പതിയെ കാലഹരണപ്പെടാൻ തുടങ്ങിയെങ്കിലും ഓരോ മാസവും തരക്കേടില്ലാതെ കച്ചോടം പിടിക്കാൻ വാഹനത്തിനാവുന്നുണ്ട്. ഇതിനിടയിൽ മാഗ്നൈറ്റിന് തുണയായി പുത്തനൊരു വണ്ടി കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് നിസാൻ. ഏറെക്കാലമായി ഇന്ത്യക്കാര് കാത്തിരിക്കുന്ന X-ട്രെയിൽ എന്ന ഫുൾ-സൈസ് എസ്‌യുവിയെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

നീണ്ട സാധ്യതാ പഠനങ്ങൾ നടത്തിയാണ് ഒരുകാലത്ത് ഇവിടെ വിറ്റിരുന്ന X-ട്രെയിലിനെ രണ്ടാം ഇന്നിംഗ്‌സിനായി ഇന്ത്യയിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക വില പ്രഖ്യാപനത്തിനും അവതരണത്തിനും മുന്നോടിയായുള്ള വാഹനത്തിന്റെ പ്രദർശനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് മോഡൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അതായത് വിദേശത്ത് നിർമിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്‌തിരിക്കുകയാണെന്ന് സാരം.
ജാപ്പനീസ് വാഹന നിർമാതാക്കളുടെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന X-ട്രെയിൽ 7-സീറ്റർ മോഡലാണ്. ഡിസൈനിലേക്ക് നോക്കിയാൽ നേരായതും ചതുരാകൃതിയിലുള്ളതുമായ രൂപമാണ് ഈ ഫുൾ-സൈസ് എസ്‌യുവിക്കുള്ളത്. സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണം, ഡാർക്ക് ക്രോമിൽ പൂർത്തിയാക്കിയ 'വി-മോഷൻ' ഗ്രിൽ, പ്ലാസ്റ്റിക് ക്ലാഡിംഗോടുകൂടിയ വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ-ലാമ്പുകൾ എന്നിവ എസ്‌യുവിയെ കിടിലമാക്കുന്നു.

ഡയമണ്ട് ബ്ലാക്ക്, ഷാംപെയ്ൻ സിൽവർ, സോളിഡ് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാവും നിസാൻ X-ട്രെയിൽ വാങ്ങാനാവുക. എസ്‌യുവി ഒരു പ്രീമിയം മോഡലായി വിപണനം ചെയ്യാനാണ് ഈ നിറങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. എക്സ്റ്റീരിയർ പോലെ ഇന്റീരിയറും ആഡംബരം നിറഞ്ഞതാണെന്ന് വേണം പറയാൻ. നിലവിൽ അകത്തളം മൂടിവെച്ചിരിക്കുകയാണെങ്കിലും ടീസറിലൂടെ ബ്രാൻഡ് ചില സൂചനകൾ തന്നിട്ടുണ്ട്.
X-ട്രെയിലിൽ ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ, ഓട്ടോ ഹോൾഡ് ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ പോലുള്ള മോഡേൺ ഫീച്ചറുകളാൽ നിസാൻ എസ്‌യുവി സമ്പന്നമാണ്.

ഇതുകൂടാതെ ഇന്ത്യയ്ക്കായുള്ള X-ട്രെയിലിന് 360 ഡിഗ്രി ക്യാമറയും പാഡിൽ ഷിഫ്റ്ററുകളും ലഭിക്കുന്നുണ്ടെന്ന് നിസാൻ സ്ഥിരീകരിച്ചിട്ടുണ്ട്. സീറ്റുകളുടെ രണ്ടാം നിരയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ് ഫംഗ്‌ഷനും സ്ലൈഡിംഗ്, റിക്‌ലൈനിംഗ് ഫംഗ്‌ഷനുകളും ഉണ്ടാവും. അതേസമയം മൂന്നാം നിരയിൽ 50/50 സ്പ്ലിറ്റ്-ഫോൾഡിംഗ്, റീക്‌ലൈനിംഗ് ഫങ്ഷനുകളും ലഭിക്കുമെന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്. ഇത് മൂന്ന് വരികളിലും ഒരേ പോലെ യാത്രാ സുഖം നൽകാൻ അനുവദിക്കുന്ന കാര്യങ്ങളാണ്.
വിദേശത്ത് നിർമിക്കുന്നതിനാൽ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും ആള് പുലിയാണ്. 7 എയർബാഗുകൾ, ഓട്ടോ വൈപ്പറുകൾ, എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ലിമിറ്റഡ് സ്ലിപ്പ് ഡിഫ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ ഇന്ത്യയിലെത്തുന്ന X-ട്രെയിലിന് അകമ്പടിയേകും. 1.5 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വലിയ വാഹനത്തിന്റെ ഹൃദയം.
വേരിയബിൾ കംപ്രഷൻ റേഷ്യോ ഫീച്ചർ ചെയ്യുന്ന ഈ എഞ്ചിൻ 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായാണ് വരുന്നത്. അങ്ങനെ 163 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ നിസാൻ X-ട്രെയിലിനാവും. ഷിഫ്റ്റ്-ബൈ-വയർ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതായത് മാനുവൽ ഓപ്ഷനൊന്നും എസ്‌യുവിയിലുണ്ടാവില്ലെന്ന് സാരം.
വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ 4,680 mm നീളവും 1,840 mm വീതിയും 1,725 mm ഉയരവും 2,705 mm നീളമുള്ള വീൽബേസുമാണ് എസ്‌യുവിക്കുള്ളത്. 7 സീറ്റർ ജാപ്പനീസ് എസ്‌യുവിക്ക് 5.5 മീറ്റർ ടേണിംഗ് റേഡിയസും 210 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ടെന്നാണ് നിസാൻ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ 255/45 R20 സൈസ് ടയറുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സമ്പൂർണ ഇറക്കുമതിയായി ഇന്ത്യയിൽ വിപണനത്തിന് എത്തുന്നതിനാൽ നിസാൻ X-ട്രെയിലിന് 40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണർ (33.43 ലക്ഷം-51.44 ലക്ഷം), സ്കോഡ കൊഡിയാക് (39.99 ലക്ഷം), എംജി ഗ്ലോസ്റ്റർ (38.16 ലക്ഷം-43.80 ലക്ഷം), ജീപ്പ് മെറിഡിയൻ (29.49 ലക്ഷം-39.83 ലക്ഷം) പോലുള്ള വമ്പൻമാരുമായാണ് മാറ്റുരയ്ക്കാൻ എത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








