നിസാന്റെ 7-സീറ്റർ എസ്‌യുവി നാളെ മുതൽ ബുക്ക് ചെയ്യാം, വലിയ വണ്ടിയാണേലും കിടിലൻ മൈലേജ് കിട്ടും
ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരുന്ന വാഹനം ഓഗസ്റ്റ് ഒന്നിന് ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിക്കും. അതിനു മുന്നോടിയായുള്ള പ്രദർശനവും കാര്യങ്ങളുമെല്ലാം കഴിഞ്ഞിരിക്കെ നിസാൻ X-ട്രെയിൽ 7 സീറ്ററിനായുള്ള ബുക്ക് നാളെ മുതൽ ആരംഭിക്കാനിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം ജീപ്പനീസ് വാഹന നിർമാതാക്കളായ നിസാനിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന പുത്തൻ മോഡൽ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏറെക്കാലം മുമ്പേ വിദേശ രാജ്യങ്ങളിൽ പുറത്തിറക്കിയ X-ട്രെയിലിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോൾ നമ്മുടെ നിരത്തുകൾ കീഴടക്കാനായി എത്തുന്നത്. ജൂലൈ 23 മുതൽ കമ്പനി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം X-ട്രെയിലിന്റെ വില 2024 ഓഗസ്റ്റ് ഒന്നിനായിരിക്കും പ്രഖ്യാപിക്കുക. ബ്രാൻഡിൻ്റെ പുതിയ വാഹനം മുൻനിര കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാവും ഇന്ത്യയിലേക്ക് (CBU) എത്തുക. ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ മോഡലുകളുമായി മല്ലിടാനായി ഫുൾ-സൈസ് എസ്‌യുവി സെഗ്മ്ന്റിലേക്ക് എത്തുന്ന വാഹനം 7 സീറ്റർ കോൺഫിഗറേഷനിലാവും വാഗ്‌ദാനം ചെയ്യുക.

പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്തതിനാൽ പുതിയ X-ട്രെയിലിന്റെ വില ഉയർന്നതായിരിക്കുമെന്നാണ് വിവരം. അതയാത് ഏകദേശം 40 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരിക്കും എസ്‌യുവി വാങ്ങാനാവുകയെന്ന് സാരം. ഇനി ഞെട്ടിക്കാൻ എന്തെങ്കിലും വകുപ്പ് ഇക്കാര്യത്തിൽ നിസാൻ കണ്ടുവെച്ചിട്ടുണ്ടോയെന്നും വ്യക്തമല്ല. ഡിമാന്റ് അനുസരിച്ച് പ്രാദേശികമായി അസംബ്ലിംഗ് ചെയ്യാനും ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് താത്പര്യമുണ്ട്. അങ്ങനെയെങ്കിൽ ഭാവിയിൽ വില കുറയാനും സാധ്യതയുണ്ട്.
2025-ൽ വാഹന നിർമാതാക്കളുടെ പുതിയ ശ്രേണിയിലുള്ള എസ്‌യുവികൾ എത്തുന്നതുവരെ മാഗ്‌നൈറ്റിനൊപ്പം X-ട്രെയിലും പടവെട്ടാനുണ്ടാവും. ഡയമണ്ട് ബ്ലാക്ക്, ഷാംപെയ്ൻ സിൽവർ, പേൾ വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ മാത്രമായിരിക്കും ഫോർച്യൂണറിന്റെ എതിരാളിയെ വാങ്ങാനാവുക. പ്രീമിയം വാഹനമെന്ന ഫീൽ ഉയർത്താനാണ് പ്രത്യേകം തെരഞ്ഞെടുത്ത ഈ നിറങ്ങൾ മാത്രം മോഡലിന് സമ്മാനിച്ചിരിക്കുന്നത്. ഒപ്പം 20 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി എസ്‌യുവിക്ക് ലഭിക്കും.

ഫീച്ചറുകളുടെ കാര്യത്തിലും ആള് പുലിയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ എന്നിവയെല്ലാം ആഡംബരത്തിനായി നിസാൻ ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, കീലെസ് എൻട്രി, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളും നിസാൻ X-ട്രെയിൽ ഫുൾ-സൈസ് 7 സീറ്റർ എസ്‌യുവിയിൽ ഉണ്ട്.

X-ട്രെയിലിന്റെ രണ്ടാമത്തെ വരി സീറ്റിന് 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്‌ഷൻ ഉണ്ട്. അതേസമയം മൂന്നാമത്തെ വരിയിൽ 50/50 സ്പ്ലിറ്റ്-ഫോൾഡിംഗ്, റിക്‌ലൈനിംഗ് ഫംഗ്‌ഷനുകളും നിസാൻ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എസ്‌യുവിക്ക് 12 വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തുക.
ഷിഫ്റ്റ്-ബൈ-വയർ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന് 161 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എഞ്ചിൻ ശേഷി കുറവാണെങ്കിലും പെർഫോമൻസ്, മൈലേജ് എന്നിവയുടെ കാര്യത്തിലൊന്നും അത്ര മോശക്കാരല്ല കക്ഷിയെന്ന് സാരം. ഒപ്പം മൈൽഡ്-ഹൈബ്രിഡ് ടെക്കുള്ളതിനാൽ മൈലേജിന്റെ കാര്യത്തിലും പിശുക്കൊന്നുമുണ്ടാവില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








