30 ലക്ഷത്തിന് കിട്ടുവോ? നിസാൻ X-ട്രെയിലിന്റെ വില നാളെ അറിയാം; ടൊയോട്ടക്ക് ഇന്നുറങ്ങാനാവില്ല!
ഇന്ത്യൻ വിപണി ഏറെ നാളായി കാത്തിരിക്കുന്ന 7-സീറ്റർ ഫാമിലി എസ്‌യുവിയായ നിസാൻ X-ട്രെയിലിന്റെ വില പ്രഖ്യാപനവും ലോഞ്ചും ഔദ്യോഗികമായി നാളെ നടക്കും. ഇതിനോടകം രാജ്യത്ത് പ്രദർശിപ്പിച്ച മോഡൽ ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലാണ് പോരാടാൻ ഇറങ്ങുന്നത്. ഇതുവരെ മാഗ്നൈറ്റ് എന്നൊരു ബജറ്റ് മോഡലുമായാണ് രാജ്യത്ത് പിടിച്ചുനിന്നിരുന്നതെങ്കിലും നിസാന് നാളെ മുതൽ X-ട്രെയിലിന്റെ കരുത്തുമുണ്ടാവും. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ തന്നെ വില എന്താവുമെന്ന് അറിയാനാണ് ആളുകൾ ഇപ്പോൾ കാത്തിരിക്കുന്നത്. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച വാഹനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നതായാണ് വിവരം.
താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 1 ലക്ഷം രൂപ ടോക്കൺ തുക നൽകി മൂന്നുവരി എസ്‌യുവി പ്രീ-ബുക്ക് ചെയ്‌തിടാം. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന വില പ്രഖ്യാപനത്തിന് ശേഷം എത്രയും പെട്ടന്ന് മോഡലിനായുള്ള ഡെലിവറിയും ആരംഭിക്കും. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് വരെ X-ട്രെയിൽ ഇന്ത്യയിൽ വിപണനത്തിന് എത്തിയിരുന്ന മോഡലാണെന്നതും ശ്രദ്ധേയമാണ്. അന്ന് പരാജയപ്പെട്ടുവെങ്കിലും ഏകദേശം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവിൽ കമ്പനിക്ക് വലിയ പ്രതീക്ഷകളാണുള്ളത്.

എന്നാൽ വിജയപരാജയങ്ങൾ വില നിർണയത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു വലിയ ഫാമിലി എസ്‌യുവിയായി X-ട്രെയിൽ എസ്‌യുവി സ്ഥാനം പിടിക്കാനാണ് സാധ്യത. സെഗ്മെന്റും CBU ആണെന്നതും കണക്കിലെടുക്കുമ്പോൾ 40 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വന്നേക്കാം. ഇനി എന്തേലും കാരണവശാൽ വില താഴ്ത്തിപ്പിടിക്കാൻ ജാപ്പനീസ് ബ്രാൻഡിനായാൽ സംഭവം കളറാവും. 30 ലക്ഷത്തിൽ വില പിടിച്ചുനിർത്താനായാൽ ഫോർച്യൂണറിനെ വെല്ലാൻ X-ട്രെയിലിനാവും.
പുതുതലമുറ മോഡൽ എസ്‌യുവി ഒറ്റ വേരിയൻറ് ഓപ്ഷനിലാണ് അവതരിപ്പിക്കുന്നത്. ഭാവിയിൽ ഡിമാന്റ് ഏറിയാൽ എസ്‌യുവി പ്രാദേശികമായി നിർമിക്കാനും നിസാൻ തയാറായേക്കും. അൽപം പൈസ മുടക്കി വാങ്ങിയിട്ടാലും എല്ലാ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമായാണ് നിസാൻ X-ട്രെയിൽ പണിതീർത്തിരിക്കുന്നത്. ഡയമണ്ട് ബ്ലാക്ക്, ഷാംപെയ്ൻ സിൽവർ, പേൾ വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷൻ മാത്രമാവും വാഹനത്തിനുണ്ടാവുക.

2021 മുതൽ ആഗോള വിപണിയിൽ വിൽക്കുന്ന നാലാം തലമുറ പതിപ്പിന് സമാനമാണ് ഇന്ത്യയിലെത്തുന്ന X-ട്രെയിൽ. എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎൽ, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, സ്പീഡ് ലിമിറ്റർ, 360-ഡിഗ്രി ക്യാമറ, 8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം പോലുള്ള ഫീച്ചറുകളും വാഹനത്തിലുണ്ടാവും.
കഴിഞ്ഞില്ല, ഇവയ്ക്ക് പുറമെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, കീലെസ് എൻട്രി, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, വയർലെസ് ചാർജിംഗ് എന്നിവയാലും നിസാൻ X-ട്രെയിൽ സമ്പന്നമായിരിക്കും. സ്റ്റാൻഡേർഡായി 20 ഇഞ്ച് അലോയ് വീലുകളുമായാണ് ഫുൾ-സൈസ് എസ്‌യുവി നിരത്തിലേക്ക് ഓടിയിറങ്ങുക.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 7 പേർക്ക് ഇരിക്കാവുന്ന മൂന്ന് നിരകളുള്ള എസ്‌യുവിയാണ് നിസാൻ X-ട്രെയിൽ. ഇതിന് 4,680 മില്ലീമീറ്റർ നീളവും 1,840 മില്ലീമീറ്റർ വീതിയും 1,725 മില്ലീമീറ്റർ ഉയരവും 2,705 മില്ലീമീറ്റർ വീൽബേസും 210 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. വലിപ്പത്തിൻ്റെ കാര്യത്തിൽ എതിരാളികളായ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ X-ട്രെയിൽ ചെറുതാണ്.
12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് നിസാൻ X-ട്രെയിലിന്റെ ഹൃദയം. വേരിയബിൾ കംപ്രഷനും ടർബോചാർജറുമായാണ് എഞ്ചിൻ വരുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഇതിന് 160 bhp കരുത്തിൽ 300 Nm torque വരെ നൽകാൻ കഴിയും. ഇക്കോ, സ്റ്റാൻഡേർഡ്, സ്പോർട്ട് എന്നിവ ഉൾപ്പെടുന്ന മൂന്ന് ഡ്രൈവ് മോഡുകളും എസ്‌യുവിയിലുണ്ടാവും.
ഇന്ധനക്ഷമതയും ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവുമാണ് മറ്റ് പ്രത്യേകതകൾ. മിത്സുബിഷി ഔട്ട്‌ലാൻഡർ നിർമിച്ചിരിക്കുന്ന അതേ CMF-C പ്ലാറ്റ്‌ഫോമിലാണ് നിസാൻ എസ്‌യുവിയും വരുന്നത്. സെഗ്മെന്റിലെ മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി X-ട്രെയിലിന് ഓൾ-വീൽ ഡ്രൈവ് സെറ്റപ്പും ഉണ്ടാവില്ല. ഇന്ത്യൻ ഉപഭോക്താക്കൾക്ക് നിസാൻ ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ നൽകാത്തതിനാൽ ഫ്രണ്ട്-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെയാണ് എസ്‌യുവി വരുന്നത്.


Click it and Unblock the Notifications








