1 ലക്ഷം രൂപയുണ്ടേൽ നിസാന്റെ പുത്തൻ ഫാമിലി എസ്‌യുവി ബുക്ക് ചെയ്യാം, 7 പേർക്ക് അടിച്ചുപൊളിച്ച് പോവാം
ഫാമിലി കാറുകൾക്ക് ഏറ്റവും ഡിമാന്റുള്ള കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ വിപണി ഇപ്പോൾ കടന്നുപൊക്കോണ്ടിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും കുട്ടികൾക്കും ഒന്നിച്ച് എവിടെയെങ്കിലും യാത്ര ചെയ്യണമെങ്കിൽ ഒരു 7-സീറ്റർ വാഹനമെങ്കിലും വേണം. കല്യാണം, ചെറിയ യാത്രകൾ എന്നിങ്ങനെയെല്ലാമായി നിരവധി ആവശ്യങ്ങൾക്കെല്ലാം കുടുംബം ഒന്നിച്ച് യാത്ര ചെയ്യണമെങ്കിൽ ഇപ്പോൾ രണ്ട് വാഹനം എടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇതില്ലാം പരിഹാരം ഇത്തരം സെവൻ സീറ്റർ മോഡലുകളിലൂടെ കണ്ടെത്താനും സാധിക്കും. അതിൽ ഇത്തരം മൂന്നുവരി വണ്ടികൾക്കെല്ലാം വലിയ ഡിമാന്റാണുള്ളത്. ഇവിടേക്കാണ് നിസാൻ X-ട്രെയിൽ എന്ന ഫുൾ-സൈസ് എസ്‌യുവിയെ പ്രതിഷ്ഠിക്കാൻ ഒരുങ്ങുന്നത്.
അൽപം പൈസ മുടക്കി വാങ്ങിയിട്ടാലും എല്ലാ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമായാണ് നിസാൻ X-ട്രെയിൽ ഡിസൈൻ ചെയ്‌തിരിക്കുന്നത്. അടുത്തിടെ രാജ്യത്ത് പ്രദർശിപ്പിച്ച മോഡൽ 2024 ഓഗസ്റ്റ് ഒന്നിന് ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിക്കും. അന്ന് തന്നെ വില പ്രഖ്യാപനവും ജാപ്പനീസ് ബ്രാൻഡ് നടത്തും. അതിന് മുന്നോടിയായിതാ X-ട്രെയിൽ 7-സീറ്റർ എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് കമ്പനി.

പുതിയ നിസാൻ X-ട്രെയിൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 1 ലക്ഷം രൂപ ടോക്കൺ തുക നൽകി മൂന്നുവരി എസ്‌യുവി പ്രീ-ബുക്ക് ചെയ്‌തിടാം. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന വില പ്രഖ്യാപനത്തിന് ശേഷം എത്രയും പെട്ടന്ന് മോഡലിനായുള്ള ഡെലിവറിയും ആരംഭിക്കുമെന്നാണ് ജാപ്പനീസ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) റൂട്ട് വഴി രാജ്യത്ത് എത്തുന്ന X-ട്രെയിലിന് ഏകദേശം 40 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുമെന്നാണ് അനുമാനം.
പേൾ വൈറ്റ്, ഡയമണ്ട് ബ്ലാക്ക്, ഷാംപെയ്ൻ സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലും ഒറ്റ വേരിയന്റിലുമാണ് X-ട്രെയിൽ നിരത്തിലേക്ക് എത്തുക. വിദേശത്ത് അഞ്ച് സീറ്റർ പതിപ്പിലും വിപണനത്തിന് എത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ എസ്‌യുവിയുടെ സെവൻ സീറ്റർ വേരിയന്റ് മാത്രമാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുക. 12V മൈൽഡ്-ഹൈബ്രിഡ് ടെക് ഫീച്ചർ ചെയ്യുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം.

പാഡിൽ ഷിഫ്റ്ററുകളുള്ള സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 160 bhp പവറിൽ ഫരമാവധി 300 Nm torque വരെ നിർമിക്കാനുമാവും. ഇതിന് ക്കോ, സ്റ്റാൻഡേർഡ്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും സ്റ്റിയറിംഗ് മോഡുകളും X-ട്രെലിന്റെ ഭാഗമായി വരുന്നുണ്ട്. ഡ്രൈവിംഗ് അവസ്ഥയെ ആശ്രയിച്ച് ഇന്ധനക്ഷമതയും പെർഫോമൻസും ഒപ്റ്റിമൈസ് ചെയ്യുന്നതിന് വേരിയബിൾ കംപ്രഷൻ സാങ്കേതികവിദ്യയും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഡിസൈനിലേക്ക് നോക്കിയാൽ ആളൊരു സുന്ദരകുട്ടപ്പനാണെന്ന് വേണം പറയാൻ. ആർക്കും ഇഷ്‌ടമാവുന്ന രൂപവും ഭാവവുമുള്ള എസ്‌യുവിയുടെ എക്സ്റ്റീരിയറിൽ ക്രോം ടച്ചുകളുള്ള വി-മോഷൻ ഗ്രിൽ, വിശാലമായ എയർ ഇൻലെറ്റുള്ള പ്രൊമിനന്റ് ബമ്പർ, ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് പ്ലേറ്റുകൾ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഷാർക്-ലുക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഷാർക്ക് ഫിൻ ആൻ്റിന, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് പോലുള്ള ഫീച്ചറുകളെല്ലാമാണ് കാണാനാവുന്നത്.

ഇന്റീരിയറും അതിസുന്ദരമായാണ് ഒരുക്കിയിരിക്കുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വയർലെസ് ചാർജർ, കീലെസ് എൻട്രി, ഡ്രൈവ് മോഡുകൾ, സ്റ്റാൻഡേർഡായി 20 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോ ഹോൾഡുള്ള EPB, 7 എയർബാഗുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവയാണ് എസ്‌യുവിയുടെ അകത്തളത്തെ സമ്പുഷ്‌ടമാക്കുന്ന സവിശേഷതകൾ.
ഇതോടൊപ്പം ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഓട്ടോ വൈപ്പറുകൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് തുടങ്ങിയവ ആധുനിക ഫീച്ചറുകളും വാഹനത്തിലുണ്ട്. മൂന്നാം നിര സീറ്റുകളിൽ 50:50 സ്പ്ലിറ്റ് ഫോൾഡും റീക്‌ലൈനും ഫീച്ചർ ചെയ്യുന്നതിനാൽ മികച്ച യാത്രാ സുഖമായിരിക്കും ലഭിക്കുക. അതേസമയം മധ്യ നിരയ്ക്ക് 40:20:40 സ്പ്ലിറ്റ് ഫോൾഡിംഗ്, റീക്ലൈനിംഗ്, സ്ലൈഡിംഗ് ഫംഗ്ഷനുകളും ലഭിക്കുന്നുണ്ട്.
നിസാൻ X-ട്രെയിലിന്റെ വലിപ്പത്തിലേക്ക് വന്നാൽ 4,680 mm നീളവും 1,840 mm വീതിയും 1,725 mm ഉയരവും 2,705 mm വീൽബേസ് 210 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിങ്ങനെയാണ് ലഭിക്കുക. മിത്സുബിഷി ഔട്ട്‌ലാൻഡർ നിർമിച്ചിരിക്കുന്ന അതേ CMF-C പ്ലാറ്റ്‌ഫോമിലാണ് നിസാൻ എസ്‌യുവിയും വരുന്നത്. ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ, ഹ്യുണ്ടായി ട്യൂസോൺ, മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയെല്ലാമായി മത്സരിക്കാൻ X-ട്രെയിൽ യോഗ്യവുമാണ്.


Click it and Unblock the Notifications








