ഫോർച്യൂണറിനെ വീഴ്ത്താനെത്തിയ നിസാൻ X-ട്രെയിൽ സംഭവം തന്നെ, റിവ്യൂ വീഡിയോ കണ്ടാലോ
ഇന്ത്യൻ വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാൻ X-ട്രെയിൽ ഓഗസ്റ്റ് ഒന്നിന് വിൽപ്പനയ്ക്ക് എത്തും. ഔദ്യോഗിക ലോഞ്ചിനും വില പ്രഖ്യാപനത്തിനുമായി ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇക്കഴിഞ്ഞ ദിവസം എസ്‌യുവിയെ കമ്പനി പ്രദർശിപ്പിക്കുകയുണ്ടായി. തുടർന്ന് ഇന്ന് മുതൽ 7 സീറ്റർ എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും ജാപ്പനീസ് ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. 2005-ൽ പുറത്തിറക്കിയ ഈ ഫാമിലി കാർ അന്ന് ക്ലച്ചുപിടിച്ചില്ലെങ്കിലും തിരിച്ചുവരവിൽ വലിയ കോളിളക്കും സൃഷ്‌ടിക്കുമെന്നാണ് അനുമാനം. പുതിയ പദ്ധതികളുമായി വിപണിയിൽ കളംനിറയാൻ പോവുന്ന നിസാന്റെ ആയുധപ്പുരയിലെ ആദ്യത്തെ ബിഗ് എസ്‌യുവി എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ.
അതിനായി ചുവടെ കൊടുത്തിരിക്കുന്ന നിസാൻ X-ട്രെയിലിന്റെ റിവ്യൂ വീഡിയോ കണ്ടാലോ? ആദ്യ കാഴ്ച്ചയിൽ തന്നെ ബിഗ്, ബോൾഡ് എസ്‌യുവിയായി തന്നെ X-ട്രെയിലിനെ മനസിലാക്കാം. വശക്കാഴ്ച്ചയിലേക്ക് വന്നാൽ വലിയ 20 ഇഞ്ച് അലോയ് വീലുകളിലേക്കാവും ആദ്യം കണ്ണെത്തുക. ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, ക്ക് ലൈറ്റുകൾക്ക് ബൂമറാംഗ് ആകൃതിയിലുള്ള സിഗ്നേച്ചർ ലൈറ്റിംഗ് എലമെൻ്റ് ഫീച്ചർ ചെയ്യുന്ന റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, റൂഫ് ഫിറ്റഡ് സ്‌പോയിലർ എന്നിവയാണ് X-ട്രെയിലിൻ്റെ മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അതിഗംഭീരമായാണ് നിസാൻ ഒരുക്കിയിരിക്കുന്നത്. പുതിയ X-ട്രെയിലിൻ്റെ അകത്തേക്ക് കയറുമ്പോൾ പ്രീമിയം ഫീൽ നൽകുന്നതിന് സോഫ്റ്റ് ടച്ച് മെറ്റീരിയലുകളുടെ ഉപയോഗവും കാണാം. മൂന്ന് നിരകളുള്ള 7 സീറ്റർ എസ്‌യുവിയായാണ് നിസാൻ X-ട്രെയിൽ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ആയതിനാൽ ഫാമിലിക്കായി വലിയൊരു വാഹനം തേടുന്നവർക്ക് നിസാൻ X-ട്രെയിൽ നിസംശയം തെരഞ്ഞെടുക്കാനാവുന്നതാണ്.

എസ്‌യുവിക്ക് 12 വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തുക. ഷിഫ്റ്റ്-ബൈ-വയർ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന് 161 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എഞ്ചിൻ ശേഷി കുറവാണെങ്കിലും പെർഫോമൻസ്, മൈലേജ് എന്നിവയുടെ കാര്യത്തിലൊന്നും അത്ര മോശക്കാരല്ല കക്ഷിയെന്ന് സാരം. ഒപ്പം മൈൽഡ്-ഹൈബ്രിഡ് ടെക്കുള്ളതിനാൽ 13.70 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്.


Click it and Unblock the Notifications








