ടൊയോട്ട റെസ്റ്റ് എടുത്തോ... നിസാന്റെ പുത്തൻ 7-സീറ്റർ എസ്‌യുവി റെഡി; വില കൂടി അറിഞ്ഞാൽ എല്ലാവരും വാങ്ങും
ഇന്ത്യക്കാര് കണ്ട നിസാൻ അല്ല യഥാർഥ നിസാൻ എന്നത് എല്ലാ വണ്ടിഭ്രാന്തൻമാർക്കും അറിയാം. പ്രത്യേകിച്ച് ഗൾഫിലുള്ള പലരും ഈ ജാപ്പനീസ് ബ്രാൻഡ് കട്ട ഫാൻസായിരിക്കാം. ആഭ്യന്തര തലത്തിൽ കാര്യമായ സ്വീകാര്യത ലഭിച്ചില്ലെങ്കിലും മോശമല്ലാതെ പിടിച്ചുനിൽക്കാൻ കമ്പനിക്കായിട്ടുണ്ട്. അവസാനം വന്ന മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവി ബ്രാൻഡിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‌യുവി പുറത്തിറക്കി വിപ്ലവം തന്നെയാണ് കൊണ്ടുവന്നത്. എന്നാൽ പതിയെ വിൽപ്പന ഇടിയാൻ തുടങ്ങിയതോടെ ഇന്ത്യൻ വിപണിക്കായി പുത്തൻ മോഡലുകൾ കൊണ്ടുവന്നേക്കാമെന്ന പദ്ധതിയും നിസാൻ ആവിഷ്ക്കരിച്ചു.
ഒരൊറ്റ കാറുകൊണ്ട് രാജ്യത്ത് ദീർഘകാലം പിടിച്ചു നിൽക്കാനാവില്ലെന്ന് കമ്പനിക്കറിയാമായിരുന്നതിനാൽ ഇനി വരാനിരിക്കുന്നതെല്ലാം നല്ലൊന്നാന്തരം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ്. ഇക്കൂട്ടത്തിൽ ആദ്യമെത്തുന്നത് ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന X-ട്രെയിൽ എന്ന കൊമ്പനാണ്. മാഗ്നൈറ്റിന്റെ കൂട്ടാളി അവതരിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നതെന്ന സൂചന നിസാൻ പുതിയ ടീസർ വീഡിയോകളിലൂടെ പറഞ്ഞുവെക്കുന്നുണ്ട്.

മീഡിയ ഡ്രൈവുകൾ ജൂലൈ 17, 21 തീയതികൾക്കിടയിലാണ് നടത്താൻ തീരുമാനമായിരിക്കുന്നത്. അതിനാൽ ലോഞ്ചും ഇതേ തീയതിയോട് അനുബന്ധിച്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. X-ട്രെയിലിന്റെ നാലാം തലമുറ മോഡലായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുകയെന്നാണ് വിവരം. ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും (CBU) പ്രീമിയം എസ്‌യുവി വരികയെന്നതിനാൽ
സെഗ്മെന്റിലെ പ്രധാന എതിരാളികളേക്കാൾ വില കൂടുതലായിരിക്കും.
ഹോമോലോഗേഷൻ്റെ ആവശ്യമില്ലാതെ പ്രതിവർഷം നിസാന് 2,500 യൂണിറ്റുകൾ വരെ ഇറക്കുമതി ചെയ്യാൻ കഴിയും. ഡിമാന്റ് കൂടുതലാണെങ്കിൽ വണ്ടിയുടെ പ്രാദേശിക അസംബ്ലി പരിഗണിക്കാനാണ് ബ്രാൻഡിന്റെ തീരുമാനം. ശരിക്കും പറഞ്ഞാൽ X-ട്രെയിലിന്റെ രണ്ടാംതമലുറ മോഡൽ ഇന്ത്യയിൽ വിപണനത്തിന് എത്തിയിരുന്നു. അന്ന് പരാജയം രുചിച്ച് മടങ്ങേണ്ടി വന്നിരുന്നുവെങ്കിലും വിപണിയുടെ നിലവിലെ സാഹചര്യം മാറിയതിനാൽ എസ്‌യുവി വാങ്ങാൻ ആളെത്തുമെന്നാണ് നിസാൻ കണക്കുകൂട്ടുന്നത്.

ഇനി പുതിയ ടീസറിന്റെ കാര്യത്തിലേക്ക് വന്നാൽ പ്രീമിയം എസ്‌യുവി ഡിസൈൻ ഹൈലൈറ്റുകളാണ് കമ്പനി പറഞ്ഞുവെക്കുന്നത്. നിസാൻ X-ട്രെയിലിന്റെ അലോയ് വീലുകളുടെ ഡിസൈൻ, വലിയ ക്രോംഡ് ഔട്ട് വി-മോഷൻ ഫ്രണ്ട് ഗ്രിൽ സെക്ഷൻ, സ്പ്ലിറ്റ് ക്ലസ്റ്ററിൻ്റെ താഴത്തെ ഭാഗത്ത് സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സി ആകൃതിയിലുള്ള കട്ട് ഔട്ടുകളുള്ള ബമ്പർ, സിഗ്നേച്ചർ റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ഏറ്റവും പുതിയ ടീസറിലൂടെ കാണിക്കുന്നത്.
റെനോ-നിസാൻ്റെ CMF-C പ്ലാറ്റ്‌ഫോമിലാണ് ഏറ്റവും പുതിയ X-ട്രെയിൽ നിർമിച്ചിരിക്കുന്നത്. മിത്സുബിഷി ഔട്ട്‌ലാൻഡറും ഇതേ പ്ലാറ്റ്ഫോമിലാണ് പണിതിരിക്കുന്നത്. X-ട്രെയിൽ വിദേശത്ത് ധാരാളം പെട്രോൾ, ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ നൽകുമ്പോൾ ഇന്ത്യയ്ക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂവെന്നാണ് നിസാൻ സൂചിപ്പിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിക്കുന്നതിനാലാവും ഈയൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

എങ്കിലും ഈ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിൻ 2WD, AWD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്തേക്കും. എസ്‌യുവിയുടെ ഫ്രണ്ട്-വീൽ ഡ്രൈവ് മോഡൽ 204 bhp പവറിൽ 330 Nm torque നൽകുമ്പോൾ ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ 213 bhp കരുത്തിൽ പരമാവധി 500 Nm torque വരെ നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും വാഹനത്തിലുണ്ടാവുക.
ഫീച്ചറുകളിലേക്ക് നോക്കിയാലും പ്രീമിയം എസ്‌യുവി ആള് മിടുക്കനായിരിക്കും. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ എന്നിവയുൾപ്പെടെയുള്ള ഹൈ-എൻഡ് ടെക്‌നോളജികളും ഫീച്ചറുകളുമെല്ലാം നിസാൻ X-ട്രെയിലിന്റെ ഇൻ്റീരിയറിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതുകൂടാതെ 10.8 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ADAS ടെക് ഉള്ള നിസാൻ്റെ പ്രൊപൈലോട്ട് സ്യൂട്ട്, ബോസ് സൗണ്ട് സിസ്റ്റം, ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം സർഫസ് ട്രിമ്മുകളും ഫിനിഷുകളും X-ട്രെയിലിനെ മനോഹരമാക്കും. ഇന്ത്യയിൽ ജീപ്പ് മെറിഡിയൻ, ഹ്യുണ്ടായി ട്യൂസോൺ, സ്‌കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടിഗുവാൻ എന്നിവയോടാവും നിസാന്റെ മത്സരം. ഏകദേശം 30 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








