കാർ വില കുറച്ച് വാങ്ങാം, ഷോറൂം കാലിയാക്കാൻ കൈഗറിനും ട്രൈബറിനും കിടിലൻ ഓഫറുമായി റെനോ
ഡസ്റ്ററിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്തവരാണ് റെനോ എന്ന ഫ്രഞ്ച് വാഹന നിർമാതാക്കൾ. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കമ്പനി വിപണിയിൽ കാലുറപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയായി ഡസ്റ്റർ അരങ്ങ് തകർത്തതോടെ എല്ലാവരും ഷോറൂമുകളിൽ വരിനിൽക്കാൻ തുടങ്ങി. തുടക്കകാലത്ത് വമ്പൻ വിറ്റുവരവുണ്ടാക്കി കമ്പനി മുൻനിരയിലേക്ക് എത്തിയപ്പോൾ ക്വിഡ് എന്ന കുട്ടിക്കാറിനേയും പുറത്തിറക്കി വിപ്ലവം തീർത്തു. എൻട്രി ലെവൽ സെഗ്മെന്റ് അന്നേ വരെ കാണാത്ത ഫീച്ചറുകളും സ്റ്റൈലുമായാണ് ക്വിഡ് രൂപമെടുത്തത്. ഒപ്പം ഏറ്റവും കുറഞ്ഞ വിലയും കൂടിയിട്ടതോടെ അങ്ങനെ അതും ഹിറ്റായി.
ഇപ്പോൾ ഡസ്റ്റർ നിർത്തലാക്കിയെങ്കിലും ക്വിഡ് വിപണിയിലുണ്ട്. എന്നിരുന്നാലും പഴയ പോലെ വിൽപ്പനയൊന്നും നേടാനാവുന്നില്ല. ശരിക്കും പറഞ്ഞാൽ റെനോ പുറത്തിറക്കിയ മോഡലുകളെല്ലാം ഉഗ്രനായിരുന്നു. ഇപ്പോൾ നിലവിലുള്ള ക്വിഡ്, ട്രൈബർ, കൈഗർ എന്നീ വാഹനങ്ങളും ഉശിരൻമാരാണെങ്കിലും ആളുകൾ കാര്യമായി പരിഗണിക്കുന്നില്ലെന്ന് വേണം പറയാൻ. എന്നിരുന്നാലും പഴയ പ്രതാപത്തിലേക്ക് എത്താനായുള്ള കഠിന പ്രയത്നത്തിലാണ് റെനോയിപ്പോൾ.

പുതിയ മോഡലുകൾ അധികം വൈകാതെ നിരത്തിൽ എത്തുമെങ്കിലും നിലവിലെ വണ്ടികളെ ജനപ്രിയരാക്കാനുള്ള പരിശ്രമത്തിലാണ് റെനോയിപ്പോൾ. അതിന്റെ ഭാഗമായിതാ 2024 ജൂൺ മാസത്തേക്കായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ. രാജ്യത്തെ തങ്ങളുടെ മുഴുവൻ ശ്രേണിയിലും ഡിസ്‌കൗണ്ടിട്ടാണ് ഡീലർഷിപ്പിലേക്ക് ആളുകളെ കമ്പനി ആകർഷിക്കുന്നത്.
കമ്പനിയുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി ഫ്രഞ്ച് വാഹന നിർമാതാക്കൾ എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം ക്യാഷ് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ കൈഗർ, ട്രൈബർ, ക്വിഡ് മോഡലുകൾ സ്വന്തമാക്കാൻ എത്തുന്നവർക്കായി അധിക റഫറൽ, കോർപ്പറേറ്റ്, ലോയൽറ്റി ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും റെനോ പറയുന്നു.

വാഹനം വാങ്ങാനെത്തുന്ന ഓരോ ഉപഭോക്താവിനും 8,000 രൂപ വരെ വിലയുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്നും റെനോ അറിയിച്ചിട്ടുണ്ട്. ആവശ്യമായ രേഖകളുടെ ലഭ്യതയ്ക്ക് വിധേയമായി കമ്പനിയുടെ ഗ്രാമീണ ഓഫറിൻ്റെ ഭാഗമായി കർഷകർക്കോ സർപഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കോ 4,000 രൂപ വരെ അധിക ആനുകൂല്യങ്ങളും ലഭിക്കും. മുൻ മാസങ്ങളിൽ നഷ്ടം നേരിട്ട റെനോ ഇന്ത്യയ്ക്ക് വിപണിയിലേക്ക് ശക്തമായി തിരിച്ചുവരാൻ പുതിയ ഡിസ്‌കൗണ്ട് ഓഫറുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
40,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങളോടെയാണ് റെനോ കൈഗർ ഈ മാസം സ്വന്തമാക്കാനാവുക. ലോയൽറ്റി ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച്, ക്യാഷ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയാണ് ഈ ഓഫർ വരുന്നത്. ഇതിൽ 15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബെനഫിറ്റുകൾ, 10,000 രൂപ വരെ അധിക ലോയൽറ്റി ക്യാഷ് ബെനിഫിറ്റ് തുടങ്ങിയ കാര്യങ്ങളിലൂടെയാണ് 40,000 രൂപ വരെ വിലക്കിഴിവ് കോംപാക്‌ട് എസ്‌യുവി നേടുന്നത്.

ഇനി ട്രൈബറിലേക്ക് വന്നാൽ മൊത്തം 45,000 രൂപ വരെയുള്ള ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതിൽ 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു. കൈഗറിനെപ്പോലെ ട്രൈബറിനും ഉപഭോക്താക്കൾക്ക് അധികമായി 10,000 ക്യാഷ് ഡിസ്‌കൗണ്ട് നേടാവും. റെനോയുടെ കോംപാക്‌ട് എംപിവിക്ക് 5.99 ലക്ഷം മുതലാണ് ഇപ്പോൾ എക്സ്ഷോറൂം വില തുടങ്ങുന്നത്.
ബജറ്റ് ക്വിഡ് ഹാച്ച്ബാക്കിന് മറ്റു മോഡലുകളിലേതു പോലെ ഗംഭീര ഓഫറുകളാണ് കാത്തിരിക്കുന്നത് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയാണ് റെനോ അവതരിപ്പിച്ചിരിക്കുന്നത്. ലോയൽറ്റി ബെനിഫിറ്റ് സഹിതം മൊത്തം 40,000 രൂപയാണ് ലാഭിക്കാനാവുന്നത്. നിലവിൽ ക്വിഡിന് 4.70 ലക്ഷം മുതലാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില തുടങ്ങുന്നത്.
റെനോ ഡസ്റ്ററിന്റെ തങ്ങളുടെ മൂന്നാം തലമുറ മോഡലിനെ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ തയാറായാണ് മുന്നോട്ടു പോവുന്നത്. ബിഗ്സ്റ്റർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച മോഡലിന് മുൻഗാമിയേക്കാൾ തലയെടുപ്പുണ്ടാവും. പുതിയ ഡസ്റ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ മാത്രമേ വരൂ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇതിനുപുറമെ, ആഭ്യന്തര വിപണിയിൽ ഫോർ വീൽ ഡ്രൈവ് വേരിയൻ്റും കമ്പനിയുടെ പരിഗണനയിലുണ്ട്.


Click it and Unblock the Notifications








