5.99 ലക്ഷത്തിന്റെ 7-സീറ്റർ കാറിന് പോലും 70,000 രൂപ ഡിസ്‌കൗണ്ട്, ഓണത്തിന് റെനോ കാർ വാങ്ങാൻ പറ്റിയ സമയം
ഡസ്റ്ററിലൂടെയും ക്വിഡിലൂടെയും ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ വാഹന നിർമാതാക്കളാണ് റെനോ. പണ്ടത്തെ പ്രതാപം ഇപ്പോൾ പറയാനില്ലെങ്കിലും വിശ്വസിച്ച് ഇന്നും കൂടെക്കൂട്ടാൻ പറ്റുന്ന കാറുകളാണ് ഫ്രഞ്ച് ബ്രാൻഡ് പുറത്തിറക്കുന്നത്. നിർത്തലാക്കിയെങ്കിലും റോഡിലേക്കിറങ്ങിയാൽ ഇന്നും ഡസ്റ്റർ തിമിർത്ത് ഓടുന്നത് കാണാം. ആധുനിക എതിരാളികൾക്കിടയിൽ ക്വിഡ്, കൈഗർ, ട്രൈബർ ത്രയത്തിന് കാര്യമായി വിൽപ്പന പിടിക്കാനാവുന്നില്ലെങ്കിലും മോശമാക്കാതെ മുന്നോട്ടു പോവുന്നുണ്ട്. റെനോയ്ക്ക് ഏറ്റവും കൂടുതൽ ഫാൻസുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് നമ്മുടെ കൊച്ചു കേരളം. അതിനാൽ തന്നെ റെനോ ഇന്ത്യ ഓഗസ്റ്റ് മാസത്തേക്കായി അതിൻ്റെ മുഴുവൻ ലൈനപ്പിലും ഗംഭീര ഡിസ്‌കൗണ്ട് ഓഫറാണ് വാഗ്ദാനം ചെയ്യുന്നത്.
ഇതിൽ ഓണത്തിന്റെ പ്രത്യേക ഓഫറുകളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഫ്രഞ്ച് കാർ നിർമ്മാതാവ് രാജ്യത്ത് വിൽക്കുന്ന ട്രൈബർ എംപിവി, ക്വിഡ് ഹാച്ച്ബാക്ക്, കൈഗർ എസ്‌യുവി എന്നിങ്ങനെ മൂന്ന് കാറുകളിൽ ഓരോന്നിനും 40,000 രൂപ വരെ ആനുകൂല്യങ്ങൾ നൽകും. എന്നാൽ കേരളത്തിനായി മാത്രം 70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ഓഫറുകൾ റെനോയുടെ 2024 മോഡലുകൾക്ക് മാത്രമാണ് ലഭ്യമാവുക.

റെനോ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഓഫറുകൾക്ക് കീഴിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അംഗീകൃത കോർപ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് 8,000 രൂപ വരെ അധിക കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കർഷകർക്കും സർപഞ്ചിനും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും 4,000 രൂപ വരെയുള്ള ഗ്രാമീണ ആനുകൂല്യങ്ങളും ലഭിക്കും.
കേരളത്തിന്, 18,000 വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും മൂന്നാം വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകൾ 2024 ഓഗസ്റ്റ് 31 വരെയാണ് ഉപയോഗപ്പെടുത്താനാവുക. ഒരു റെനോ മോഡൽ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരാണ് നിങ്ങളാണെങ്കിൽ ഏറ്റവും അനുയോജ്യമായ സമയം ഇതുതന്നെയാണെന്ന് വേണം പറയാൻ. മൂന്ന് മോഡലുകളിലും ലഭിക്കുന്ന ഓഫറുകൾ എങ്ങനെയെന്ന് നോക്കിയാലോ?

റെനോ ക്വിഡിന് 40,000 വരെ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 15,000 രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റ്, 15,000 വരെയുള്ള കാർ എക്സ്ചേഞ്ച് ബെനിഫിറ്റ്, 10,000 രൂപ ലോയൽറ്റി ബോണസ് എന്നിവയാണ് ഉൾപ്പെടുന്നത്. കേരളത്തിലെ ഉപഭോക്താക്കൾക്ക് പരമാവധി 60,000 രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് ഹാച്ച്ബാക്കിൽ ലഭിക്കുക. അതിൽ ഓരോന്നിനും 25,000 രൂപ വരെ ക്യാഷ്, കാർ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്.
നിലവിൽ റെനോ കാർ ഉപയോഗിക്കുന്ന കേരളത്തിലെ ഉപഭോക്താക്കൾക്ക് അധികമായി 10,000 രൂപ വരെ ലോയൽറ്റി ആനുകൂല്യവും ലഭിക്കും. 4.69 ലക്ഷം രൂപ മുതലാണ് റെനോ ക്വിഡിന് ഇന്ത്യയിൽ വരുന്ന പ്രാരംഭ എക്‌സ്ഷോറൂം വില. എഎംടി ഓട്ടോമാറ്റിക് വേരിയന്റിന് 5.44 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. 1.0 ലിറ്റർ പെട്രോൾ എഞ്ചിവാണ് കാറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഒരു എസ്‌യുവി-പ്രചോദിത ഹാച്ച്ബാക്ക് ഡിസൈനാണ് ക്വിഡിൻ്റെ ഹൈലൈറ്റ്.

ട്രൈബറിന് 40,000 രൂപ വരെ ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, നിലവിലുള്ള റെനോ ഉപഭോക്താക്കൾക്ക് 10,000 രൂപ ലോയൽറ്റി ബോണസ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് കേരളത്തിൽ ട്രൈബർ എംപിവി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവയും ഉൾപ്പെടുന്നു. ഇതുകൂടാതെ 20,000 വരെ ലോയൽറ്റി ക്യാഷ് ബെനിഫിറ്റും അധികമായി ലഭിക്കും.
5.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് റെനോ ട്രൈബർ എംപിവി ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്. കാറിന്റെ എഎംടി ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 8.12 ലക്ഷം മുതലാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് വാഹനം വരുന്നത്. 71 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കുന്ന ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ക്വിഡിനും ട്രൈബറിനും സമാനമായ ആനുകൂല്യങ്ങളാണ് റെനോ കൈഗറിനും ലഭിക്കുന്നത്. 40,000 രൂപ ഡിസ്‌കൗണ്ടിൽ 15,000 രൂപ വീതം ക്യാഷ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലോയൽറ്റി ബോണസായി 10,000 രൂപയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കേരളത്തിൽ കൈഗറിന് 70,000 രൂപ വരെയുള്ള മൊത്തത്തിലുള്ള ഓഫർ കിട്ടും. അതിൽ 25,000 രൂപ വരെയുള്ള ക്യാഷ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും നിലവിലെ റെനോ ഉപഭോക്താക്കൾക്ക് 20,000 ലോയൽറ്റി ബോണസുമാണ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








