5.99 ലക്ഷം വിലയുള്ള 7-സീറ്റർ എംപിക്ക് 55,000 രൂപയുടെ ഓഫർ, ഗംഭീര വിലക്കുറവിൽ റെനോ കാറുകൾ
ഡസ്റ്റർ, ക്വിഡ് എന്നീ രണ്ട് വാഹനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഇന്ത്യൻ വിപണിയിൽ മിഡ്-സൈസ് എസ്‌യുവി ട്രെൻഡിന് തുടക്കമിട്ടതും റെനോയായിരുന്നു. പിന്നീട് ചെറുകാർ വിഭാഗത്തിൽ വിസ്‌മയം തീർത്ത് ക്വിഡ് എത്തിയതോടെ പലരും ബ്രാൻഡിലേക്ക് അടുത്തു. പക്ഷേ അക്കാലത്തെ പ്രതാപം പിന്നീട് പതിയെ നഷ്‌ടപ്പെടുന്നതാണ് കാണാനായത്.
കാലത്തിനൊത്ത് മാറാതെ ഡസ്റ്റർ നിരത്തുകളോട് ബൈ പറഞ്ഞുവെങ്കിലും എൻട്രി ലെവൽ സെഗ്മെന്റിലെ കുറഞ്ഞ വിലയുള്ള കാറായി ക്വിഡ് ഇന്നും തിളങ്ങി നിൽക്കുന്നുണ്ട്. അതോടൊപ്പം ഒരു പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയിൽ എത്തിയ കോംപാക്‌ട് എംപിവി മോഡലായ ട്രൈബറും കോംപാക്‌ട് എസ്‌യുവിയായ കൈഗറും മോശമല്ലാത്ത രീതിയിൽ വിൽപ്പന പിടിക്കുന്നുണ്ട്. ഈ മാസം റെനോ കാർ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത.

എതിരാളികൾക്ക് മുന്നിൽ ഉശിരോടെ നിൽക്കാനും വിൽപ്പന കൂട്ടാനുമായി മോഡൽ നിരയിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ലഭ്യമാവുക. ഇതുകൂടാതെ ബ്രാൻഡ് തിരഞ്ഞെടുത്ത പ്രൊഫൈലുകൾക്ക് എക്സ്ക്യൂസിവായി 12,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു.
ഈ ഓഫറുകൾ 2024 ഫെബ്രുവരി 29 വരെ സാധുതയുള്ളതാണെന്നും റെനോ പ്രത്യേകം പറയുന്നുണ്ട്. പ്രദേശം, ഡീലർഷിപ്പ്, മോഡൽ, വേരിയൻ്റ്, നിറം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഈ ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാം. ഈ ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ നിങ്ങളുടെ അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഏറ്റവും ഉചിതം. എങ്കിലും ഫെബ്രുവരി മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതാ...

ഈ മാസം റെനോയുടെ എൻട്രി ലെവൽ കാറായ ക്വിഡ് വാങ്ങാൻ താത്പര്യമുള്ളവരെ കാത്തിരിക്കുന്നത് 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ്. ഇതിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപയുടെ ലോയൽറ്റി ബോണസ് എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. മാരുതി ആൾട്ടോ K10 ഹാച്ച്ബാക്കുമായി മത്സരിക്കുന്ന ക്വിഡിന് ലഭിക്കുന്ന ഗംഭീര ഓഫർ വിൽപ്പന കൂട്ടാൻ സഹായിക്കുന്ന കാര്യമാണ്.
അതേസമയം കോംപാക്‌ട് എംപിവി മോഡലായ ട്രൈബർ വാങ്ങാനിരിക്കുന്നവർക്ക് 55,000 രൂപയുടെ ഡിസ്കൗണ്ട് ഓഫറുകൾ ഈ മാസം ഉപയോഗപ്പെടുത്താനാവും. ഇതിൽ 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപയുടെ ലോയൽറ്റി ബോണസ് എന്നിവയാണ് റെനോ മൾട്ടി പർപ്പസ് വാഹനം വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്കായി ഫെബ്രുവരിയിൽ കാത്തിരിക്കുന്നത്.

മാരുതി സുസുക്കി ബ്രെ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് പോലെ ഹോട്ട് സെല്ലിംഗ് മോഡലുകൾ അരങ്ങുവാഴുന്ന സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ വെല്ലുവിളിച്ചെത്തിയ കൈഗറും ഈ മാസം വലിയ വിലക്കിഴിവോടെ വീട്ടുമുറ്റത്തെത്തിക്കാം. 65,000 രൂപ വരെ ലാഭിക്കാനാവുന്ന ആനുകൂല്യങ്ങൾക്ക് കീഴിൽ 35,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപയുടെ ലോയൽറ്റി ബോണസ് എന്നിവയാണ് വാഹനം വാങ്ങനെത്തുന്നവർക്ക് പ്രയോജനപ്പെടുക്കാനാവുക.
ഈ തന്ത്രം എങ്കിലും വിലപ്പോയില്ലെങ്കിൽ റെനോയുടെ അവസ്ഥ കൂടുതൽ പരുങ്ങളിലാവുമെന്ന് വേണം പറയാൻ. ഈയടുത്തിടെ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയുടെ 2024 മോഡൽ ഇയർ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അപ്‌ഡേറ്റുകളുടെ കാര്യത്തിൽ ഈ വാഹനങ്ങൾക്ക് പുതിയ വിലയ്‌ക്കൊപ്പം ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിച്ചു. ക്വിഡിൻ്റെ വില ഇപ്പോൾ 4.69 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. അതേസമയം ട്രൈബറിന് 5.99 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്.

ഇനി പുതിയ 2024 മോഡൽ കൈഗറിന് 6.00 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില വരുന്നത്. ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ക്കൊപ്പം RXT (0) മാനുവല്‍, RXT (O) CVT, RXL മാനുവല്‍, RXL AMT എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇപ്പോള്‍ കൈഗര്‍ വാങ്ങാം. അകത്ത് ലെതറില്‍ സ്റ്റിയറിംഗ് വീലിനൊപ്പം സെമി-ലെതറെറ്റ് സീറ്റുകള്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, ബെസല്‍-ലെസ് ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഓട്ടോ-ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍ക്ക് വെല്‍ക്കം-ഗുഡ്‌ബൈ ഫംഗ്ഷനുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളാണ് റെനോ അവതരിപ്പിച്ചിരിക്കുനന്ത്.
RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ 2024 റെനോ ട്രൈബര്‍ ലഭിക്കും. ടോപ് എൻഡ് RXZ ഓട്ടോമാറ്റിക്കിന് 8.74 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കൈഗറില്‍ നിന്ന് കടമെടുത്ത പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം വയര്‍ലെസ് ചാര്‍ജര്‍, ഡ്രൈവര്‍ ആംറെസ്റ്റ്, പവര്‍ഡ് ഒആര്‍വിഎമ്മുകള്‍ എന്നീ ഫീച്ചറുകള്‍ ഇപ്പോള്‍ എംപിവിയില്‍ കൊണ്ടുവന്നിട്ടുണ്ട്.


Click it and Unblock the Notifications