മാരുതിക്കും ടൊയോട്ടക്കും മാത്രമല്ല റെനോയ്ക്കും പറ്റും, 2 ലക്ഷം കീ.മീ ഓടിയ ട്രൈബർ വൈറൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യുവുള്ള കാറുകളാണ് ടൊയോട്ടയുടേതും (Toyota) മാരുതിയുടേയും (Maruti). എത്ര ലക്ഷം കിലോമീറ്ററുകൾ വേണമെങ്കിലും പണിതരാതെ കിടന്ന് ഓടിക്കോളുമെന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഇക്കാരണത്താൽ തന്നെ യൂസ്‌ഡ് കാർ വാങ്ങാൻ തീരുമാനിച്ചാൽ ആളുകളുടെ കണ്ണ് മാരുതിയിലും ടൊയോട്ടയിലുമായിരിക്കും.
ലക്ഷക്കണക്കിന് കിലോമീറ്ററുകൾ ഓടിയ ഇത്തരം വണ്ടികളുടെ വാർത്തകളും നാം കേട്ടിട്ടുണ്ടാവും അല്ലേ. പക്ഷേ മറ്റേതെങ്കിലും കമ്പനിയുടെ ഒരുവണ്ടി ഇത്തരത്തിലൊരു നേട്ടം കൈവരിച്ച കാര്യം നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാവുമോ.? ഇതിനുള്ള സാധ്യത കുറവായിരിക്കും. എന്നാൽ 2 ലക്ഷം കിലോമീറ്റർ ഓടിയ റെനോയുടെ മോഡലാണ് ഇപ്പോൾ യൂട്യുബിലെ താരം. സാധാരണക്കാർക്കായി ഫ്രഞ്ച് വാഹന നിർമാതാക്കൾ കൊണ്ടുവന്ന ട്രൈബറാണ് ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്.

ഇനി കാര്യത്തിലേക്ക് വരാം... വളരെ യുക്തിസഹമായ കാർ വാങ്ങലുകൾ നടത്തുന്നതിന് പേരുകേട്ടവരാണ് നമ്മൾ ഇന്ത്യക്കാർ. വളരെക്കാലം നിലനിൽക്കുമെന്ന് വിശ്വസിക്കുന്ന വാഹനങ്ങൾ വാങ്ങിക്കാനാണ് ആളുകൾ എപ്പോഴും ശ്രമിക്കുന്നത്. അത് സാധ്യമായ ഏറ്റവും കുറഞ്ഞ ചെലവിലാണെങ്കിൽ അത്രയും സന്തോഷം. 2 ലക്ഷം കിലോമീറ്ററിലധികം ഓടിച്ച റെനോ ട്രൈബറിന്റെ വീഡിയോ DDS എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്.
7 സീറ്റർ എംപിവി സ്വന്തമാക്കിയ വിവരം മുതൽ ഡ്രൈവ് ചെയ്യുകയും ചെയ്‌തതിന്റെ മുഴുവൻ അനുഭവത്തെക്കുറിച്ചും ട്രൈബർ ഉടമ സംസാരിക്കുന്നതാണ് വീഡിയോയുടെ കണ്ടന്റ്. അവതാരകൻ എംപിവിയെയും അതിന്റെ ഉടമയെയും പരിചയപ്പെടുത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മോഡലിന്റെ ഓഡോമീറ്ററിൽ ഇപ്പോൾ ഏകദേശം 1.08 ലക്ഷം കിലോമീറ്ററാണ് കാണിക്കുന്നത്. അതിനുള്ള മറുപടിയും ഉടമ പറയുന്നുണ്ട്.

വാസ്തവത്തിൽ കാർ ഓടിച്ചത് 2 ലക്ഷം കിലോമീറ്ററിലധികമാണ് എന്നാൽ ഡിജിറ്റൽ മീറ്റർ മാറ്റിസ്ഥാപിച്ചതിനാലാണ് കിലോമീറ്റർ 1.08 ലക്ഷത്തിൽ കാണിക്കുന്നതെന്നാണ് ഉടമ പറയുന്നത്. 2020 ഡിസംബറിൽ കാർ ബുക്ക് ചെയ്തു. മൂന്ന് വർഷം മുമ്പ് അതായത് 2021-ലാണ് തനിക്ക് എംപിവിയുടെ ഡെലിവറി കിട്ടിയതെന്നും ഉടമ പറയുന്നു. ഇതിനെത്തുടർന്ന് വാഹനത്തിൽ താൻ വരുത്തിയ മാറ്റങ്ങളെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്.
ട്രൈബർ 1,000 കിലോമീറ്റർ പിന്നിട്ടപ്പോൾ തന്റെ കാറിൽ 40,000 രൂപ വിലയുള്ള ഒരു പുതിയ ആഫ്റ്റർമാർക്കറ്റ് സിഎൻജി കിറ്റും അദ്ദേഹം ചേർക്കുകയുണ്ടായി. അടുത്തതായി ഉടമയോട് വാഹനം ദിവസനേ ഓടിക്കുന്ന ശരാശരി കിലോമീറ്ററുകളെ കുറിച്ചാണ് അവതാരകൻ അന്വേഷിക്കുന്നത്. താൻ ഗുഡ്ഗാവിൽ ജോലി ചെയ്തിരുന്ന കാലത്ത് ഡൽഹിയിൽ നിന്ന് ഗുഡ്ഗാവിലേക്കും തിരിച്ചും ദിവസേന ഡ്രൈവ് ചെയ്യേണ്ടി വന്നിരുന്നുവെന്നും, തന്റെ മൊത്തം ഓട്ടം പ്രതിദിനം 200 കിലോമീറ്ററായിരുന്നുവെന്നും ഉടമ ഉത്തരം നൽകുന്നു.

രാജസ്ഥാനിലെ ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലേക്കും ലഖ്‌നൗവിലേക്കും താൻ നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഉടമ റെനോ ട്രൈബറിലാണ് ഈ യാത്രകളെല്ലാം ചെയ്‌തിരിക്കുന്നത്. ഇത്രയും കിലോമീറ്ററുകൾ താണ്ടിയിട്ടും കാറിന്റെ ഇന്റീരിയർ മികച്ചതായി തന്നെയാണ് കാണപ്പെടുന്നത്. വാഹനത്തിന്റെ ക്ലച്ച് പ്ലേറ്റ് 1.5 ലക്ഷം കിലോമീറ്ററിൽ മാറിയെന്നും ഉടമ വ്യക്തമാക്കിയിട്ടുണ്ട്.
ഇനിയാണ് മറ്റൊരു ട്വിസ്റ്റ് വരുന്നത്. ഈ ട്രൈബറിന്റെ എഞ്ചിൻ ഒരുതവണ മാറിയിട്ടുണ്ടെന്നതാണ് അക്കാര്യം. ഏകദേശം 1.70 ലക്ഷം കിലോമീറ്റർ ആയപ്പോഴാണ് വാഹനത്തിന്റെ എഞ്ചിൻ മാറ്റേണ്ടിവന്നത്. അതിനുള്ള കാരണം പറയുന്നത് ഇങ്ങനെ; തന്റെ സുഹൃത്തിന് കാർ കടം കൊടുത്ത അവസരത്തിൽ ട്രൈബർ അപകടത്തിൽ പെടുകയായിരുന്നു. സുഹൃത്തിന്റെ രാത്രി യാത്രയിൽ വണ്ടി വലിയൊരു കുഴിയിൽ ചാടി താഴെയുള്ള പ്ലാസ്റ്റിക് ഓയിൽ പാൻ കേടുവരികയുമായിരുന്നു.

ഇത് ഓയിൽ ലീക്കിലേക്കാണ് നയിച്ചത്. അങ്ങനെ എഞ്ചിന് പണികിട്ടുകയും ചെയ്‌തു. തുടർന്ന് വാഹനം സർവീസ് സെന്ററിലെത്തിച്ചപ്പോൾ ട്രൈബറിന്റെ അറ്റകുറ്റപ്പണിക്കായി 60,000 രൂപയാണ് റെനോ ഡീലർ ആവശ്യപ്പെട്ടത്. കൂടാതെ ഇതിന് ഗ്യാരന്റി നൽകാനും ഡീലർ തയാറായില്ല. അങ്ങനെയാണ് എഞ്ചിൻ മാറ്റിസ്ഥാപിക്കുന്നതിലേക്ക് ചിന്തിച്ചത്. പലതവണ എഞ്ചിൻ മാറ്റാൻ ഡീലർഷിപ്പിനോട് അഭ്യർഥിക്കേണ്ടിവന്നുവന്നു.
നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇതിന് സമ്മതം കിട്ടുന്നതെന്നും ഉടമ വീഡോയോയിൽ വിശദീകരിച്ചു. ഇതിനായി ഇൻഷുറൻസാണ് ഉപയോഗിച്ചത്. എങ്കിലും ട്രൈബറിന്റെ എഞ്ചിൻ റീപ്ലേസ്മെന്റിന് ഉടമയുടെ സ്വന്തം പോക്കറ്റിൽ നിന്ന് 15,000 രൂപയും ചെലവാക്കേണ്ടതായി വന്നു. ഇതിനെത്തുടർന്ന് ഓഡോമീറ്റർ ഏകദേശം 1.10 ലക്ഷം കിലോമീറ്ററാണ് ഓഡോമീറ്ററിൽ കാണിക്കുന്നത്.


Click it and Unblock the Notifications