ക്രിസ്മസ് ബംബർ അടിച്ചാൽ ഒന്ന് വാങ്ങാം, ഏറ്റവും വിലക്കൂടിയ ഇലക്‌ട്രിക് കാറുമായി റോൾസ് റോയ്‌സ് വന്നു
കാർ എന്നതിന്റെ അവസാനവാക്കായി പലരും പറയുന്ന പേരാണ് റോൾസ് റോയ്‌സുകൾ. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര കാറുകൾ നിർമിക്കുന്ന ഈ കമ്പനിയുടെ പേര് നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാമെന്നതാണ് മറ്റൊരു കാര്യം. റോൾസ് റോയ്‌സ് വാഹനങ്ങളുടെ പ്രൗഢിയെ പറ്റി സംസാരിച്ചാൽ അതിന് ഒരിക്കലും അവസാനം ഉണ്ടാവുകയുമില്ല.
ഫീച്ചറുകളാൽ സമ്പന്നമായ, തലയെടുപ്പുള്ള വാഹനങ്ങളാണ് ഈ ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കൾ വിപണിയിൽ ഇറക്കിയ വാഹനങ്ങളെല്ലാം. വലിയ സെലിബ്രിറ്റകൾ മുതൽ അംബാനി വരെയുള്ളവർ പോലും ഉപയോഗിക്കുന്നത് റോൾസ് റോയ്‌സുകളാണ്. കലിനൻ, ഫാന്റം, ഗോസ്‌റ്റ് പോലുള്ള അത്യാധുനിക വാഹനങ്ങൾക്ക് പേരു കേട്ട ബ്രാൻഡ് നിരയിലേക്ക് ഇപ്പോഴിതാ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറും വന്നെത്തിയിരിക്കുകയാണ്.

ബ്രിട്ടീഷ് വാഹന നിർമാതാക്കളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡലായ സ്‌പെക്ടറിനെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് റോൾസ് റോയ്‌സ്. 7.50 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ അത്യാഡംബര കാറിനെ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. രാജ്യത്ത് സ്വന്തമാക്കാനാവുന്ന ഏറ്റവും വിലക്കൂടിയ വാഹനവുമായി ഇതിനി അറിയപ്പെടും. ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 2-ഡോർ കൂപ്പെയാണ് സ്‌പെക്ടർ.
2022-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച മോഡൽ രണ്ട് വർഷങ്ങൾക്കിപ്പുറമാണ് നമ്മുടെ രാജ്യത്തേക്ക് എത്തുന്നത്. 2030-ഓടെ ഓൾ-ഇലക്‌ട്രിക് ആകാനുള്ള വാഹന നിർമാതാക്കളുടെ യാത്രയുടെ ആദ്യപടിയാണ് റോൾസ്-റോയ്‌സ് സ്‌പെക്‌ടർ. ഒറ്റ ചാർജിൽ 530 കിലോമീറ്റർ (WLTP സൈക്കിൾ) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 102 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് കൂപ്പെ ആഡംബര കാറിന് തുടിപ്പേകുന്നത്.

577 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കുന്ന മോഡലിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. ഓരോ ആക്സിലിലും ഒന്ന് ഘടിപ്പിച്ചിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. 2,890 കിലോഗ്രാം ഭാരമുള്ള ഈ മോഡലിനെ ലൈറ്റ്‌വെയ്റ്റ് എന്ന് വിളിക്കാൻ സാധിക്കില്ല. ഭീമാകാരമായ ഭാരമാണുള്ളതെങ്കിലും സ്‌പെക്ടറിന് വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും.
195kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 34 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. പുതിയ ഫാന്റം, ഗോസ്റ്റ്, കലിനൻ മോഡലുകളുമായി പങ്കിടുന്ന ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി എന്ന് വിളിക്കപ്പെടുന്ന ബ്രാൻഡിന്റെ ഓൾ-അലൂമിനിയം സ്‌പേസ് ഫ്രെയിം പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് റോൾസ് റോയ്‌സ് സ്‌പെക്ടർ ഇവിയും പണികഴിപ്പിച്ചിരിക്കുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ തന്നെ ഇതൊരു റോൾസ് റോയ്‌സാണെന്ന് മനസിലാവും വിധമാണ് വണ്ടിയെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഫാന്റം കൂപ്പെ മോഡലിനെ ഓർമിപ്പിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾക്കൊപ്പം സ്‌പെക്‌റ്റർ അതേ 'റോൾസ്' രൂപകൽപ്പനയെ അനുകരിക്കുന്നുണ്ട്. മോഡലിന്റെ ആത്മീയ പിൻഗാമിയാണ് സ്പെക്ടർ എന്നതാണ് മറ്റൊരു വസ്‌തുത.
കാറിന് താഴെ സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകൾക്കൊപ്പം അൾട്രാ-സ്ലിം എൽഇഡി ഡിആർഎല്ലുകളും മുൻവശത്തെ അഴകിനെ എടുത്തുകാണിക്കുന്നുണ്ട്. അതേസമയം വശക്കാഴ്ച്ചയിലേക്ക് വന്നാൽ പിന്നിലേക്ക് ചെരിഞ്ഞ് ഒഴുകിയിറങ്ങുന്ന റൂഫും പ്രൊമിനന്റ് ഷോൾഡർ ലൈനുമാണ് വാഹനത്തിന്റ് ആകാരത്തെ വിളിച്ചുകാണിക്കുന്നത്. അവ യാച്ചുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതായാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ പറയുന്നത്.

വലിയ മണിമാളികകളെ പോലും തോൽപ്പിക്കുന്ന തരത്തിലുള്ള അകത്തളമാണ് റോൾസ് റോയ്‌സ് സ്‌പെക്ടർ ഇലക്ട്രിക് വാഹനത്തിൽ കാണാനാവുന്നത്. റൂഫിനൊപ്പം ഡോർ പാഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്റ്റാർലൈറ്റ് ലൈനർ യാത്രകളെ കൂടുതൽ പ്രീമിയമാക്കും. ഡാഷ്‌ബോർഡിലെ സ്‌പെക്‌റ്റർ നെയിംപ്ലേറ്റ് 5,500-ലധികം നക്ഷത്രങ്ങൾ പോലെയുള്ള ഇല്യൂമിനേഷനുകളുടെ ഒരു ക്ലസ്റ്റർ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു.
റോൾസ് റോയ്‌സ് പൂർണമായും പുതിയ സീറ്റുകൾ സംയോജിപ്പിച്ചിരിക്കുന്ന കാര്യവും എടുത്തുപറയേണ്ട ഒന്നാണ്. റിയർ യൂണിറ്റുകൾ ഇന്റീരിയർ ബോഡി പാനലുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതും മനോഹരമാണ്. കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള പുതിയ ഡിജിറ്റൽ ഇന്റർഫേസായ പുതിയ 'സ്പിരിറ്റ്' സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം പായ്ക്ക് ചെയ്യുന്ന സ്‌പെക്‌ടറിനൊപ്പം റോൾസ് റോയ്‌സ് സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഡയലുകളുടെ നിറം പോലും മാറ്റാനുള്ള കഴിവ് ഉൾപ്പെടെയുള്ള കസ്റ്റമൈസേഷൻ ഓപ്‌ഷനുകളുള്ള സ്‌പിരിറ്റ് യുഐ ബെസ്‌പോക്ക് സേവനങ്ങളും കാറിനൊപ്പം വാഗ്ദാനം ചെയ്യും. കൂടാതെ, പുതിയ സ്‌പെക്‌ടറിന് 30 ശതമാനം കടുപ്പമുള്ള ബോഡി ലഭിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. അതേസമയം മികച്ച ചലനാത്മകതയ്‌ക്കായി സജീവമായ സസ്പെൻഷനും ഫോർ-വീൽ സ്റ്റിയറിംഗും ഫീച്ചർ ചെയ്യുന്നു.


Click it and Unblock the Notifications








