ഹ്യുണ്ടായിക്ക് ഷോക്ക്, ഇലക്‌ട്രിക് വിപണി കീഴടക്കാൻ 500 കിലോമീറ്റർ റേഞ്ചുള്ള സ്കോഡ ഇവി
ഇലക്‌ട്രിക് കാർ വിപണി ഉണരുമ്പോൾ ഇന്ത്യക്കാരും ഇവികളിലേക്ക് മാറി ചിന്തിച്ചു തുടങ്ങി. ഇന്ന് പെട്രോൾ കാറുകളുടെ വിലയ്ക്ക് വൈദ്യുത കാറുകൾ ലഭിക്കാനും കൂടി തുടങ്ങിയതോടെ ട്രെൻഡിന് തുടക്കവുമായി. അധികവും ആഡംബര വാഹന വിഭാഗത്തിലാണ് ഇറങ്ങുന്നതെങ്കിലും ലൈഫ് ടൈം ഉപയോഗത്തിന് അൽപം വിലക്കൂടിയ മോഡലായാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവർക്ക് ഇവിയിലേക്ക് മാറാൻ പറ്റിയ സമയമാണിത്.
ഏതുതരം ഇലക്ട്രിക് വാഹനങ്ങളും വാങ്ങാൻ ഇന്ത്യക്കാർ ഇടിച്ചുകയറുമ്പോൾ പ്രമുഖ കമ്പനികളെല്ലാം രാജ്യത്ത് പുത്തൻ മോഡലുകൾ കൊണ്ടുവരാൻ നിർബന്ധിതരാവുകയാണ്. ഹ്യുണ്ടായിയും കിയയും പോലുള്ള വമ്പൻ ബ്രാൻഡുകൾ പടനയിക്കുന്ന പ്രീമിയം ഇവി വിബാഗത്തിലേക്ക് ദേ ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയും പയറ്റാൻ ഇറങ്ങുകയാണ്. അതും ആഗോളതലത്തിലെ സൂപ്പർസ്റ്റാർ വാഹനവുമായാണ് കമ്പനി വരാനിരിക്കുന്നത്.

ഈ വർഷം പകുതിയോടെ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് വാർത്തകൾ പ്രചരിച്ചതെല്ലാം സത്യമായി. എന്നാൽ പകുതി വരെയൊന്നും കാത്തിരിക്കേണ്ട അതിനു മുമ്പേ ആ ഇലക്ട്രിക് കാറിനെ അങ്ങ് പരിചയപ്പെടുത്തിയേക്കാമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ബ്രാൻഡ്. ഈ 2024 ഫെബ്രുവരി 27-ന് വൈദ്യുത അവതാരത്തെ കമ്പനി വിപണിയിലേക്ക് എത്തിക്കുകയാണ്. മറ്റാരുമല്ല നാമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എന്യാക് iV എന്ന മോഡലാണ് കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
തുടക്കത്തിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ് ഇറക്കുമതി യൂണിറ്റായാവും എന്യാക് വിണയിലെത്തുക. ഭാരത് ഗ്ലോബൽ മൊബിലിറ്റി എക്‌സ്‌പോയിലാണ് ഇ-എസ്‌യുവി ആദ്യമായി സ്കോഡ പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനിടയിൽ വാഹനം പലതവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിക്കുന്നത് കണ്ടിരുന്നു. 2022 മുതൽ വിദേശ രാജ്യങ്ങളിൽ എത്തിയ ഇവി അവർക്ക് സുപരിചിതനാണെങ്കിലും ഇന്ത്യയിലേക്ക് എത്താൻ ഏകദേശം 2 വർഷത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നതാ് സത്യം.
സ്കോഡയുടെ MEB പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തിയാണ് എന്യാക് പണികഴിപ്പിച്ചിരിക്കുന്നത്. അതായത് ഫോക്‌സ്‌വാഗൺ ID.4 ഇവിയുടെ പ്ലാറ്റ്ഫോം പങ്കിടുകയാണെന്ന് സാരം. പല നിർമാതാക്കളും ഇപ്പോൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം ബാറ്ററി പായ്ക്ക് ഫ്ലോർബോർഡായി പ്രവർത്തിക്കുമ്പോൾ കോണുകളിൽ വീലുകൾ സ്ഥാപിച്ച് ഇന്റീരിയർ സ്പേസ് വർധിപ്പിക്കാം എന്നതു തന്നെയാണ്.
കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) റൂട്ടിലൂടെ ഇന്ത്യയിലെത്തുന്ന വാഹനത്തിന് വില അൽപം കൂടുതലായിരിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ അല്ലേ. അതിനർഥം എന്യാക് ഇവിക്ക് ഉയർന്ന വിലയായിരിക്കും എന്നുതന്നെ. എന്നിരുന്നാലും ഡിമാന്റ് ഉണ്ടെങ്കിൽ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ അസംബ്ലി പരിഗണിക്കാമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. ആഗോളതലത്തിൽ അഞ്ച് ട്രിം ലെവലുകളിലാണ് എന്യാക് വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഇന്ത്യയിൽ വാഹനത്തിന്റെ 80 മോഡൽ എത്തുമെന്നാണ് സൂചന.
WLTP സൈക്കിൾ അവകാശപ്പെടുന്ന 500 കിലോമീറ്റർ റേഞ്ച് നൽകുന്ന 77 kWh ബാറ്ററി പായ്ക്കാണ് സ്കോഡ എന്യാക് പ്രീമിയം ഇലക്ട്രിക് എസ്‌യുവിയുടെ ഹൃദയം. പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എന്യാക് 80 പരമാവധി 200 bhp കരുത്തിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന് വെറും 8.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധിക്കും.
അതായത് പെർഫോമൻസിന്റെ കാര്യത്തിൽ ആള് പുലിയാണെന്ന് സാരം. വലിപ്പത്തിലേക്ക് നോക്കിയാൽ വരാനിരിക്കുന്ന സ്കോഡ എന്യാക് ഇവിക്ക് മൊത്തത്തിൽ 4,648 mm നീളവും 1,877 mm വീതിയും, 1,618 mm ഉയരവും 2,765 mm വീൽബേസുമാണുള്ളത്. വിശാലവും എന്നാൽ ഒതുക്കമുള്ളതുമായ രൂപം ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണെന്ന് പറയേണ്ടതില്ലല്ലോ. സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ കൊഡിയാക്കിന്റെ രൂപം അവിടിവിടെയായി കാണാനാവുമെങ്കിലും ശരിക്കും വ്യത്യസ്‌തമായാണ് ഇവി നിർമിച്ചിരിക്കുന്നത്.
ഡിസൈനിൻ്റെ കാര്യത്തിൽ ഇൽയുമിനേറ്റഡ് ഗ്രിൽ, സ്വെപ്‌റ്റ്ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, കോൺട്രാസ്റ്റ് ബ്ലാക്ക് ഇൻസെർട്ടുകൾ, എയ്‌റോ-പ്രചോദിത അലോയ് വീലുകൾ എന്നിങ്ങനെയുള്ള വ്യതിരിക്തമായ കാര്യങ്ങളെല്ലാം എന്യാക്കിൽ കോർത്തിണക്കിയിട്ടുണ്ട്. റാപ്പ്എറൗണ്ട് ടു പീസ് എൽഇഡി ടെയിൽ ലൈറ്റുകൾ, സ്‌കോഡ ലെറ്ററിംഗ്, ടെയിൽഗേറ്റിൽ ഒരു നമ്പർ പ്ലേറ്റ് റീസെസ്, ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ, സ്രാവ്-ഫിൻ ആൻ്റിന എന്നിവയും അഴക് വർധിപ്പിക്കുന്നുണ്ട്.
ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ, ഡ്യുവൽ ഓൾ-ഡിജിറ്റൽ ഡിസ്പ്ലേകൾ, മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാൽ ഇലക്ട്രിക് എസ്‌യുവി സമ്പന്നമാണെന്ന് വേണം പറയാൻ. ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഹ്യുണ്ടായി അയോണിക് 5, കിയ EV6 ഇവി പോലുള്ള വമ്പൻമാരുമായാവു എന്യാക്കിന്റെ മത്സരം.


Click it and Unblock the Notifications








