ഭീഷണി ഹ്യുണ്ടായിക്കും കിയക്കും! 500 കി.മീ. റേഞ്ചുള്ള സ്കോഡയുടെ ഇലക്‌ട്രിക് കാർ നാളെ ഇന്ത്യയിലെത്തും
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണി അതിന്റെ ഏറ്റവും മനോഹരമായ കാലത്തിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. ഇവി സെഗ്മെന്റ് ടാറ്റ മോട്ടോർസ് ഭരിക്കുമ്പോൾ പ്രീമിയം വിഭാഗത്തിൽ ഹ്യുണ്ടായിയും എംജിയും കിയയുമെല്ലാം ഇതിനോടകം സാന്നിധ്യമറിയിച്ച് കഴിഞ്ഞവരാണ്. ഇനി അടുത്തത് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ ഊഴമാണെന്ന് വേണം പറയാൻ.
അതിന്റെ ഭാഗമായി ഞെട്ടിക്കുന്നൊരു വൈദ്യുത വാഹനം സ്കോഡ നാളെ ഇന്ത്യയിൽ പുറത്തിറക്കും. പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ പോവുന്ന എന്യാക് ഇലക്ട്രിക് എസ്‌യുവിയെ ഫെബ്രുവരി 26-ന് കമ്പനി രാജ്യത്തിനായി സമർപ്പിക്കും. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന 2024 ഭാരത് ഗ്ലോബൽ മൊബിലിയിൽ ഇവിയെ ബ്രാൻഡ് പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു.

സ്കോഡയിൽ നിന്നുള്ള ഇലക്ട്രിക് എസ്‌യുവി തുടക്കത്തിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി (CBU) ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ പിന്നീട് ആവശ്യങ്ങൾക്കനുസരിച്ച് സ്കോഡ പ്രാദേശികമായി വാഹനത്തെ അസംബിൾ ചെയ്യുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എന്നാൽ ഇവിക്ക് കിട്ടുന്ന ഡിമാന്റിന് അനുസരിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് മാത്രം. സ്‌കോഡ ഓട്ടോയുടെ MEB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എന്യാക് ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.
ഔഡി Q4 ഇ-ട്രോൺ, ഫോക്‌സ്‌വാഗൺ ID.4 എന്നിവയ്ക്കും ഇതേ പ്ലാറ്റ്‌ഫോം തന്നെയാണ് അടിസ്ഥാനമായിരിക്കുന്നത്. 2022 മുതൽ വിദേശ രാജ്യങ്ങളിൽ എത്തിയ ഇവി അവർക്ക് സുപരിചിതനാണെങ്കിലും ഇന്ത്യയിലേക്ക് എത്താൻ ഏകദേശം 2 വർഷത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നതാ് സത്യം. 4,648 മില്ലീമീറ്റർ നീളവും 1,877 മില്ലീമീറ്റർ വീതിയും 1,618 മില്ലീമീറ്റർ ഉയരവും 2,765 മില്ലീമീറ്റർ വീൽബേസുമാണ് സ്കോഡ എന്യാക് ഇവിക്കുള്ളത്.

അതായത് വലിപ്പത്തിലെ ഈ സമ്പന്നത വിശാലമായ ഇന്റീരിയർ സ്പേസിലേക്കാണ് നയിച്ചിരിക്കുന്നത്. മൊത്തത്തിൽ നോക്കുമ്പോൾ ആഡംബരമായ യാത്ര തന്നെയാവും വണ്ടി സമ്മാനിക്കുകയെന്ന് വിലയിരുത്താം. പോരാത്തതിന് നിരവധി നൂതന ഫീച്ചറുകളുമായാണ് സ്‌കോഡ എന്യാക് എത്തുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ, ഇൻസ്ട്രുമെൻ്റ് കൺസോളിനുള്ള ഡിജിറ്റൽ സ്ക്രീനുകൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകളും അകമ്പടിയേകാനെത്തും.
ഡിസൈനിനെ സംബന്ധിച്ചിടത്തോളം അതും ആഡംബര ശൈലി തന്നെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഒരു ഇൽയുമിനേറ്റഡ് ഗ്രിൽ, സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, കോൺട്രാസ്റ്റ് ബ്ലാക്ക് ഇൻസെർട്ടുകൾ, എയ്‌റോ-പ്രചോദിത അലോയ് വീലുകൾ എന്നിവയ്‌ക്ക് പുറമെ ടൂ പീസ് എൽഇഡി ടെയിൽ ലൈറ്റുകൾ, സ്‌കോഡ ലെറ്ററിംഗ്, ടെയിൽഗേറ്റിൽ ഒരു നമ്പർ പ്ലേറ്റ് റീസെസ്, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, ഷാർക്ക്-ഫിൻ ആൻ്റിന പോലുള്ളവയെല്ലാം കാഴ്ച്ചയിൽ ആഡംബരത്തം തുളുമ്പുന്ന കാര്യങ്ങളാണ്.

സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ കൊഡിയാക്കിന്റെ രൂപം അവിടിവിടെയായി കാണാനാവുമെങ്കിലും ശരിക്കും വ്യത്യസ്‌തമായാണ് ഇവി നിർമിച്ചിരിക്കുന്നത്. സ്‌കോഡ എന്യാക് ഇവി ലോകമെമ്പാടുമുള്ള വിപണികളിൽ ഒന്നിലധികം വേരിയൻ്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവിയുടെ 80 എന്ന മോഡൽ അവതരിപ്പിക്കാനാണ് സാധ്യത. 282 bhp പവറിൽ പരമാവധി 310 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന റിയർ ആക്‌സിൽ സിഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് എന്യാക് വരുന്നത്.
82 kWh ബാറ്ററി പായ്ക്കാണ് എന്യാക്കിന്റെ ഹൃദയം. സ്‌കോഡ പറയുന്നതനുസരിച്ച് എന്യാക് ഇവിക്ക് 6.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്ററിലധികം റേഞ്ചാണ് ഇലക്ട്രിക് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 28 മിനിറ്റ് മതിയാകും.
സ്കോഡ എന്യാക് ഇവി എത്തുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ കിയ EV6, ഹ്യുണ്ടായി അയോണിക് 5 എന്നിവയുമായാവും മത്സരിക്കുക. സമ്പൂർണ ഇറക്കുമതിയായതിനാൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതുതരം ഇലക്ട്രിക് വാഹനങ്ങളും വാങ്ങാൻ ഇന്ത്യക്കാർ ഇടിച്ചുകയറുമ്പോൾ പ്രമുഖ കമ്പനികളെല്ലാം രാജ്യത്ത് പുത്തൻ മോഡലുകൾ കൊണ്ടുവന്ന് ഭാവി ഭദ്രമാക്കുകയാണ്.


Click it and Unblock the Notifications








