വാങ്ങിയിട്ടാൽ മുതലാണ് കേട്ടോ! 7-സീറ്റർ എസ്‌യുവിക്ക് 2.50 ലക്ഷത്തിന്റെ ഡിസ്‌കൗണ്ട് ഓഫറുമായി സ്കോഡ
ഇന്ത്യൻ വിപണിയിൽ ഒക്‌ടാവിയയിലൂടെ (Octavia) ഫാൻസുണ്ടാക്കിയെടുത്ത വാഹന നിർമാതാക്കളാണ് സ്കോഡ (Skoda). സെഡാനുകൾ ലോകം ഭരിച്ചിരുന്ന കാലത്ത് ബ്രാൻഡിനുണ്ടായിരുന്ന പവറ് ഒന്ന് വേറെ തന്നെയായിരുന്നു. ഇന്ന് ട്രെൻഡ് എസ്‌യുവികളിലേക്ക് മാറിയപ്പോഴും കാലത്തിനൊത്ത് ചുവടുമാറ്റാനും ഈ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്കായിട്ടുണ്ട്. എന്നാൽ തുടക്കകാലത്ത് ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ പലരും സ്കോഡയിൽ നിന്നും അകന്നു നിന്നിരുന്നു. പിന്നീട് ഇന്ത്യ 2.0 തന്ത്രം ആവിഷ്ക്കരിച്ചതോടെ ഇമേജ് മാറിയ കമ്പനി കുഷാഖ് (Kushaq), സ്ലാവിയ (Slavia) മോഡലുകളുടെ ജനകീയരായി മാറിയിരിക്കുകയാണ്.
സ്ലാവിയക്കും കുഷാഖിനും പുറമെ സ്കോഡ കൊഡിയാക് എന്നൊരു എസ്‌യുവി കൂടെ ഇന്ത്യയിൽ പുറത്തിറക്കുന്നുണ്ട്. വാഹനങ്ങളോട് താത്പര്യമുള്ളവർക്ക് ഇക്കാര്യം അറിയാമെങ്കിലും വാഹന മേഖലയുമായി അധികം അടുപ്പമില്ലാത്തവർക്ക് അത്ര സുപരിചിതമല്ലായിരിക്കും ഈ ഫുൾ-സൈസ് എസ്‌യുവി. ഇന്ത്യയിൽ പരിമിതമായ സംഖ്യയിൽ മാത്രം വിൽക്കുന്ന 7-സീറ്റർ മോഡൽ ശരിക്കും ടൊയോട്ട ഫോർച്യൂണറും ജീപ്പ് മെറിഡിയനും പോലുള്ള എതിരാളികളുമായാണ് മത്സരിക്കുന്നത്.

വളരെ പരിമിതമായ യൂണിറ്റുകളിൽ വിപണനത്തിന് എത്തുന്നതിനാൽ ഇന്ത്യക്കായി അനുവദിക്കുന്ന യൂണിറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നുമുണ്ട്. ഫോർച്യൂണറിന് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ഈ എസ്‌യുവിക്ക് ചെയ്യാനാവും. മാത്രമല്ല ടൊയോട്ടയുടെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയമാണെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. 7 സീറ്റർ ആയതിനാൽ തന്നെ സ്കോഡ കൊഡിയാക് ഒരു കിടിലൻ ഫാമിലി എസ്‌യുവിയാണെന്ന് പറയാതെ വയ്യ കേട്ടോ.
വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്കായി സ്കോഡ ഓട്ടോ ഇന്ത്യ കൊഡിയാക് മൂന്ന് വരി എസ്‌യുവിക്കായി ഗംഭീരമായൊരു ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ മോഡലിൻ്റെ ഏഴ് വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ആനുകൂല്യങ്ങൾക്ക് കീഴിൽ മൊത്തം 2.50 ലക്ഷം രൂപയുടെ ഓഫറാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് 7 സീറ്റർ മോഡലിനായി ഇട്ടിരിക്കുന്നത്.

ഓഫർ വന്ന സ്ഥിതിക്ക് പതിയെ വാങ്ങാമെന്ന് ഓർത്തിരിക്കേണ്ട. വളരെ ചുരുങ്ങിയ ദിവസത്തേക്ക് മാത്രമായിരിക്കും ഇത്രയും വലിയ ഡിസ്‌കൗണ്ട് കൊഡിയാക്കിന് ലഭ്യമാവുകയുള്ളൂ. അതായത് ജൂലൈ 24 വരെ മാത്രമാണ് ഈ ഓഫർ ബാധകമായിരിക്കുകയുള്ളൂവെന്നാണ് സ്കോഡ അറിയിച്ചിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച് പ്രീമിയം എസ്‌യുവിയിൽ അവതരിപ്പിച്ചിരിക്കുന്ന ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നുണ്ട്.
2.50 ലക്ഷം രൂപയും മറ്റ് ചില അധിക ആനുകൂല്യങ്ങളും കൊഡിയാക്കിന്റെ L&K വേരിയന്റിൽ മാത്രമായിരിക്കും കിട്ടുക. ഇത് 2023, 2024 മോഡൽ ഇയർ വാഹനങ്ങളിൽ ഒരുപോലെ ബാധകമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉപഭോക്താക്കൾക്ക് മൂൺ വൈറ്റ്, ലാവ ബ്ലൂ, മാജിക് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ടോടെ സ്കോഡ കൊഡിയാക് ബുക്ക് ചെയ്യാം.

2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് സ്കോഡ കൊഡിയാക്കിന് ഇന്ത്യയിൽ കിട്ടുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഇതിന് 190 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പ്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇക്കോ, നോർമൽ, സ്‌പോർട്‌സ്, സ്നോ, ഇൻഡിവിജുവൽ എന്നിങ്ങനെ അഞ്ച് ഡ്രൈവ് മോഡുകളും പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഭാഗമാണ്.
രണ്ടാം തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് കൊഡിയാകിൻ്റെ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനാണ് കമ്പനി ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നത്. ഈ കൊല്ലം തന്നെ പുത്തൻ പതിപ്പിനെ വിപണനത്തിന് എത്തിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അടുത്ത വർഷം മധ്യത്തോടെ ആയിരിക്കും സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ രണ്ടാം തലമുറയെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കംപ്ലീറ്റ്ലി നോക്ക്ഡ് ഡൌൺ (CKD) യൂണിറ്റായി കൊണ്ടുവരുന്നതിനാലാണ് ഈ താമസം.ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ MQB EVO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നതിനാൽ പുതിയ കൊഡിയാകിന് നിലവിലെ മോഡലിനേക്കാൾ കിടിലമായിരിക്കുമെന്ന് ഉറപ്പിക്കാം. ഇതിനോടകം അന്താരാഷ്ട്ര വിപണികളിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്ന എസ്‌യുവി സ്കോഡയുടെ 'മോഡേൺ സോളിഡ്' ഡിസൈൻ ഫിലോസഫിയാണ് പിന്തുടരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








