ഫോർച്യൂണറിനേക്കാൾ യാത്രാ സുഖവും ഗമയും, 7 സീറ്റർ എസ്‌യുവിക്ക് 2 ലക്ഷം രൂപ വെട്ടിക്കുറച്ച് സ്കോഡ
ഒക്‌ടാവിയയിലൂടെ ഇന്ത്യൻ മനസുകൾ കീഴടക്കിയ വാഹന നിർമാതാക്കളാണ് സ്കോഡ. പിന്നീട് റാപ്പിഡ്, ഫാബിയ, സൂപ്പർബ് പോലുള്ള മോഡലുകളും പുറത്തിറക്കി ആളുകളെ കൈയിലെടുത്തുവെങ്കിലും ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ പലരും സ്കോഡയിൽ നിന്നും അകന്നതും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഇതെല്ലാം പരിഹരിച്ച് കുഷാഖ്, സ്ലാവിയ പോലുള്ള പുതിയ മോഡലുകളിലൂടെ സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാനും സ്കോഡക്കായി.
കൂടുതൽ ജനകീയനായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ധീരമായ തീരുമാനങ്ങളെടുക്കാനും ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് സാധിക്കുന്നുണ്ട്. സ്ലാവിയക്കും കുഷാഖിനും പുറമെ സ്കോഡ കൊഡിയാക് എന്നൊരു എസ്‌യുവി കൂടെ ഇന്ത്യയിൽ പുറത്തിറക്കുന്നുണ്ട്. വണ്ടിഭാന്ത്രൻമാർക്ക് ഇക്കാര്യം അറിയാമെങ്കിലും വാഹന മേഖലയുമായി അധികം അടുപ്പമില്ലാത്തവർക്ക് അത്ര സുപരിചിതമല്ലായിരിക്കും ഈ മോഡൽ.

പരിമിതമായ സംഖ്യകളിൽ മാത്രം വിപണനം ചെയ്യുന്ന സ്കോഡ കൊഡിയാക് ശരിക്കും ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ പോലുള്ള ഫുൾ-സൈസ് എസ്‌യുവികൾ അരങ്ങുവാഴുന്ന സെഗ്മെന്റിലാണ് കൊഡിയാക് മത്സരിക്കുന്നത്. വളരെ കുറച്ച് മാത്രം എത്തുന്നതിനാൽ ആഭ്യന്തര വിപണിക്കായി അനുവദിക്കുന്ന യൂണിറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നുമുണ്ട്. ഫോർച്യൂണറിന് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ഈ എസ്‌യുവിക്ക് ചെയ്യാനാവും.
അതോടൊപ്പം തന്നെ അതിലും ഗമയോടെയും സുഖത്തോടെയുമുള്ള യാത്രകളാണ് സ്കോഡ കൊഡിയാക്കിന് വാഗ്‌ദാനം ചെയ്യാനാവുന്നതും. ഇപ്പോഴിതാ മോഡലിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ചില തയാറെടുപ്പുകളിലാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ്. ഇതിന്റെ ഭാഗമായി കൊഡിയാക് 7 സീറ്റർ എസ്‌യുവിയുടെ വേരിയന്റ് ലൈനപ്പ് പുനഃക്രമീകരിച്ചിരിക്കുകയാണ് കമ്പനി.

മുമ്പ് സ്റ്റൈൽ, സ്‌പോർട്ട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമന്റ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലഭ്യമായിരുന്ന കൊഡിയാക് ഇനി മുതൽ ടോപ്പ് എൻഡ് L&K മോഡലിൽ മാത്രമേ ലഭ്യമാവൂവെന്നാണ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം 7 സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ വിലയും പരിഷ്ക്കരിച്ചിട്ടുണ്ട്. പേടിക്കണ്ട കൂട്ടുകയല്ല കൊഡിയാക്കിന്റെ വില കുറക്കുകയാണ് ചെയ്തിരിക്കുന്നത്.
സ്‌കോഡ കൊഡിയാക് L&K മോഡലിന് മുമ്പ് 41.99 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില വന്നിരുന്നത്. എന്നാൽ എസ്‌യുവിയുടെ വില ഇപ്പോൾ 2 ലക്ഷം രൂപയോളം കമ്പനി വെട്ടിക്കുറക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഫലത്തിൽ ഇനി മുതൽ കൊഡിയാക് വാങ്ങണമെങ്കിൽ 39.99 ലക്ഷം രൂപയാണ് പോക്കറ്റിൽ നിന്നും ഇറക്കേണ്ടത്. വില പരിഷ്‌കരണവും വേരിയന്റ് നിർത്തലാക്കലിനും പുറമെ എസ്‌യുവിയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

190 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് സ്കോഡ കൊഡിയാക്കിന്റെ ഹൃദയം. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ് എസ്‌യുവി വാങ്ങാനാവുന്നത്. മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ കൊഡിയാക്കിൽ കിട്ടില്ലെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇക്കോ, നോർമൽ, സ്‌പോർട്‌സ്, സ്നോ, ഇൻഡിവിജുവൽ എന്നിങ്ങനെ അഞ്ച് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്.
ഓൾ-വീൽ ഡ്രൈവ് സംവിധാനവും സ്കോഡ കൊഡിയാക്കിൽ സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ സ്കോഡയുടെ മുൻനിര ഓഫറാണ് കൊഡിയാക് എസ്‌യുവി. കൂടാതെ രാജ്യത്ത് ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ എന്നിവയുമായി നേരിട്ട് എതിരാളികളാണ്. നിലവിൽ ആഗോളതലത്തിൽ പുതുതലമുറ ആവർത്തനത്തിലെത്തുന്ന വാഹനം അടുത്ത വർഷത്തോടെ ഇന്ത്യയിലും എത്തുമെന്നാണ് വിവരം.

പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് ഉൾപ്പെടെ രണ്ട് പെട്രോൾ, ഡീസൽ എഞ്ചിനുകളോടെയാണ് പുതുതലമുറ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏത് എഞ്ചിൻ ഓപ്ഷനോടെയാവും ഇന്ത്യയിലേക്ക് പുതിയ കൊഡിയാക് വരികയെന്ന് സ്കോഡ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്ലഗ്-ഇൻ ഹൈബ്രിഡാണ് ഏറ്റവും പ്രായോഗികമായ ഓപ്ഷൻ എങ്കിലും ഇന്ത്യയിൽ എത്തുമ്പോൾ വില കൂടുമെന്നത് പരിഗണിക്കുമ്പോൾ നിലവിലെ പെട്രോൾ എഞ്ചിൻ തന്നെ തുടർന്നും നൽകാനാണ് സാധ്യത.


Click it and Unblock the Notifications








