ഇനിയും ജാഡ കാണിച്ചാൽ ശരിയാവൂല്ല, കുഷാഖിന്റെ വില കുറയ്ക്കാൻ പുതിയ ഐഡിയ കണ്ടുപിടിച്ച് സ്കോഡ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, ഹോണ്ട, ടാറ്റ, സ്കോഡ, ഫോക്‌സ്‌വാഗൺ, ടൊയോട്ട, സിട്രൺ തുടങ്ങിയ വമ്പൻ ബ്രാൻഡുകളെല്ലാം അണിനിരക്കുന്ന അപൂർവ വിഭാഗങ്ങളിൽ ഒന്നാണിത്. ക്രെറ്റയും സെൽറ്റോസും ഗ്രാൻഡ് വിറ്റാരയുമാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതെങ്കിലും ശ്രേണിയിലെ മറ്റുള്ള മോഡലുകളും മോശമാക്കാതെ തകർക്കുന്നുണ്ട്. പക്ഷേ സേഫ്റ്റിയുടെ കാര്യം വരുമ്പോൾ ഇക്കൂട്ടത്തിലെ കൊമ്പൻ സ്കോഡ കുഷാഖാണ്. പക്ഷേ വില അൽപം കൂടുതലാണെന്ന പരാതി ഏറെനാളായി കമ്പനി കേൾക്കുന്നുണ്ട്.
പ്രത്യേകിച്ച് പവർഫുള്ളായ 1.5 ലിറ്റർ വേരിയന്റുകൾക്കാണ് ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്. ഇക്കാര്യത്തിൽ ഇനിയും ജാഡ കാണിച്ചാൽ ശരിയാവൂല്ലെന്ന് മനസിലാക്കിയ സ്കോഡ, കുഷാഖിന്റെ വില കുറയ്ക്കാൻ പുതിയ ഐഡിയ കണ്ടുപിടിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, മിഡ്-സൈസ് എസ്‌യുവിയുടെ പുതിയതും താങ്ങാനാവുന്നതുമായ വകഭേദങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

കുഷാഖിന്റെ വിൽപ്പനയുടെ 85 ശതമാനവും നിലവിൽ 1.0 ലിറ്റർ വേരിയൻ്റുകളിൽ നിന്നാണ് വരുന്നത്. ഒപ്പം കൈലാക് കൂടിയെത്തിയതോടെ ആളുകൾ ഇനി കുഞ്ഞൻ മോഡലിന് പിന്നാലെ പോവാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ മിഡ്-സൈസ് എസ്‌യുവി ആളെക്കണ്ടെത്താൻ അൽപം വിയർപ്പൊഴുക്കേണ്ടി വന്നേക്കും. അതിനാൽ കുഷാഖിൻ്റെ 1.5 ലിറ്റർ വേരിയൻ്റുകളുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി ഈ മോഡലിൻ്റെ പുതിയതും കൂടുതൽ താങ്ങാനാവുന്നതുമായ വേരിയൻ്റുകൾ ഉടൻ കമ്പനി അവതരിപ്പിക്കും.
താരതമ്യേന താങ്ങാനാവുന്ന വിലയിൽ 150 bhp കരുത്തുള്ള എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പെർഫോമൻസ് പ്രേമികൾക്ക് ഇതൊരു സന്തോഷ വാർത്തയാവും. അന്യായ പെർഫോമൻസ് തരുന്ന എസ്‌യുവിയുടെ 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ മോഡലുകളാണ് വാങ്ങാൻ ആളുകൾക്ക് താത്പര്യമെങ്കിലും വില അറിയുമ്പോൾ പലരും പിൻമാറുകയാണ് പതിവ്. പുത്തൻ ബജറ്റ് ഫ്രണ്ട്ലി വേരിയന്റുകൾ എത്തുന്നതോടെ അക്കാര്യത്തിൽ ഒരു തീരുമാനമാവും.

കൂടുതൽ താങ്ങാനാവുന്ന വിലയിൽ വരാനിരിക്കുന്ന കുഷാഖ് 1.5 ലിറ്റർ ടിഎസ്ഐ വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമായിട്ടില്ല. എന്നിരുന്നാലും വില നിയന്ത്രിക്കുന്നതിന് സ്കോഡ കുറച്ച് ഫീച്ചറുകൾ വെട്ടിനിരത്തിയേക്കാൻ സാധ്യതയുണ്ട്. എങ്കിലും പെർഫോമൻസ് വെച്ച് പിടിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ.
ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന സ്കോഡ കുഷാഖിന് 1.0 ലിറ്റർ, 3-സിലിണ്ടർ TSI പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. എസ്‌യുവിയിലെ ചെറിയ 1.0 ലിറ്റർ യൂണിറ്റ് 115 bhp പവറിൽ പരമാവധി 178 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇവ വരുന്നത്.

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുള്ള 1.5 ലിറ്റർ യൂണിറ്റാണ് മുകളിൽ പറഞ്ഞ കക്ഷി. ഇതിന് 150 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാനാവും. പവർഫുൾ എഞ്ചിൻ പെർഫോമൻസ് കാർ പ്രേമികളെ സന്തോഷിപ്പിക്കാൻ ലക്ഷ്യംവെച്ചുള്ളതാണ്. സ്‌കോഡ അടുത്ത വർഷം കുഷാഖിൻ്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പും ഇന്ത്യയിൽ അവതരിപ്പിക്കും.
ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും മുന്നിലും പിന്നിലും ചെറിയ പരിഷ്ക്കാരങ്ങൾ കമ്പനി നടപ്പിലാക്കിയേക്കാം. ഒപ്പം ഒരു കൂട്ടം പുതിയ അലോയ് വീലുകളും വാഹനത്തിൽ ഇടംപിടിച്ചേക്കും. 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, ADAS ലെവൽ 2 തുടങ്ങിയ പ്രീമിയം സവിശേഷതകളും കുഷാഖിലേക്ക് വന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇതുകൂടാതെ പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും സ്കോഡ കുഷാഖിനൊപ്പം അവതരിപ്പിക്കാൻ പോവുന്നുവെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ഐസിനിൽ നിന്നുള്ള പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നിലവിലുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷന് പകരം ഇടംപിടിക്കുമോ അതോ ഓപ്ഷണലായി വരുമോ എന്നത് ചെക്ക് ബ്രാൻഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








