മൈലേജും കൂടും പെർഫോമൻസ് മാറും; 6-സ്പീഡിന് പകരം ഇനി 8-സ്പീഡ് ഗിയർബോക്‌സുമായി സ്കോഡ കാറുകൾ
കുഷാഖിലൂടെയും (Kushaq) സ്ലാവിയയിലൂടെയും (Slavia) ഇന്ത്യൻ വിപണിയിൽ പുതിയൊരു വിപ്ലവം സൃഷ്‌ടിച്ചവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. അടുത്തിടെ കൈലാക് എന്ന കുഞ്ഞൻ കോംപാക്‌ട് എസ്‌യുവിയും പുറത്തിറക്കി വേറെ ലെവലായ കമ്പനി സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കുകയാണ്. മാരുതി ബ്രെസയേക്കാളും ടാറ്റ നെക്സോണിനേക്കാളും കുറഞ്ഞ വിലയിൽ കൈലാക് എത്തിച്ചാണ് സ്കോഡ ഞെട്ടിച്ചത്. പുതിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ വരവോടെ വലിയ മോഡലുകളുടെ വിൽപ്പന പോവുമോയെന്ന പേടിയൊന്നും യൂറോപ്യൻ ബ്രാൻഡിനില്ല കേട്ടോ. അതിനുള്ള ബാക്ക്അപ്പ് പ്ലാനും കമ്പനിയുടെ കൈയിലുണ്ട്.
കുഷാക്കും സ്ലാവിയയും ഉൾപ്പെടുന്ന ഇന്ത്യ 2.0 പ്രോജക്‌ട് മോഡൽ ലൈനപ്പിനായി സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കാൻ പോവുന്നതാണ് ഏറ്റവും പുതിയ വാർത്ത. ഐസിനിൽ നിന്നുള്ള പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നിലവിലുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷന് പകരം ഇടംപിടിക്കുമോ അതോ ഓപ്ഷണലായി വരുമോ എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇനി പകരക്കാരനായിട്ടാണ് വരുന്നതെങ്കിൽ സംഭവം കളറാവുമെന്ന് വേണം പറയാൻ. ഓട്ടോമാറ്റിക് പ്രേമികൾക്ക് എന്തായാലും ഹരമാവും ഈ പുതിയ ട്രാൻസ്മിഷൻ എന്നതിൽ സംശയമൊന്നും വേണ്ട. ഇതേ ഗിയർബോക്‌സ് 2026-ൽ ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവിയിലേക്കും വെർട്ടിസ് സെഡാനിലേക്കും വരെ എത്തുമെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ഐസിനിൽ നിന്നുള്ള പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് നിലവിലെ യൂണിറ്റിനെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമായിരിക്കും.
കൂടാതെ ആക്സിലറേഷനും ഡിസെലറേഷനും സമയത്ത് കുറച്ച് ഇന്ധനം മാത്രമേ പാഴാക്കുകയുള്ളൂ. അങ്ങനെ പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും ഉറപ്പുവരുത്തുകയും ചെയ്യും. ഇത് 2027 മുതൽ 2032 വരെ നടപ്പിലാക്കാൻ സാധ്യതയുള്ള കോർപ്പറേറ്റ് അവറേജ് ഫ്യുവൽ ഇക്കോണമി III (CAFE 3) മാനദണ്ഡങ്ങൾ പാലിച്ചുള്ളതായിരിക്കും.

എന്തായാലും കുഷാഖ്, സ്ലാവിയ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, വെർട്ടിസ് എന്നിവയുടെ മൊത്തത്തിലുള്ള ഡ്രൈവബിലിറ്റിയും ഇന്ധനക്ഷമതയും വർധിപ്പിക്കുന്നത് കമ്പനിക്കൊരു മൈലേജാവും. നിലവിൽ ഈ നാല് മോഡലുകളും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 1.0 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എഞ്ചിനുമായാണ് വരുന്നത്. നിർമാണച്ചെലവ് കുറയ്ക്കുന്നതിനായി പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സിൻ്റെ ഉത്പാദനം പ്രാദേശികവൽക്കരിക്കാനുള്ള പദ്ധതികളും സ്‌കോഡ ആവിഷ്ക്കരിച്ചിട്ടുണ്ട്.
വരുന്ന വർഷം കുഷാഖിനും സ്ലാവിയയ്ക്കും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ ലഭിക്കും. ഇതിനൊപ്പമാവും പുതിയ ഗിയർബോക്‌സും സ്കോഡ അവതരിപ്പിക്കുക. ചെറിയ ചില കോസ്മെറ്റിക് മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും അണിനിരക്കുന്ന മുഖംമിനുക്കൽ മോഡലുകളെ കിടിലമാക്കും. എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് പുത്തൻ ഗ്രിൽ, അപ്‌ഡേറ്റ് ചെയ്ത പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ചെറുതായി പരിഷ്‌കരിച്ച ബമ്പറുകൾ, പുതിയ അലോയ്‌കൾ, കൊഡിയാക്കിൽ നിന്നുള്ള കണക്റ്റഡ് ടെയിൽലാമ്പുകൾ എന്നിവയെല്ലാം ലഭിച്ചേക്കും.

എക്സ്റ്റീരിയറിന് പുറമെ ഇന്റീരിയറിലും ചില പരിഷ്ക്കാരങ്ങൾ കാണാനാവും. പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററിയും കുറച്ച് അധിക ഫീച്ചറുകളും സഹിതം സ്കോഡയുടെ രണ്ട് മോഡലുകളും വിപണിയിലെത്തും. കൂടുതൽ അടിപൊളിയാക്കാൻ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ടും (ADAS) കമ്പനി സമ്മാനിച്ചേക്കും. എന്നാൽ എഞ്ചിൻ ഓപ്ഷനിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ വരാനും സാധ്യതയുണ്ട്.
ടില സാങ്കേതിക തകരാർ മൂലം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കീഴില്‍ വരുന്ന സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ കമ്പനികളുടെ കാറുകൾ ഇക്കഴിഞ്ഞ ദിവസം കമ്പനികൾ തിരിച്ചുവിളിച്ചിരുന്നു. വാഹന നിർമാണ സമയത്തെ വെല്‍ഡിംഗ് പ്രക്രിയയില്‍ ട്രാക്ക് കണ്‍ട്രോള്‍ ആമിലെ വെല്‍ഡ് സീം നഷ്ടപ്പെട്ടിരിക്കാമെന്ന് സംശയിച്ചാണ് ഈ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത പാര്‍ട്‌സിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മുന്‍കൂര്‍ മുന്നറിയിപ്പില്ലാതെ വാഹനത്തിന്റെ നിയന്ത്രണവും സ്ഥിരതയും പെട്ടെന്ന് നഷ്ടപ്പെടും.
അങ്ങനെയുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് സ്കോഡ കുഷാഖ്, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, ഫോക്‌സ്‌വാഗണ്‍ വെർട്ടിസ് മോഡലുകൾ കമ്പനി തിരിച്ചുവിളിക്കപ്പെട്ടിരിക്കുന്നത്. ആകെ 52 വാഹനങ്ങളെ ഈ തകരാര്‍ ബാധിച്ചതായാണ് കരുതുന്നത്. ഇതില്‍ 38 ടൈഗൂണും വെര്‍ട്ടിസും കുഷാഖിന്റെയും സ്ലാവിയയുടെയും 14 യൂണിറ്റുകളുമാണ് ഉള്‍പ്പെടുന്നത്.


Click it and Unblock the Notifications








