എഥനോൾ കലർന്ന പെട്രോളിൽ ഓടാൻ കുഷാഖും സ്ലാവിയയും റെഡി, E20 സർട്ടിഫിക്കേഷൻ നേടി സ്കോഡ
ഇന്ത്യൻ വിപണിയിൽ പ്രത്യേക ഇമേജുള്ള വാഹന നിർമാതാക്കളാണ് സ്കോഡ (Skoda). പണ്ട് ഒക്‌ടാവിയ പുറത്തിറക്കി ആളുകളിലേക്ക് വേഗം അടുത്ത ബ്രാൻഡ് ഇപ്പോൾ കുഷാഖിലൂടെയും (Kushaq) സ്ലാവിയയിലൂടെയുമാണ് (Slavia) വണ്ടിഭ്രാന്തൻമാരുടെ കണ്ണിലുണ്ണിയായി മാറിയത്. പഴയ മോഡലുകളെയെല്ലാം ഒഴിവാക്കി പൂർണമായും പുതിയൊരു വാഹന നിരയുണ്ടാക്കിയെടുത്തത് ജനങ്ങളുടെ പൾസറിഞ്ഞ് തന്നെയായിരുന്നു. ഉഗ്രൻ സേഫ്റ്റിയും കിടുക്കാച്ചി പെർഫോമൻസും മോഡേൺ ഫീച്ചറുകളും കോർത്തിണക്കിയ വണ്ടികളാണ് ഇവയെന്നതിനാൽ വാങ്ങിയാൽ ആർക്കും നിരാശപ്പെടേണ്ടി വരില്ലെന്നതാണ് സത്യം. അടിക്കടി മോഡൽ നിരയിൽ നവീകരണങ്ങൾ കൊണ്ടുവരുന്ന സ്കോഡ ഇപ്പോഴിതാ പുതിയൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.
1.0 ലിറ്റർ TSI പെട്രോൾ എഞ്ചിന് ARAI എന്നറിയപ്പെടുന്ന ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കേഷൻ ലഭിച്ചതായി സ്‌കോഡ ഓട്ടോ അറിയിച്ചതാണ് സംഭവം. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മാനുവൽ ട്രാൻസ്മിഷനും സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഒരു ഔദ്യോഗിക ബോഡിയിൽ നിന്ന് എഞ്ചിനുകൾക്ക് E20 സർട്ടിഫിക്കേഷൻ ലഭിക്കുന്ന ചുരുക്കം ചില വാഹന നിർമാതാക്കളിൽ ഒരാളാണ് സ്കോഡ എന്നതും ശ്രദ്ധേയമാണ്.

1.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ സ്ലാവിയയിലും കുഷാഖിലും ഒരേ പോലെ ലഭ്യമാവുന്നവയാണ്. ഇത് 113 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ ജോടിയാക്കി വാങ്ങാനും സാധിക്കും. പുതിയ E20 നിലവാരമുള്ള എഞ്ചിൻ അടുത്തിടെ പുറത്തിറക്കിയ കുഷാഖ് ഒനിക്സ് ഓട്ടോമാറ്റിക്കിലാണ് അരങ്ങേറ്റം കുറിച്ചത്.
പൂനെയിലെ ചക്കനിൽ നിന്നുള്ള പ്രൊഡക്ഷൻ ലൈനിൽ നിന്ന് ഉടൻ തന്നെ പുതിയ നിലവാരത്തിലുള്ള 1.0 ടിഎസ്ഐ എഞ്ചിൻ സ്കോഡയുടെ വാഹനങ്ങളിലേക്കെത്തും. E20 പെട്രോൾ അടിസ്ഥാനപരമായി 20 ശതമാനം എഥനോളിൻ്റെയും 80 ശതമാനം പെട്രോളിൻ്റെയും മിശ്രിതമാണ്. 2025 മുതൽ വിപണിയിലിറക്കുന്നത് എഥനോൾ ചേർത്ത പെട്രോളിന് അനുയോജ്യമായ ഫ്ലെക്സ് എഞ്ചിൻ വാഹനങ്ങളായിരിക്കണമെന്നാണു സർക്കാർ ഉത്തരവ്.

2023 മുതൽ വിപണിയിലിറങ്ങുന്ന വാഹനങ്ങളുടെ മെറ്റീരിയലുകൾ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാൻ അനുയോജ്യമായ തരത്തിലുള്ളവയാണ്. ഇതിന് അനുസൃതമായാണ് വാഹന നിർമാതാക്കൾ ഇത്തരത്തിലുള്ള എഞ്ചിനുകൾ പുറത്തിറക്കുന്നത്. പുതിയതായി വിപണിയിലെത്തുന്ന കാറുകളുടെയും ബൈക്കുകളുടെയുമൊക്കെ ഫ്യുവൽ ലിഡിനു പുറത്തോ അകത്തോ E20 എന്ന് എഴുതിയിരിക്കുന്നതു കാണാം.
2023 മുതൽ വിപണിയിലിറങ്ങുന്ന വാഹനങ്ങളുടെ മെറ്റീരിയലുകൾ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാൻ അനുയോജ്യമായ തരത്തിലുള്ളവയാണ്. എഥനോളിന്റെ അളവ് കൂടുന്നത് പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാനും ഇന്ധന പമ്പുകൾ, ഹോസുകൾ, ഇൻജെക്ടറുകൾ എന്നിവയുടെ ആയുസ്സിനെ ബാധിക്കാൻ ഇടയാക്കുന്നത് പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന വിഷയമാണ്.

ഡ്രൈവിംഗ് ഡൈനാമിക്‌സിനും സുരക്ഷയ്ക്കും നേതൃത്വം നൽകുന്ന കാറുകൾ നിർമ്മിക്കുന്നതിനൊപ്പം കാര്യക്ഷമതയും സുസ്ഥിരതയും ഞങ്ങളുടെ ഉൽപ്പന്നത്തിൻ്റെയും ഉൽപ്പാദന രീതികളുടെയും കേന്ദ്രബിന്ദുവാണെന്ന് സർട്ടിഫിക്കേഷനെ കുറിച്ച് സംസാരിച്ച സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനീബ പറഞ്ഞു. 1.0 ലിറ്റർ TSI എഞ്ചിന് പുറമെ ബ്രാൻഡ് E20 കംപ്ലയൻസിനായി 1.5 ലിറ്റർ TSI എഞ്ചിനും പരീക്ഷിക്കുന്നുണ്ട്.
2024 നാലാംപാദത്തോടെ അതിൻ്റെ സർട്ടിഫിക്കേഷൻ നേടാനാവുമെന്നാണ് സ്കോഡ പറയുന്നത്. ഈ എഞ്ചിൻ പരമാവധി 148 bhp പവറിൽ പരമാവധി 250 Nm torque ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഈ ഓപ്ഷൻ വരുന്നത്. സ്‌കോഡ കുഷാക്ക്, സ്ലാവിയ എന്നിവയുടെ ഉയർന്ന വേരിയൻ്റുകളിലാണ് ഈ എഞ്ചിൻ ലഭ്യമാക്കിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








