സെഗ്മെന്റിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് എസ്‌യുവി, 13.49 ലക്ഷത്തിന് കുഷാഖിന്റെ പുത്തൻ മോഡൽ
ഇന്ത്യയിൽ സ്കോഡയ്ക്ക് രാശിയായ മോഡലാണ് കുഷാഖ് (Skoda Kushaq). ഹ്യുണ്ടായി ക്രെറ്റയും (Hyundai Creta) കിയ സെൽറ്റോസും (Kia Seltos) പോലുള്ള കൊറിയൻ എതിരാളികൾ അരങ്ങുവാണിരുന്ന മിഡ്-സൈസ് എസ്‌യുവി (Mid-size SUV) വിഭാഗത്തിലേക്ക് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ ചക്രവർത്തിയായാണ് കുഷാഖ് എത്തിയത്. പണ്ടൊക്കെ ഉയർന്ന മെയിന്റനെൻസ് ചിലവിന്റെ പേരിൽ ഇന്ത്യക്കാർ മാറ്റി നിർത്തിയ കമ്പനിയായിരുന്നു സ്കോഡയെങ്കിൽ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം എത്തിയതോടെ ഇതെല്ലാം പഴങ്കഥയായി. ഇന്ത്യ 2.0 പ്രൊജക്റ്റിന്റെ ഭാഗമായി എത്തിയ ആദ്യ മോഡൽ ശരിക്കും ഞെട്ടിക്കുകയായിരുന്നു.
സേഫ്റ്റി, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുവരുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ചുരുക്കം ചില വണ്ടികളിൽ ഒന്നാണിത്. നിർമാണ പരിമിതിയുള്ളതിനാൽ ക്രെറ്റ വിറ്റഴിക്കുന്ന പോലെ പതിനായിരക്കണക്കിന് വിൽപ്പനയൊന്നും നേടുന്നില്ലെങ്കിലും മോശമാക്കാതെ പിടിച്ചുനിൽക്കാൻ കുഷാഖിന് സാധിച്ചിട്ടുണ്ട്. വിപണിയിൽ എത്തിയിട്ട് മൂന്ന് വർഷത്തോളം പിന്നിടുകയാണെങ്കിലും പഴഞ്ചനായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്നു വേണം പറയാൻ.

അതിന്റെ പ്രധാന കാരണം അടിക്കടി മോഡൽ നിരയിൽ വരുത്തുന്ന പരിഷ്ക്കാരങ്ങളാണ്. പുത്തൻ വേരിയന്റുകൾ, ഓഫറുകൾ, സ്പെ്ഷ്യൽ എഡിഷൻ പോലുള്ള തന്ത്രങ്ങളാണ് അടിക്കടി കമ്പനി നടപ്പിലാക്കാറ്. ഇപ്പോഴിതാ ആഭ്യന്തര വിപണിയിൽ കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ ഒനിക്‌സ് ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ. വാഹനത്തിന്റെ ഈ പുതിയ പതിപ്പിനെ ആക്റ്റീവ്, ആംബിഷൻ വേരിയൻ്റുകളുടെ ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കുഷാക്ക് ഒനിക്‌സിൻ്റെ ഓട്ടോമാറ്റിക് മോഡലിന് 13.49 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വിലയുടെ കാര്യത്തിൽ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് എസ്‌യുവിയാണ് ഇതെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിനിൽ മാത്രമാണ് കുഷാഖ് ഒനിക്‌സ് ഓട്ടോമാറ്റിക് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്.

ചെക്ക് റിപ്പബ്ലിക്കിൻ വാഹന നിർമാതാക്കൾ കഴിഞ്ഞ വർഷം ആദ്യം കുഷാഖ് ഒനിക്‌സ് എഡിഷൻ പുറത്തിറക്കിയെങ്കിലും അത് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇതിന് ലഭിച്ച സ്വീകാര്യ കണക്കിലെടുത്താണ് ഇപ്പോൾ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂട്ടിച്ചേർത്തിരിക്കുന്നത്. ഈ 1.0 ലിറ്റർ പെട്രോൾ എഞ്ചിന് പരമാവധി 114 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.
പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ, കോർണറിംഗ് ഫോഗ് ലാമ്പുകൾ, ഡീഫോഗറുള്ള റിയർ വൈപ്പർ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെക്‌റ്റോണിക് വീൽ കവറുകൾ, ഓനിക്‌സ് ടെക്‌സ്‌റ്റൈൽ മാറ്റുകൾ, കൺട്രോൾ ടച്ച് പാനലുകളുള്ള ഓട്ടോ എസി തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞതാണ് ഓനിക്സ് എഡിഷൻ ഓട്ടോമാറ്റിക് എന്നതും ശ്രദ്ധേയമാണ്.

മുടക്കുന്ന വിലയ്ക്കുള്ള മുതലുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കോഡ കാണിച്ച മനസ് ഒന്ന് വേറെ തന്നെയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, സ്‌കോഡ ആറ് എയർബാഗുകൾ കുഷാക്കിൻ്റെ നിരയിലേക്ക് സ്റ്റാൻഡേർഡായി ചേർത്തിരുന്നു. അതിനാൽ പുത്തൻ മോഡലിലും ഇത് ബാധകമാണ്. എന്തായാലും സെഗ്മെന്റിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് എസ്‌യുവി എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സേഫ്റ്റിയിലേക്ക് വന്നാൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ലോക്ക് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ ഫീച്ചറുകളെല്ലാം സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.
സ്കോഡയുടെ 'ഇന്ത്യ 2.5' തന്ത്രത്തിന്റെ ഭാഗമായി കുഷാഖിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ഈ വർഷം അവസാനത്തോടെ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. അടിമുടി മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ രൂപത്തിനൊപ്പം അങ്ങിങ്ങായി ചില മാറ്റങ്ങളായിരിക്കും എസ്‌യുവി കൊണ്ടുവന്നേക്കുക. ലോഞ്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 2025 ജൂണിനു മുമ്പ് പുതിയ മോഡൽ ഷോറൂമുകളിൽ എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications








